Foto

മെത്രാന്മാരിൽ ദൈവജനത്തിനു തങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു പിതാവിനെ കാണുവാൻ സാധിക്കണം: പാപ്പാ

സഹോദരങ്ങൾക്കിടയിലുള്ള സംഭാഷണം പങ്കുവയ്ക്കുവാനുള്ള അവസരത്തിനും, രോഗാവസ്ഥയിൽ നിന്നും തിരികെ വരുവാൻ തനിക്കുവേണ്ടി ഉയർത്തിയ പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, ലിമയിലെ മെത്രാൻ ഭവനത്തിലെ ചാപ്പലിൽ വച്ച്, മെത്രാന്മാരുമായി നടത്തിയ  കൂടിക്കാഴ്ച്ചാവേളയിൽ നൽകിയ സന്ദേശം ആരംഭിച്ചത്. പെറു രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വിവരിച്ചുകൊണ്ട്, നിസ്സംഗതയുടെ പർവതങ്ങൾ, വ്യക്തിത്വത്തിന്റെ മരുഭൂമികൾ, മനുഷ്യരെ വേർതിരിക്കുന്ന ദൂരങ്ങൾ എന്നിവ മുറിച്ചുകടക്കുന്ന ഒരു യാത്രയാണ്, മെത്രാൻ ശുശ്രൂഷയുടെ പ്രത്യേകതയെന്ന് പാപ്പാ എടുത്തുപറഞ്ഞു.  കൂട്ടായ്മയുടെയും പ്രത്യാശയുടെയും പാതയാണ് സഭ എന്നതും പാപ്പാ കൂട്ടിച്ചേർത്തു.

വിശ്വാസികളായ ജനതയോടൊപ്പം നടക്കുന്നതിനും ദൈവത്തിനും ജനങ്ങൾക്കും അവരുടെ മുൻഗണനകൾ വിവേചിച്ചറിയാൻ അനുവദിക്കുന്നതിനും ദൈവത്തിലേക്കുള്ള വഴി അറിയുക എന്നതാണ്, ഹൃദയം തുറക്കുക എന്ന തന്റെ യാത്രയുടെ ആപ്ത വാക്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന മെത്രാന്മാർക്കായുള്ള സന്ദേശമെന്നും, ഇത് ഏവരെയും പരിവർത്തനത്തിലേക്കും കൂട്ടായ്മയിലേക്കും ദൗത്യത്തിലേക്കും നയിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. ദൈവവചനത്തിന്റെ നിധി കാത്തുസൂക്ഷിക്കുകയും ക്രിസ്തീയ ജീവിതം നിലനിർത്തുന്നതിന് അനിവാര്യമായ കൂദാശകൾ പരികർമ്മം ചെയ്യുകയും ചെയ്യുന്ന സന്ദേശവാഹകനാണ് മെത്രാൻ എന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു.

വീട് സന്ദർശനം നടത്തിയും, രോഗികളെ സന്ദർശിച്ചും, ചെറുപ്പക്കാരെ കണ്ടുമുട്ടിയും, പാർശ്വവത്ക്കരിക്കപ്പെട്ടവരെ ശ്രവിച്ചും രൂപതയെ കൂടുതൽ അറിയുക എന്നതാണ് മെത്രാന്റെ കടമയെന്നും പാപ്പാ അടിവരയിട്ടു. ക്രിസ്തീയ രൂപീകരണം ഉറപ്പുവരുത്തുന്നതിനും, തദ്ദേശീയരുടെ ഭാഷകളിൽ  സുവിശേഷം പ്രഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും അവരോടൊപ്പം ആയിരിക്കേണ്ടത് മെത്രാന്റെ ഉത്തരവാദിത്വം ആണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

വേദനാജനകമായ അജപാലന ബുദ്ധിമുട്ടുകൾ, സാമൂഹിക വിഭജനങ്ങൾ, തെറ്റിദ്ധാരണകൾ, തീരുമാനങ്ങൾ എന്നിവ അഭുമുഖീകരിക്കേണ്ടതായി വരുമ്പോഴും, അജപാലന ദൗത്യം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിലല്ല, മറിച്ച് ക്രിസ്തുവിനോട് വിശ്വസ്തത പുലർത്തുന്നതിലും ആളുകൾക്ക് സാധ്യമായ ഏറ്റവും വലിയ നന്മ തേടുന്നതിലുമാണെന്നു വിശുദ്ധ തോറിബിയോ മൊഗ്രോവേഹോയുടെ വാക്കുകൾ എടുത്തുപറഞ്ഞുകൊണ്ട് പാപ്പാ അടിവരയിട്ടു.

യേശുവിന്റെ കുരിശ് മെത്രാൻ  ശുശ്രൂഷയുടെ സവിശേഷതയാണെന്നും: യേശുക്രിസ്തുവിന്റെ സമർപ്പണവുമായി ഐക്യപ്പെടുമ്പോൾ സ്നേഹത്താൽ നാം നൽകുന്ന ഒരു ശ്രമവും ഉപയോഗശൂന്യമല്ലെന്ന് അതേ കുരിശ് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇപ്രകാരം ഒരുമിച്ച് നടക്കുന്നതും, കൂട്ടായ്മയിൽ വളരുന്നതും, ക്രിസ്തുവിന്റെ വഴിയിൽ ചരിക്കുന്നതിനു ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഏത് പാതകളാണ് യഥാർത്ഥത്തിൽ ക്രിസ്തുവിലേക്ക് നയിക്കുന്നതെന്ന് നാം സ്വയം ചോദിക്കുകയും വ്യാജങ്ങളെ അപലപിക്കുകയും  ചെയ്യണമെന്ന് പാപ്പാ എടുത്തു പറഞ്ഞു. മൂന്നു ആഹ്വാനങ്ങളോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്. അജഗണങ്ങളോടൊപ്പം ഒന്നിച്ച് യാത്ര ചെയ്യുക, മെത്രാൻ കൂട്ടായ്മയിൽ ഒരുമിച്ചു നടക്കുക, ഹൃദയങ്ങൾ അപരനിലേക്ക് തുറക്കുക എന്നിവയാണ്  ഈ മൂന്നു ആഹ്വാനങ്ങൾ. ഏവർകും തങ്ങളുടെ മെത്രാനിൽ ഒരു പിതാവിന്റെ ഹൃദയം കാണുവാൻ ഇടയാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

Comments

leave a reply

Related News