Foto

ഓട്ടിസമുണ്ടായിട്ടും മകന്‍ അള്‍ത്താര ശുശ്രൂഷകന്‍: ആഹ്‌ളാദാഭിമാനത്തോടെ പ്രമുഖ ഫിലിപ്പിനോ നടി

ഓട്ടിസമുണ്ടായിട്ടും മകന്‍
അള്‍ത്താര ശുശ്രൂഷകന്‍:
ആഹ്‌ളാദാഭിമാനത്തോടെ
പ്രമുഖ ഫിലിപ്പിനോ നടി

ഫിലിപ്പിന്‍സിലെ പ്രശസ്ത ചലച്ചിത്ര, ടെലിവിഷന്‍ നടി കാന്‍ഡി പാംഗിലിനാന് ആഹ്‌ളാദവും അഭിമാനവും അടക്കാനാകുന്നില്ല: സിനിമാ രംഗത്തെ തിളക്കത്തിന്റെ പേരിലല്ല, ഓട്ടിസത്തിന്റെ അസ്വാസ്ഥ്യമുണ്ടായിട്ടും തന്റെ മകന്‍ അള്‍ത്താര ബാലനായതിനാല്‍. 'സന്തോഷവതിയും അഭിമാനിയുമായ ഒരു അമ്മ'യാണ് താനിപ്പോള്‍ എന്നറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയായിലെ അവരുടെ കുറിപ്പ് ആയിരക്കണക്കിനു പേരുടെ അഭിനന്ദനവും പ്രാര്‍ത്ഥനാശംസകളും സഹിതമാണ് വൈറലായിരിക്കുന്നത്.

പെരുമാറ്റവൈകല്യമുള്ള ക്വെന്റിനെ അള്‍ത്താര ബാലനാക്കാന്‍ ഏറെ ക്ഷമാപൂര്‍വം പരിശീലിപ്പിച്ച അത്മായ പ്രമുഖരുടെ ത്യാഗം വലുതായിരുന്നു. വിവരം മുന്‍കൂട്ടിയറിഞ്ഞ് അള്‍ത്താര ശുശ്രൂഷകന്റെ വിശുദ്ധ വസ്ത്രം വാങ്ങിത്തരാന്‍ പല ഇടവകകളില്‍ നിന്നും വിശ്വാസികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കാര്യവും നന്ദിയോടെ ഓര്‍മ്മിക്കുന്നു-പന്ത്രണ്ടുകാരനായ മകന്‍ ക്വെന്റിന്‍ വിശുദ്ധ ബലിയില്‍ പുരോഹിതനോടൊപ്പം ശുശ്രൂഷിയായി പങ്കെടുക്കുന്ന ഫോട്ടോ സഹിതം ഇന്‍സ്റ്റാഗ്രാമില്‍ കാന്‍ഡി കുറിച്ചു.

മലയാള സിനിമയില്‍ കല്‍പ്പനയ്ക്കുണ്ടായിരുന്ന സ്ഥാനമാണ് മികവോടെ ഹാസ്യ റോളുകളും കൈകാര്യം ചെയ്യുന്ന കാര്‍മെല 'കാന്‍ഡി' എസ്പിരിതു പാംഗിലാനു ഫിലിപ്പിന്‍സിലുള്ളത്. സിനി ഫിലിപ്പിനോ 2016 മേളയിലും, ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും മികച്ച നടിയായി തെരഞ്ഞടുക്കപ്പെട്ടിരുന്നു ഈ 49 കാരി.

ക്വെന്റിന്‍ ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് തങ്ങളെ ഉപേക്ഷിച്ചുപോയതിനെപ്പറ്റി സമ്മിശ്ര വികാരങ്ങളോടെ ഈയിടെ ഒരു മാധ്യമത്തോടു കാന്‍ഡി നടത്തിയ പ്രതികരണവും ഫിലിപ്പിന്‍സില്‍ വാര്‍ത്തയായിരുന്നു. അദ്ദേഹം വിട്ടുപോയതിലൂടെ ദൈവം തനിക്ക് സ്വയം നവീകരിക്കാനുള്ള വഴിയാണ് തുറന്നു തന്നതെന്നും ഓട്ടിസമുണ്ടായിട്ടും മകനെ നന്നായി വളര്‍ത്താന്‍ കഴിഞ്ഞത് അക്കാരണത്താലാകാമെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്്. പല തവണ വഞ്ചിച്ചിട്ടും അദ്ദേഹത്തോട് താന്‍ ആവര്‍ത്തിച്ചു ക്ഷമിക്കുകയായിരുന്നെന്നും കാന്‍ഡി പറഞ്ഞിരുന്നു.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply