സി.ഗ്ലാഡിസ് ഓ.എസ്.എസ്
" ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം
സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ച്ചെലവാക്കവേ ഹ്യദയത്തിലുലാവുന്നു
നിത്യനിർമ്മല പൗർണമി "
(അക്കിത്തം)
കരുണയുടെ കരസ്പർശത്തിന്, കോവിഡ് കാലത്ത് അതിജീവനത്തിന്റെ കരുത്തു പകർന്ന മലയാളത്തിന്റെ മകൾക്ക് ഇറ്റലിയുടെ ആദരം . സെന്റ് കമില്ലസ് സന്യാസിനി സമൂഹത്തിലെ അംഗവും കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയുമായ സിസ്റ്റർ തെരേസ വെട്ടത്തിന്റെ പേര് ഇറ്റലിയിലെ റോഡിനു നൽകിയാണ് ഈ ആദരം ഇറ്റലി പ്രകടിപ്പിച്ചത്. ക്രിമിയനിലെ മാലാഖ', 'വിളക്കേന്തിയ വനിത' എന്നെല്ലാം അറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിനെ പോലെ കോവിഡ് മരണഭീതിയിൽ ഇറ്റലി വിറങ്ങലിച്ചു നിന്നപ്പോൾ ആ ദുരന്തത്തിന്റെ പിന്നിലും ഉള്ളിൽ കെടാതെ നിർത്തിയ ശാന്തതയുമായി കരുത്തോടെ സ്നേഹത്തിന്റെ വെള്ള ചിറകുകൾ കൊണ്ട് ഇറ്റലിയിലെ മരണാസന്നരായ കോവിഡ് രോഗികളെ പരിചരിച്ച നിസ്വാർഥ സേവനം കണക്കിലെടുത്താണ്
കന്യാസ്ത്രീയുടെ പേര് റോഡിനു നൽകി ഇറ്റലി ആദരവു പ്രകടിപ്പിച്ചത്. സിസ്റ്ററിനോടുള്ള ആദര സൂചകമായി സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ റോഡാണ് സിസ്റ്റർ തെരേസ വെട്ടത്തിന്റെ പേരിൽ ഇനി അറിയപ്പെടുക. രണ്ടു തവണ കോവിഡ് പിടികൂടിയിട്ടും ഒരു വട്ടം മരണത്തിന്റെ വക്കോളം എത്തിയിട്ടും അതിജീവനത്തിന്റെ കരുത്തുമായി തിരികെയത്തി കോവിഡ് രോഗികൾക്കായി പ്രവർത്തിച്ച സിസ്റ്റർ കണ്ണൂർ കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയാണ്. 30 വർഷമായി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുന്ന സിസ്റ്റർ തെരേസ ഇറ്റലിയിലെ മാദ്രേ ജോസഫൈൻ വന്നിനി ആശുപത്രിയിലെ നേഴ്സാണ്. കൊട്ടിയൂരിലെ പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും മൂന്നാമത്തെ മകളാണു സിസ്റ്റർ തെരേസ. 6 സഹോദരങ്ങളുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷമാണ് സെന്റ് കമില്ലസ് സന്യാസിനീ സമൂഹത്തിൽ ചേർന്നത്.
ഇന്ത്യയിൽ കാരുണ്യത്തിന്റെ മുഖങ്ങളിൽ കരിവാരി തേക്കുന്നവർക്ക് കൂടിയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ചിറകുള്ള മാലഖമാർ കാരുണ്യ സ്പർശമായി പറക്കുന്നത് സൻമനസ്സുള്ളവർ കാണും ആദരിക്കും എന്ന ഈ വാർത്ത ചിത്രം .
സ്നേഹിക്കാൻ ഒരു ഹൃദയമല്ലാതെ മറ്റൊന്നും അവകാശപ്പെടാൻ സ്വന്തമായി ഒന്നും ഇല്ലാത്തവനാണ് സന്യാസി . ഓർമ്മിക്കപ്പെടാൻ ഒന്നും അവശേഷിക്കാത്തവൻ. ലോകം മറന്നാലും ദൈവം ആ സ്നേഹം ഓർത്തു വയ്ക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സിസ്റ്ററിന് ലഭിച്ച ഈ ആദരം .
Comments