Foto

കോഴിക്കോട് രൂപത മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രം ബസിലിക്കയായി ഉയര്‍ത്തി

കോഴിക്കോട് രൂപത

മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രം
ബസിലിക്കയായി ഉയര്‍ത്തി

കോഴിക്കോട്: വടക്കന്‍ കേരളത്തിലെ പ്രഥമ ബസിലിക്കയായി കോഴിക്കോട് രൂപതയിലെ മാഹി അമ്മ ത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തിയതായി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അറിയിച്ചു. മയ്യഴി അമ്മയുടെ ദേവാലയം എന്നാണ് മാഹി സെന്റ് തെരേസാസ് തീര്‍ഥാടനകേന്ദ്രം അറിയപ്പെടുന്നത്. ശതാബ്ദി നിറവിലായ കോഴിക്കോട് രൂപതയ്ക്കു ലഭിച്ച അംഗീകാരവും, 2023 ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കുന്ന ക്രിസ്മസ് സമ്മാനവുമായി രൂപത ഇതിനെ സ്വീകരിക്കുന്നുവെന്ന് ബിഷപ് ചക്കാലക്കല്‍ പറഞ്ഞു. മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോട് രൂപതയ്ക്ക് അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക് ദൈവം കനിഞ്ഞുനല്‍കിയ സമ്മാനമാണ് ഈ ബസിലിക്ക പദവി. വടക്കന്‍ കേരളത്തില്‍ ഇതുവരേയും ഒരു ദേവാലയവും ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. മലബാറിന്റെ മണ്ണിലെ പ്രഥമ ബസിലിക്കയായി ഇനി മുതല്‍ മാഹി തീര്‍ഥാടനകേന്ദ്രം അറിയപ്പെടും. കേരളത്തിലെ പതിനൊന്നാമത്തെ ബസിലിക്കയുമാണ് മാഹി സെന്റ് തെരേസാസ് ഷ്രൈന്‍.
രാജ്യത്തെ ചരിത്രപ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഫ്രഞ്ച് ഭരണപ്രദേശമായിരുന്ന മയ്യഴിയിലെ അമ്മത്രേസ്യയുടെ ദേവാലയം. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി കേരളത്തിലെ മലബാര്‍ മേഖലയിലുള്ള മാഹിയില്‍ 1736-ല്‍ സ്ഥാപിക്കപ്പെട്ട ആരാധനാലയമാണിത്. ഇറ്റലിയില്‍ നിന്നുള്ള ഫാ. ഡോമിനിക് ഓഫ് സെന്റ് ജോണ്‍ വടകരയ്ക്കടുത്ത് കടത്തനാട് രാജാവ് ബയനോറിന്റെ കാലത്ത് 1723-ല്‍ മാഹി മിഷന്‍ ആരംഭിച്ചതായി റോമിലെ കര്‍മലീത്താ ആര്‍ക്കൈവ്സിലെ 'ദെ മിസ്സിയോനെ മാഹീനെന്‍സി മലബാറിബുസ് കൊമന്താരിയുസ്' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1736-ല്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തില്‍ ദേവാലയത്തിനു കേടുപാടു സംഭവിച്ചു. 1788-ല്‍ ആബി ദുഷേനിന്‍ ദേവാലയം പുതുക്കിപ്പണിതു. 1855-ല്‍ പണിതീര്‍ത്ത മണിമാളികയില്‍ ഫ്രഞ്ച് മറീനുകള്‍ ഒരു ക്ലോക്ക് സ്ഥാപിച്ചു. 1956-ല്‍ ദേവാലയം പുതുക്കിപ്പണിയുകയുണ്ടായി. 2010-ല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വിപുലമായ രീതിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.
ദേവായത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ആവിലായിലെ വിശുദ്ധ തെരേസയുടെ തിരുസ്വരൂപം കൊണ്ടുവന്ന പോര്‍ച്ചുഗീസ് കപ്പല്‍ മാഹി തീരത്ത് എത്തിയപ്പോള്‍ നിശ്ചലമായെന്നും അവിടെ രൂപം ഇറക്കണമെന്ന ദര്‍ശനമുണ്ടായെന്നുമാണ് പാരമ്പര്യം.
