ലോക സൈക്ലിങ് രംഗത്തെ പ്രമുഖ താരങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പ നവംബർ 23 തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കുമെന്ന് സാംസ്കാരിക വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയും, അന്താരാഷ്ട്ര സൈക്ലിങ് സംഘടനയായ യു.സി.ഐയും (UCI) നവംബർ 19 വ്യാഴാഴ്ച സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. വത്തിക്കാൻ അത്ലറ്റിക് പ്രസ്ഥാനവും യു.സി.ഐയിൽ അംഗമാണ്.
പുരുഷ-വനിതാ സൈക്ലിങ് രംഗങ്ങളിലെയും പാരാലിമ്പിക് സൈക്ലിങ് വിഭാഗത്തിലെയും ഇതിഹാസ താരങ്ങളും നിലവിലെ പ്രമുഖ കായികതാരങ്ങളും ഉൾപ്പെടെ നൂറോളം പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വിവിധ സൈക്ലിങ് സംഘടനകളുടെ ഭാരവാഹികൾ, പുരുഷ-വനിതാ വിഭാഗങ്ങളിലെ മൂന്ന് പ്രമുഖ സൈക്ലിങ് പര്യടനങ്ങളായ ടൂർ ദ് ഫ്രാൻസ് (Tour de France), ജീറോ ദിത്താലിയ (Giro d’Italia), വൊയെൽത്ത എ എസ്പാഞ്ഞ (Vuelta a España) എന്നിവയുടെ സംഘാടകരും, അഞ്ച് ഭൂഖണ്ഡങ്ങളിലായി നടക്കുന്ന വിവിധ സൈക്ലിങ് മത്സരങ്ങളുടെ സംഘാടകരും ചടങ്ങിൽ സന്നിഹിതരാകും.
സൈക്ലിങ്ങിലൂടെ സമാധാനവും ജനങ്ങൾക്കിടയിലെ സാംസ്കാരിക സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താൻ പാപ്പായുമായുള്ള കൂടിക്കാഴ്ച സഹായിക്കുമെന്ന് യു.സി.ഐ പ്രസിഡന്റ് ഡേവിഡ് ലപ്പാർട്ടിയൻ (David Lappartient) പറഞ്ഞു. ഇടവകകൾ സംഘടിപ്പിച്ച മത്സരങ്ങൾ മുതൽ സുവിശേഷ മൂല്യങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സൈക്ലിങ് സംഘങ്ങൾ വരെ സഭയും സൈക്ലിങ് ലോകവും തമ്മിൽ ദീർഘകാല ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025-ലെ ജൂബിലി വർഷത്തിൽ ഇറ്റലി ചുറ്റിയുള്ള സൈക്ലിങ് പര്യടനം വത്തിക്കാനിലൂടെ കടന്നുപോയതും ഈ ബന്ധത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
സൈക്ലിങ് ഇന്നത്തെ സമൂഹത്തിലെ ഒരു സാംസ്കാരിക അനുഭവവും മനുഷ്യരാശിയുടെ സേവനത്തിനുള്ള മൂല്യങ്ങൾ പഠിപ്പിക്കുന്ന പാഠശാലയുമാണെന്ന് സാംസ്കാരിക വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അദ്ധ്യക്ഷൻ കർദിനാൾ ഹൊസെ തൊളെന്തീനോ ദേ മെന്തോൻസ (José Tolentino de Mendonça) പറഞ്ഞു. കായികരംഗത്തെക്കുറിച്ച് പാപ്പാ ഫെബ്രുവരി ആറിന് പുറത്തിറക്കിയ "സമൃദ്ധമായ ജീവിതം" (La vita in abbondanza) എന്ന സന്ദേശത്തിന്റെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്കുശേഷം, റോം രൂപതയുടെ കാരിത്താസ് വിഭാഗത്തിന്റെ സംരക്ഷണത്തിലുള്ള യുവജനങ്ങൾക്ക് അത്ലറ്റിക്ക വത്തിക്കാന സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പദ്ധതിയുടെ ഭാഗമായി സൈക്കിളുകൾ സമ്മാനിക്കും.










Comments