വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ഉദ്ബോധനങ്ങളെ അധികരിച്ച്, "ഗാർഹികസഭയെന്ന" നിലയിൽ കുടുംബത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ. 1980-ലെ സിനഡിന് ശേഷം, 1981 നവംബർ 22-ന് വിശുദ്ധൻ നൽകിയ "ഫമിലിയാരിസ് കൊൺസോർസിയോ" (Familiaris consortio) എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിന്റെ നാല്പത്തിയഞ്ചാം വാർഷികത്തിലാണ്, "ജീവന്റെ പുണ്യഭൂമിയായ" കുടുംബത്തിന് സഭയിലുള്ള പ്രാധാന്യം എടുത്തുകാണിക്കാൻ പാപ്പാ ആഹ്വാനം ചെയ്തത്.
ആധുനിക ലോകത്തിൽ ക്രൈസ്തവ കുടുംബങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന "ഫമിലിയാരിസ് കൊൺസോർസിയോ", വ്യക്തികളുടെ കൂട്ടായ്മ രൂപപ്പെടുത്തൽ, ദാമ്പത്യ സ്നേഹം, വിവാഹത്തിന്റെ അവിഭാജ്യത, സ്ത്രീപുരുഷന്മാരുടെ തുല്യ അന്തസ്സ് എന്നിവയിൽ അധിഷ്ഠിതമായ ജീവിതം നയിക്കുക, ജീവനെ ശുശ്രൂഷിക്കുക, ഉത്തരവാദിത്തമുള്ള മാതാപിതാക്കളാവുക, മക്കളെ സ്വീകരിക്കുകയും അവരെ നല്ല രീതിയിൽ വളർത്തുകയും വിദ്യാഭ്യാസം നൽകുകയും ചെയ്യുക, സമൂഹത്തിന്റെ വികസനത്തിൽ പങ്കാളികളാവുക, ഐക്യദാർഢ്യം, നീതി, സാമൂഹിക പ്രതിബദ്ധത എന്നിവ പ്രോത്സാഹിപ്പിക്കുക, സഭയുടെ ജീവിതത്തിലും ദൗത്യത്തിലും പങ്കുചേരുക, കുടുംബത്തിൽ വിശ്വാസം ജീവിക്കുകയും സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുക തുടങ്ങിയ ഉദ്ബോധനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.
2014-ലും 2015-ലും കുടുംബങ്ങളെക്കുറിച്ച് നടന്ന മെത്രാന്മാരുടെ സിനഡുകളുടെ (Synod on the Family) പശ്ചാത്തലത്തിൽ, 2016 മാർച്ച് 19-ന് ഫ്രാൻസിസ് പാപ്പാ ഒപ്പുവെച്ച് ഏപ്രിൽ 8-ന് പ്രസിദ്ധീകരിച്ച "അമോറിസ് ലെത്തീത്സ്യ" (Amoris Laetitia) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ അഭിസംബോധന ചെയ്യുന്ന വെല്ലുവിളികളെ, ഫമിലിയാരിസ് കൊൺസോർസിയോയുടെ വെളിച്ചത്തിൽ വായിച്ചുകൊണ്ട്, യുവജനങ്ങൾക്ക് വിവാഹത്തിനായുള്ള ഒരുക്കത്തിൽ മാർഗ്ഗനിർദ്ദേശം നൽകാനുള്ള പ്രവർത്തനങ്ങൾക്ക് അജപാലനശുശ്രൂഷയിൽ മുഖ്യസ്ഥാനം നൽകാനും പാപ്പാ ആഹ്വാനം ചെയ്തു.
"ഫമിലിയാരിസ് കൊൺസോർസിയോ"യുടെ തുടർച്ചയെന്നോണം, ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയ "അമോറിസ് ലെത്തീത്സ്യ" ഒൻപത് അധ്യായങ്ങളിലായി കുടുംബജീവിതത്തിന്റെ സന്തോഷങ്ങളും വെല്ലുവിളികളുമാണ് പരിശോധിക്കുന്നത്. കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ബൈബിൾ കാഴ്ചപ്പാടുകൾ, ആധുനിക ലോകത്തിൽ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പ്രതിസന്ധികൾ, ദാമ്പത്യ സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ, ഗർഭധാരണം, മാതൃത്വം, പിതൃത്വം, കുട്ടികളെ സ്വീകരിക്കൽ തുടങ്ങിയവയുടെ പ്രാധാന്യം, കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ഉത്തരവാദിത്തബോധവും വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക്, പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരെ ചേർത്തുപിടിക്കൽ തുടങ്ങി വിവിധ വിഷയങ്ങളാണ് ഈ രേഖ കൈകാര്യം ചെയുന്നത്.
പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം, വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിൽ, പോളണ്ടുകാരായ ആളുകളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പാപ്പാ ഈ സുപ്രധാന രേഖകൾ പരാമർശിച്ചുകൊണ്ട് സംസാരിച്ചത്.










Comments