റോമന്‍സഭയുമായും പരമോന്നത കത്തോലിക്ക സഭയുടെ അധികാരിയായ പാപ്പായുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും, സജീവവും അജപാലനവുമായ ആരാധനക്രമത്തിന്റെ കേന്ദ്രവുമാണ് ബസിലിക്കകള്‍. ബസിലിക്കയായി ഉയര്‍ത്തപ്പെട്ട മാഹിയിലെ അമ്മ ത്രേസ്യായുടെ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ കഴിയുമെന്നതാണ് ബസിലിക്ക പദവി നല്‍കുന്ന മറ്റൊരു സവിശേഷത. ഉദാഹരണമായി, ബസിലിക്കയുടെ മധ്യസ്ഥയായ അമ്മ ത്രേസ്യയുടെ തിരുന്നാള്‍ ദിവസം, വിശുദ്ധരായ പത്രോസ് - പൗലോസ് അപ്പസ്‌തോലന്മാരുടെ തിരുന്നാള്‍ ദിനം, ബസിലിക്കയായി ഉയര്‍ത്തപ്പെട്ട വാര്‍ഷിക ദിനം എന്നീ ദിവസങ്ങളില്‍ ദണ്ഡവിമോചനം അനുവദിക്കും.
ആരാധനക്രമം, കൂദാശകള്‍, വലുപ്പം, പ്രശസ്തി, സൗന്ദര്യം, ദൗത്യം, ചരിത്രം, പ്രാചീനത, അന്തസ്സ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായമൂല്യം, ആരാധനാകേന്ദങ്ങള്‍ എന്നിവയും മറ്റുള്ളവയും പരിഗണിച്ച് പഠിച്ചതിനു ശേഷമാണ് കത്തോലിക്കാസഭയുടെ പരമോന്നത അധ്യക്ഷനായ പാപ്പാ ഒരു ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തുന്നത്. മയ്യഴി അമ്മയുടെ ദേവാലയം എല്ലാ മേഖലകളിലും ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയും മലബാറില്‍തന്നെ ഒരു ദീപസ്തംഭമായി നിലകൊള്ളുകയും ചെയ്യുന്നതിന്റെ പ്രകടമായ തെളിവാണ് ഈ ബസിലിക്ക പദവി പ്രഖ്യാപനത്തിലൂടെ നാം കാണുന്നത്.
ലോകത്ത് നാലു മേജര്‍ ബസിലിക്കകളാണുള്ളത്. അവയെല്ലാം റോമിലാണ്: സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ ഔട്ട്സൈഡ് ദ് വാള്‍ ബസിലിക്കകള്‍. ഈ നാലു ബസിലിക്കകളും ചരിത്രത്തിലും പ്രയോഗത്തിലും പാപ്പയുമായി പ്രത്യേകിച്ച് ബന്ധപ്പെട്ടിരിക്കുന്നു. അവ പേപ്പല്‍ ബസിലിക്കകള്‍ എന്നും അറിയപ്പെടുന്നു. മറ്റെല്ലാ ബസിലിക്കകളും മൈനര്‍ ബസിലിക്കകളെന്നാണ് അറിയപ്പെടുന്നത്. ഉദാഹരണമായി കേരളത്തിലെ അര്‍ത്തുങ്കല്‍ ബസിലിക്ക, വല്ലാര്‍പാടം ബസിലിക്ക, തൃശൂര്‍ പുത്തന്‍പള്ളി പരിശുദ്ധവ്യാകുലമാതാവിന്റെ ബസിലിക്ക, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക. കേരളത്തില്‍ തൃശൂര്‍ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തില്‍ ഒരു ദേവാലയം പോലും ബസിലിക്കയായി ഉയര്‍ത്തപ്പെട്ടിട്ടില്ല.  
ബസിലിക്കായായി ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായി മാഹി ബസിലിക്കയെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടുള്ള കൃതജ്ഞതാ ബലി ഉടനെ അര്‍പ്പിക്കപ്പെടും.
ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്നതിന്റെ മൂന്ന് അടയാളങ്ങള്‍ ഇനി മുതല്‍ മാഹി ദേവാലയത്തില്‍ പ്രതിഷ്ഠിക്കും:
1. കുട: മഞ്ഞയും ചുവപ്പും (പരമ്പരാഗത പേപ്പല്‍ നിറങ്ങള്‍) വരകളാല്‍ രൂപകല്പന ചെയ്ത പട്ടുമേലാപ്പിന്റെ കുട പാപ്പായുടെ അധികാരത്തിന്റെ പ്രതീകമാണ്. മധ്യകാലഘട്ടങ്ങളില്‍, ഈ കുട ഘോഷയാത്രകളില്‍ പരിശുദ്ധ പിതാവിന്റെ കൂടെ കൊണ്ടുപോയിരുന്നു.
2. മണികള്‍: പാപ്പായുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാന്‍ ബസിലിക്കയില്‍ ഒരു തൂണില്‍ ഘടിപ്പിച്ചിരിക്കുന്ന മണികള്‍ മധ്യകാലഘട്ടത്തിലും നവോത്ഥാന കാലത്തും പാപ്പായുടെ ഘോഷയാത്രകളില്‍ പരിശുദ്ധ പിതാവിന്റെ സാമീപ്യത്തെക്കുറിച്ച് റോമിലെ ജനങ്ങളെ അറിയിക്കാന്‍ ഉപയോഗിച്ചിരുന്നതിന്റെ അടയാളമായിരിക്കും.
3. പേപ്പല്‍ കുരിശിന്റെ താക്കോലുകള്‍: പാപ്പായുടെ പ്രതീകമാണ് ഈ താക്കോലുകള്‍. ക്രിസ്തു പത്രോസിനു നല്‍കിയ വാഗ്ദാനത്തെ ഇതു സൂചിപ്പിക്കുന്നു.
 

Comments

leave a reply

Related News