പാകിസ്ഥാനിൽ കുഷ്ഠരോഗത്തിനെതിരെ പോരാടിയ സിസ്റ്റർ റൂത്തിനെ ആസ്പദമാക്കിയുള്ള ഡോക്യുമെന്‍ററി ചിത്രത്തിന് പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പുരസ്‌കാരം. മുസ്ലീം സംവിധായകനായ ഡോ. ആതിഫ് അഷ്റഫ് ആണ് ഈ ഡോക്യുമെന്ററി ചിത്രം നിർമ്മിച്ചത്. കറാച്ചിയിലെ ഒരു കുഷ്ഠരോഗ കോളനി സന്ദർശനമാണ് അവർക്കുവേണ്ടി ജീവിതം മാറ്റിവെക്കാൻ സിസ്റ്ററിനു പ്രചോദനമായത്.
കുഷ്ഠരോഗമൂലം ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് കുടിവെളളമോ വൈദ്യസഹായമോ ഇല്ലാത്ത കറാച്ചിയിലെ കുറെയേറെ ജീവിതങ്ങൾ. ശാരീരിക വൈകല്യങ്ങൾ ഉണ്ടായിട്ടും ജീവൻ നിലനിർത്താൻ വേണ്ടി തെരുവിൽ ഭിക്ഷ യാചിക്കാൻ നിർബന്ധിതരാക്കപ്പെട്ടവർ. അവിടേക്കാണ് 1960 ൽ ‘സൊസൈറ്റി ഓഫ് ദ ഡോട്ടേഴ്സ് ഓഫ് ദ ഹാർട്ട് ഓഫ് മേരി’ സഭാംഗമായിരുന്ന ജർമൻ സ്വദേശിനി സിസ്റ്റർ റൂത്ത് കതറീന മാർത്ത ഫൗ എത്തുന്നത്. ജർമനിയിൽ നിന്ന് വരുന്ന വഴിയിലുണ്ടായ വിസപ്രശ്നങ്ങൾ ആണ് ഇന്ത്യയിൽ എത്തേണ്ട സിസ്റ്റർ റൂത്തിനെ വഴിത്തിരിപ്പിച്ചു കറാച്ചിയിൽ എത്തിച്ചത് .
ജാതിമതഭേദമന്യേ രോഗികളെ ഒരേപോലെ ശുശ്രുഷിച്ച സിസ്റ്റർ റൂത്ത്, ‘പാക്കിസ്ഥാന്റെ മദർ തെരേസ’ എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. പാകിസ്ഥാന്റെ പ്രധാന കുഷ്ഠ രോഗ ചികിത്സ കേന്ദ്രമായ ‘മേരി അഡ്‌ലെയ്ഡ് ലെപ്രസി സെന്ററിന്റെ ‘ സ്ഥാപനത്തിന് സിസ്റ്ററാണ് നേത്രത്വം വഹിച്ചത്. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം രാജ്യത്ത് കുഷ്ഠരോഗത്തെ നിയന്ത്രണ വിധേയമാക്കിയത് സിസ്റ്ററിന്റെയും സഹപ്രവർത്തകരുടെയും നേത്രത്വത്തിലുള്ള ദേശിയ കുഷ്ഠരോഗ നിർമാർജന പരിപാടിയാണ് . ഹിലാൽ-ഇ-പാകിസ്താൻ, ഹിലാൽ-ഇ-ഇംതിയാസ് തുടങ്ങിയ പാക്കിസ്ഥാന്റെ ഉയർന്ന സിവിലിയൻ ബഹുമതികൾ സിസ്റ്ററിന് ലഭിച്ചിട്ടുണ്ട് . 2017-ൽ 87-ാം വയസ്സിൽ, സിസ്റ്റർ അന്തരിച്ചു. സൈനിക സല്യൂട്ടോടെയുള്ള പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് പാക്കിസ്ഥാൻ ഭരണകൂടം സിസ്റ്ററിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്.
ദേശീയ ന്യൂനപക്ഷ വാരത്തോടനുബന്ധിച്ച് നടന്ന ഹ്രസ്വചിത്ര മത്സരത്തിൽ ആണ് ‘ഡോ. റൂത്ത് ഫൗ — ദ വുമൺ ഹൂ ഡിഫീറ്റഡ് ലെപ്രസി ഇൻ പാക്കിസ്ഥാൻ’ ,പുരസ്‌കാരം കരസ്ഥമാക്കിയത് . ക്രൈസ്തവർ രാജ്യത്തിൻറെ വളർച്ചയിൽ പങ്കുവഹിച്ച സേവനത്തിന്റെ അംഗീകാരമായാണ് പാക്കിസ്ഥാൻ സർക്കാരിന്റെ ഈ പുരസ്കാരമെന്ന് സഭാധികാരികൾ അഭിപ്രായപ്പെട്ടു.




Comments