Foto

ഒളിമ്പിക്‌സ് സ്വര്‍ണ്ണമെഡലും മാതാവിന്റെ - കാശുരൂപ- വും ചേര്‍ത്തുയര്‍ത്തി സ്തുതിച്ച് ഫിലിപ്പിനോ താരം ഡയസ്

ഒളിമ്പിക്‌സ് സ്വര്‍ണ്ണമെഡലും
മാതാവിന്റെ - കാശുരൂപ- വും
ചേര്‍ത്തുയര്‍ത്തി സ്തുതിച്ച്
ഫിലിപ്പിനോ താരം ഡയസ്

രാജ്യത്തിനു് വേണ്ടി താന്‍ നേടിക്കൊടുത്ത ആദ്യത്തെ സ്വര്‍ണ്ണ മെഡല്‍
യേശുവിലും പരിശുദ്ധ അമ്മയിലുമുള്ള വിശ്വാസത്തിന്റെ അടയാളം

ടോക്കിയോ ഒളിമ്പിക്‌സില്‍ ഫിലിപ്പിന്‍സിന് വേണ്ടി റെക്കോര്‍ഡ് സഹിതം ആദ്യമായി താന്‍ നേടിക്കൊടുത്ത സ്വര്‍ണ്ണ മെഡലിനൊപ്പം ദൈവമാതാവിന്റെ  ' കാശുരൂപം' ചേര്‍ത്തു പിടിച്ച് കൃതജ്ഞതാ വചനങ്ങള്‍ ചൊരിഞ്ഞ് വെയ്റ്റ് ലിഫ്റ്റിംഗ് താരം ഹിഡിലിന്‍ ഡയസ്. 55 കിലോ (121 പൗണ്ട്) വിഭാഗത്തില്‍ മൊത്തം 224 കിലോഗ്രാം - 493.8  പൗണ്ട് - ഉയര്‍ത്തി  ഒളിമ്പിക് റെക്കോര്‍ഡോടെയാണ് മുപ്പതുകാരിയായ ഹിഡിലിന്‍ ജേതാവായത്.

ഒന്നാം സ്ഥാനം പ്രഖ്യാപിക്കപ്പെട്ടയുടന്‍ കഴുത്തില്‍ നിന്ന് ദൈവമാതാവിന്റെ അത്ഭുത മെഡല്‍ ഉയര്‍ത്തിക്കാണിച്ച് 'കര്‍ത്താവേ, നന്ദി' എന്ന് നാല് തവണ ഹിഡിലിന്‍ അത്യുച്ചത്തില്‍ പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങള്‍ പങ്കുവച്ചത് പെട്ടെന്നു തന്നെ വൈറല്‍ ആയി. സ്വര്‍ണ്ണ മെഡല്‍ സ്വീകരിച്ച ശേഷം കഴുത്തിലെ അത്ഭുത മെഡല്‍ ചേര്‍ത്ത് പിടിച്ച് സന്തോഷാശ്രു പൊഴിക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു. 'ഒളിമ്പിക്‌സ് റെക്കോര്‍ഡില്‍ എന്റെ പേര് ചേര്‍ക്കപ്പെട്ടു. ഇത് അവിശ്വസനീയം ! ദൈവം അത്ഭുതമാണ്! ദൈവം അത്ഭുതമാണ്!'- പാതി വിതുമ്പിക്കൊണ്ട്
താരം മാധ്യമങ്ങളോട് പറഞ്ഞു.

വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഹിഡിലിന്‍  കൂടുതല്‍ വാചാലയായി:'ഇത് പരിശുദ്ധ മറിയത്തിലും യേശുക്രിസ്തുവിലും ഉള്ള എന്റെ വിശ്വാസത്തിന്റെ അടയാളമാണ്'. 'ഒരു റോള്‍ മോഡലാകാന്‍ അവസരം നല്‍കിയതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഹിഡിലിന്‍ എന്ന ഞങ്ങളുടെ മൂത്ത സഹോദരി ഒരു പോരാളിയാണ്, അവളുടെ സ്വപ്നങ്ങള്‍ക്കായി ഞങ്ങള്‍ പോരാടുന്നു എന്നു പറഞ്ഞുകൊണ്ട് കഠിനാദ്ധാനികളാകാനും കായികരംഗത്തിന്റെ മൂല്യം ഉയര്‍ത്താനും യുവാക്കളെ പ്രചോദിപ്പിക്കാനാണ് ദൈവം എന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു.' അത്ഭുത മെഡലിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമിലും ഹിഡിലിന്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. 'നന്ദി, മാലാഖമാരുടെ ലഘുലേഖകളും, ഈശോയുടെ തിരുഹൃദയവും നിങ്ങള്‍ നല്‍കിയത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അത് വായിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് എല്ലാവര്‍ക്കും നന്ദി, മത്സരത്തില്‍ എതിരാളികളെ മാത്രം നേരിട്ടാല്‍ പോര. ഒരു വൈറസുമുണ്ട്. ഞങ്ങളുടെ സുരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം'-  ഫിലിപ്പിന്‍സിലെ സ്‌പോര്‍ട്‌സ് പ്രേമികളെ അഭിസംബോധന ചെയത് ഹിഡിലിന്‍ കുറിച്ചിരുന്നു.

