വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവ മനുഷ്യനന്മയ്ക്കും സമാധാനത്തിനും വേണ്ടി ഉപയോഗിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. തന്റെ അഞ്ചാമത് അപ്പസ്തോലിക യാത്രയുടെ ഭാഗമായി, ഫ്രാൻസിലുള്ള യുനെസ്‌കോ കേന്ദ്രത്തിലെത്തി സംസാരിക്കവെ, മനുഷ്യാന്തസ്സ്, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, നിർമ്മിതബുദ്ധിയും സാങ്കേതികവിദ്യയും ഉയർത്തുന്ന വെല്ലുവിളികൾ, യുദ്ധം, പരിസ്ഥിതി സംരക്ഷണം, ദുർബലരുടെയും അവഗണിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ, മതങ്ങളുടെ സാമൂഹിക പങ്ക് തുടങ്ങിയ വിഷയങ്ങൾ പരിശുദ്ധ പിതാവ് പരാമർശിച്ചു.
ലോകത്ത് സമാധാനവും മനുഷ്യാന്തസ്സും പ്രോത്സാഹിപ്പിക്കുന്നതിലും, രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ നീതിയും മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിലും അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം യൂനോസ്‌കോയ്ക്ക് മുന്നിൽ അവതരിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഫ്രാൻസിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ അവസരത്തിൽ, യുനെസ്കോ സന്ദർശിച്ച് സംസാരിച്ച പാപ്പാ, ഒരു അന്താരാഷ്ട്ര സംഘടന എന്നതിലുപരി മനുഷ്യരാശി സ്വന്തം ചരിത്രത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കുന്ന വേദിയായി യുനെസ്കോയെ കാണണമെന്ന് അഭിപ്രായപ്പെട്ടു. 1952 മുതലുള്ള പരിശുദ്ധ സിംഹാസനത്തിന്റെ യുനെസ്കോയിലെ സാന്നിദ്ധ്യത്തിന് 2027-ൽ 75 വർഷങ്ങൾ പൂർത്തിയാകുമെന്നതും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
വിദ്യാഭ്യാസരംഗത്തെ കത്തോലിക്കാ സഭയുടെ ദീർഘകാല സേവനവും എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ്, ദരിദ്രവും വിദൂരവുമായ പ്രദേശങ്ങളിൽ വിദ്യാഭ്യാസം എത്തിക്കുന്നതിനായി നൂറ്റാണ്ടുകളായി സഭ സ്കൂളുകളും സർവകലാശാലകളും സ്ഥാപിച്ചിട്ടുണ്ടെന്നത് ഓർമ്മിപ്പിച്ചു.
അന്താരാഷ്ട്ര സ്ഥാപനങ്ങൾ കൂടുതൽ ഫലപ്രദമാകാൻ പരസ്പര വിശ്വാസവും സത്യസന്ധമായ സംവാദവും ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ, വ്യത്യാസങ്ങൾ ഭീഷണിയല്ലെന്നും സംവാദത്തിലൂടെ രാജ്യങ്ങൾക്ക് ഒരുമിച്ച് വലിയ നന്മകൾ കൈവരിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം പരസ്പര ഭയങ്ങൾ മറികടക്കാനും ശാസ്ത്രം മനുഷ്യജീവിതത്തെ സേവിക്കാനും സഹായിക്കേണ്ടവയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നാമേവരും ഒരേ മാനവികകുടുംബത്തിന്റെ ഭാഗമാണെന്ന ബോധം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത പാപ്പാ, യുവതലമുറയുടെ നീതിക്കായുള്ള ആഗ്രഹത്തിന് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയിലൂടെ രാജ്യങ്ങൾക്കിടയിലെ ധാരണയും സഹകരണവും വളർത്തി സമാധാനം കെട്ടിപ്പടുക്കുകയാണ് യുനെസ്കോയുടെ പ്രധാന ദൗത്യമെന്ന് ലിയോ പതിനാലാമൻ പാപ്പാ ഓർമ്മിപ്പിച്ചു.










Comments