Foto

വിശുദ്ധരുടെ മാതൃകയിൽ വിശുദ്ധിയിലേക്ക് മുന്നേറാനും സുവിശേഷസാക്ഷ്യം നൽകാനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

ക്രിസ്തുവിന്റെയും വിശുദ്ധരുടെയും ജീവിതമാതൃകയിൽ ജീവിതം സമർപ്പിക്കാനും, വിശുദ്ധിയിൽ ജീവിക്കാനും, സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും ആഹ്വാനം നൽകിക്കൊണ്ടാണ്, തെക്കേ അമേരിക്കയിൽ തുടരുന്ന തന്റെ അപ്പസ്തോലികയാത്രയുടെ രണ്ടാം പാദമായ അർജന്റീനയിലെ കോർദൊബയിലുള്ള വ്യോമയാന സ്‌കൂളിന്റെ മൈതാനത്ത് ആറര ലക്ഷത്തോളം വരുന്ന വിശ്വാസികൾക്കൊപ്പം അർപ്പിച്ച ദിവ്യബലിയിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകിയത്.

അർജന്റീനയിലെ സഭയ്ക്ക് വിശുദ്ധരായ വ്യക്തിത്വങ്ങളുള്ള വലിയൊരു പാരമ്പര്യമാണുള്ളതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ജപമാലയുടെ വിശുദ്ധ ഹൊസേ ഗബ്രിയേൽ ബ്രോച്ചേറോ, മാമാ അന്തൂല തുടങ്ങിയവരുടെ ജീവിതമാതൃകകൾ പ്രത്യേകം പരാമർശിച്ചു. പ്രാർത്ഥനയിലും യേശുവുമായുള്ള ആത്മബന്ധത്തിലും ശക്തി കണ്ടെത്തിയ ബ്രോച്ചേറോ, കുരിശുരൂപവും ജപമാലയും കൈമുതലാക്കി സുവിശേഷം പ്രചരിപ്പിച്ചവെന്നും, ധ്യാനജീവിതത്തോടൊപ്പം മറ്റുള്ളവരെ ദൈവത്തോടടുപ്പിക്കാൻ മാമാ അന്തൂല പരിശ്രമിച്ചിരുന്നുവെന്നും വിശദീകരിച്ച പാപ്പാ, ദൈവത്തെ അറിയാത്തവരിലേക്ക് സുവിശേഷത്തിന്റെ സദ്‌വാർത്ത എത്തിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ദൗത്യവും ലക്ഷ്യവുമെന്ന് വ്യക്തമാക്കി.

വിശ്വാസത്തിനുവേണ്ടി ജീവൻ സമർപ്പിച്ച രക്തസാക്ഷികൾ, സഭയെ നയിച്ച ആത്മീയ നേതാക്കൾ, സന്ന്യാസസമൂഹങ്ങളുടെ സ്ഥാപകർ, രോഗികളുടെയും കുട്ടികളുടെയും പരിചരണത്തിനായി ജീവിതം സമർപ്പിച്ച സമർപ്പിതർ, സാധാരണ ജീവിതത്തിൽ ക്രൈസ്തവസാക്ഷ്യം നൽകിയ അല്മായർ എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങളുടെ ചരിത്രം സഭയിലുണ്ടെന്ന കാര്യവും പാപ്പാ പ്രത്യേകം ഓർമ്മിപ്പിച്ചു.

സഭയിൽ ജീവിച്ചിരുന്ന വിശുദ്ധർ അവരുടെ ദൗത്യം പൂർത്തിയാക്കിയെന്ന് പ്രസ്താവിച്ച പാപ്പാ, അവരുടെ മാതൃക പിന്തുടരേണ്ട ഉത്തരവാദിത്വം ഇന്നത്തെ വിശ്വാസികൾക്കുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും സമൂഹത്തിലും സ്നേഹവും പ്രാർത്ഥനയും സേവനവും വഴി ക്രിസ്തീയവിശ്വാസം പ്രകടമാക്കണമെന്നും, വാക്കുകളേക്കാൾ ഉപരി സ്വന്തം ജീവിതമാതൃകയിലൂടെയാണ് ക്രിസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ക്രിസ്തുവിന്റെ കുരിശിലാണ് മനുഷ്യന്റെ രക്ഷയും വിശുദ്ധിയിലേക്കുള്ള വഴിയുമെന്നും പ്രസ്താവിച്ച പരിശുദ്ധ പിതാവ്, ദൈവകൃപയിൽ ആശ്രയിച്ച് വിശുദ്ധിയിലേക്ക് മുന്നേറാനും "നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണെന്ന്" യേശുവിനെക്കുറിച്ച് സാക്ഷ്യം നൽകാൻ നമുക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ്, തന്റെ സന്ദേശം ഉപസംഹരിച്ചത്. 

Comments

leave a reply

Related News