ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ അത് സാധ്യതകളിലേക്കുള്ള വളർച്ചയാണെന്നും കുറവുകളിലേക്കുള്ള പിന്മാറ്റമല്ലായെന്നും ലിയോ പാപ്പ. ഇന്നലെ ഞായറാഴ്ച കാസ്റ്റല്‍ ഗാൻഡോൾഫോയിലുള്ള വേനൽക്കാലവസതിയില്‍ ലിബർട്ടി ചത്വരത്തിലെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇന്നും സഭ എന്നത് വിവിധ വംശങ്ങളിലും സംസ്കാരങ്ങളിലും കഴിവുകളിലും ഉത്തരവാദിത്തങ്ങളിലും ഉള്ള ആളുകളുടെ കൂട്ടായ്മയാണെന്നും എങ്കിലും എല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണെന്ന് തിരിച്ചറിയാൻ വിളിക്കപ്പെട്ടിരിക്കുകയാണെന്നും പാപ്പ പറഞ്ഞു.
അവിടുന്നാണ് ആ നിഗൂഢമായ നിധി, വിലയേറിയ മുത്ത്, ചിതറിപ്പോയവരെ ഒരുമിച്ചുകൂട്ടുന്ന വല. ആരംഭം മുതൽ, വാസ്തവത്തിൽ, യേശു തൻ്റെ ചുറ്റും ഒരുമിച്ചുകൂട്ടിയത് സാധാരണ നിലയിൽ ഒരിക്കലും ഒന്നിച്ചു വരാത്ത മനുഷ്യരെയാണ്. ദൈവം ആരെയും പക്ഷപാതപരമായി പരിഗണിക്കുന്നില്ലെന്നും, അവിടുത്തെ തിരഞ്ഞെടുപ്പ് എന്നത് പ്രത്യേകിച്ചും എളിയവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള മുൻഗണനയാണെന്നും ഇതുവഴി അവിടുന്ന് കാണിച്ചുതന്നു.
സഹോദരീ സഹോദരന്മാരേ, യുവരാജാവായ സോളമൻ പ്രാർത്ഥിച്ചതുപോലെ അതേ ദാനത്തിനായി നമുക്കും അപേക്ഷിക്കാം (1 രാജാക്കന്മാർ 3:5, 7-12). വിലയേറിയ മുത്തിനെ തിരിച്ചറിയാനും, സർവ്വസ്വവും വിൽക്കാൻ മൂല്യമുള്ള ആ നിധിയെ കണ്ടെത്താനുമുള്ള ജ്ഞാനമാണത്. ദൈവവുമായുള്ള ബന്ധമെന്ന നിധിയാണ് നമ്മെ സന്തോഷത്തിലേക്ക് നയിക്കുന്നതും അന്യോന്യമുള്ള ബന്ധങ്ങൾ ഏറ്റവും നല്ല രീതിയിൽ നയിക്കാൻ നമ്മെ സഹായിക്കുന്നതെന്നും പാപ്പ പറഞ്ഞു. പാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസ്റ്റൽ ഗാൻഡോൾഫോയില്‍ ഒരു മാസം ചെലവഴിച്ച പാപ്പ ഇന്നു വത്തിക്കാനിലേക്ക് മടങ്ങും.










Comments