2016-ലെ റിയോ ഒളിമ്പിക്‌സില്‍ സ്പ്രിന്റ്് ഇനങ്ങളില്‍ റെക്കോര്‍ഡ് കുറിച്ച ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് 'പരിശുദ്ധ അമ്മയുടെ അത്ഭുതമെഡല്‍' അണിഞ്ഞ് മത്സരിച്ചതും വിജയത്തിന് ശേഷം മെഡല്‍ ചുംബിച്ചതും മാധ്യമ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ 97 വര്‍ഷങ്ങളായി ഒളിമ്പിക്‌സ് മത്സര രംഗത്തുള്ള ഫിലിപ്പിന്‍സിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്വര്‍ണ്ണ മെഡല്‍ ലഭിക്കുന്നത്. ഫിലിപ്പിന്‍സിലെ മെത്രാന്‍ സമിതിക്കു വേണ്ടി  ഡാവാവോയിലെ ആര്‍ച്ച്ബിഷപ്പ് റോമുലോ വാലസ് ഹിഡിലിനെ അഭിനന്ദിച്ചു.പരിശുദ്ധ ജനനിയോടുള്ള അവളുടെ ഭക്തിയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.ഹിഡ്ലിന്‍ ഒരു യഥാര്‍ത്ഥ വെയ്റ്റ് ലിഫ്റ്ററാണ്. രാജ്യത്തോടുള്ള സ്‌നേഹത്തില്‍ നിന്നും ആഴത്തിലുള്ള കത്തോലിക്കാ വിശ്വാസത്തില്‍ നിന്നും  അവള്‍ തന്റെ ശക്തി അധികരിപ്പിക്കുന്നു.കര്‍ത്താവ് ഹിഡിലിനെ  സ്ഥിരോത്സാഹത്തോടെ മുന്നേറാന്‍ അനുഗ്രഹിക്കട്ടെ.- ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

മിന്‍ഡാനാവോയിലെ സാംബോംഗ നഗരത്തിന് സമീപം താമസിച്ചിരുന്ന ഒരു കുടുംബത്തിലെ അദ്ധ്വാന ശീലരായ ആറ് മക്കളില്‍ അഞ്ചാമത്തെയാളാണ് ഹിഡിലിന്‍.സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പിതാവിനോടൊപ്പം പച്ചക്കറികളും മത്സ്യങ്ങളും തെരുവിലും പ്രാദേശിക മാര്‍ക്കറ്റിലും  വില്‍ക്കാന്‍ സഹായിച്ചു. സോയ സോസ് കലര്‍ത്തിയ ചോറു മാത്രം കഴിച്ചാണ് മിക്ക രാത്രികളിലും വിശപ്പടക്കിയതെന്ന് ഒളിമ്പിക്‌സ്.കോമിനോട് അവള്‍ പറഞ്ഞു. ഒരു കസിന്‍ ആയ കാറ്റലിനോ ഡയസ് ആണ് ആ കൊച്ചു പെണ്‍കുട്ടിക്ക് ഭാരോദ്വഹനം  പരിചയപ്പെടുത്തിയത്.പഴയ ടിന്‍ ക്യാനുകളും  പ്ലാസ്റ്റിക് പൈപ്പ് കഷണങ്ങളും വീട്ടിലുണ്ടാക്കിയ കോണ്‍ക്രീറ്റ് വെയ്റ്റുകളും ചേര്‍ത്ത് ഉപകരണമുണ്ടാക്കിയായിരുന്നു ആദ്യ കാലത്തെ പരിശീലനം.അവളുടെ അര്‍പ്പണബോധവും കഴിവും ശ്രദ്ധിച്ച നാട്ടുകാര്‍ തുടര്‍ന്ന് സഹായമേകി.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News