Foto

നാം ശിലായുഗത്തിന്റെ ശീലങ്ങളിലേക്കോ ? ആൺ സിങ്കങ്ങളെ ഒരു നിമിഷം ആനന്ദിയെ ഓർമ്മിക്കൂ ...

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ സമൂഹത്തില്‍ എവിടെയെങ്കിലും മാറ്റിനിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൊതു, സ്വകാര്യ, മത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തില്‍ എവിടെയും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തണമെന്നും ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ഐ.ജെ. വോറ എന്നിവരുടെ ബഞ്ച് നിര്‍ദ്ദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, തൊഴിലിടങ്ങള്‍ തുടങ്ങിയവയില്‍ വിവേചനം നടക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒരു ഹോസ്റ്റലിലെ 68 പെണ്‍കുട്ടികളെ പരിശോധിച്ചതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടും ഹാജരാക്കി.
(മനോരമ, പേജ് 11, 10.03.2021)
ഇന്നത്തെ മഹാരാഷ്ട്രയിലെ മറാഠാ പ്രവിശ്യയിലെ സവര്‍ണ്ണ ഹൈന്ദവ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി ആനന്ദിയുടെ ജീവിതകഥ ഓര്‍ക്കുന്നത് വര്‍ത്തമാന ഇന്ത്യയില്‍ പ്രസക്തമാണെന്നു തോന്നുന്നു. മറാഠികളുടെ ഇടയില്‍ ശൈശവവിവാഹം അന്നൊരു സാധാരണ സംഭവം മാത്രമായിരുന്നു. അങ്ങനെ ആനന്ദി എന്ന ഒന്‍പത് വയസ്സുകാരി 29 വയസ്സുള്ള ഗോപന്‍ ജോഷി എന്ന ചെറുപ്പക്കാരന്റെ ഭാര്യയായി. പതിനാലാം വയസ്സില്‍ ആനന്ദി ഒരു അമ്മയായി. നാട്ടുമ്പുറത്തെ വൃദ്ധയായ വയറ്റാട്ടിയായിരുന്നു സൂതികര്‍മ്മിണി. പൊക്കിള്‍ക്കൊടി മുറിക്കല്‍ തുടങ്ങിയുള്ള ക്രിയകള്‍ പ്രാകൃതമായ രീതിയില്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് കുഞ്ഞ് വിവിധ രോഗപീഡകളാല്‍ മരിച്ചുപോയി. യഥാസമയം മതിയായ ശിശുരോഗ സംബന്ധമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു കുഞ്ഞിന്റെ മരണം. ചെറുപ്പത്തിലെ പഠിക്കുവാന്‍ സമര്‍ത്ഥയായിരുന്ന ആനന്ദിയെ ഇത് വളരെയധികം വേദനിപ്പിച്ചു. ഇനിയും ഇത്തരത്തിലുള്ള ദുര്യോഗം മറ്റു കുഞ്ഞുങ്ങള്‍ക്ക് വരരുതെന്നുള്ള നിശ്ചയത്തിനൊടുവില്‍ തുടര്‍ന്ന് പഠിക്കുവാന്‍ ആനന്ദി തീരുമാനിച്ചു. ഒരു ശിശുരോഗവിദഗ്ദ്ധയാകുവാനുള്ള തീരുമാനത്തെ തുടര്‍ന്ന് വൈദ്യശാസ്ത്രപഠനത്തിനായി അമേരിക്കയിലേക്ക് പുറപ്പെട്ടു.
കടല്‍ കടന്നു യാത്ര ചെയ്യുന്നത് ഏതോ വലിയൊരപരാധവും അതുവഴി കൊടിയ പാപവുമാണെന്നുള്ള വിശ്വാസം രൂഢമൂലമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. യാഥാസ്ഥിതിക ഹൈന്ദവ പുരോഹിതവര്‍ഗ്ഗവും, ബ്രാഹ്മണസമൂഹവും കടുത്ത എതിര്‍പ്പും  ഉപരോധവുമായ രംഗത്തു സജീവമായി. എന്നാല്‍, ഗോപാല്‍ ജോഷിയെന്ന ഉല്പതിഷ്ണുവുമായ ഭര്‍ത്താവ് ധൈര്യം നല്കി ആനന്ദിയോടൊപ്പം നിന്ന് ആജീവനെ ആ പെണ്‍കുട്ടി അമേരിക്കയില്‍ വൈദ്യപഠനം തുടര്‍ന്നു. 22-ാം വയസ്സില്‍ പഠനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ നിന്നു തിരിച്ചു വന്നു. യാത്ര കപ്പലില്‍ ആയിരുന്നു. മാസങ്ങളോളം നീണ്ടു നിന്ന കപ്പല്‍യാത്ര. കടല്‍ ചൊരുക്കും ഭക്ഷണത്തിലെ പൊരുത്തക്കേടും  ഉദരസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായി. രോഗാവസ്ഥയില്‍ മറാത്തയില്‍ കപ്പലിറങ്ങിയ ആനന്ദിക്ക് എതിരെ രോഷപ്രകടനവുമായി ബ്രാഹ്മണസമൂഹം സജീവമായി. ആനന്ദിക്ക് ഔഷധവും ശുശ്രൂഷയും നിഷേധിച്ചു ഫലം ഇന്ത്യയിലെ ആദ്യത്തെ വനിതാഡോക്ടറെന്ന അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹയായ ആ യുവതി പിന്തിരിപ്പന്മാര്‍ ജാതി മത വൈതാളികരുടെ ക്രൂരമായ തിരസ്‌കരണത്തിനും ആക്രമണത്തിനും വിധേയമായി. ഔഷധവും ചികിത്സയും നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ദാരുണമായി ഇഹലോകവാസം വെടിഞ്ഞു. ഡോ. ആനന്ദി ഗോപാല്‍ ജോഷിയുടെ മരണം മതനിഷേധിക്ക് ദൈവം നല്‍കിയ ശിക്ഷയായി 17-ാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക സമൂഹം തീര്‍പ്പുകല്പിച്ചു. മാര്‍ച്ച് 8-ാം തീയതി അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്ന വേളയില്‍ നാന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന ഈ സംഭവം ഇന്ന് ഓര്‍മ്മയില്‍ വരുവാന്‍ പാകത്തില്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ നടമാടുന്ന ചില സംഭവ വികാസങ്ങള്‍ കാരണമായി ഭവിക്കുന്നു. ഈ ഹൈടെക്ക് യുഗത്തിലും ആര്‍ത്തവത്തെ സംബന്ധിച്ചുള്ള അബദ്ധധാരണകളും അന്ധവിശ്വാസത്തിലൂന്നിയുള്ള ആചാരങ്ങളും മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതിക സമൂഹം നിലനില്ക്കുന്നതായി അനുഭവപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ടുവെന്ന് കരുതപ്പെടുന്ന മനുസ്മൃതിയിലെ വരികള്‍ വള്ളിപുള്ളി  വിസ്സര്‍ഗ്ഗം വിടാതെ പ്രാവര്‍ത്തികമാക്കുവാനുള്ള ഒരുപറ്റം മതാന്ധരുടെ സാന്നിദ്ധ്യം ഇന്ത്യന്‍ സമൂഹത്തില്‍ സജീവമാകുന്ന അവസ്ഥ ഭയമുളവാക്കുന്നു.

മാര്‍ഷല്‍ ഫ്രാങ്ക്

Foto

Comments

  • 02-04-2021 05:31 PM

leave a reply