ബ്രദർ തോമസ് പോൾ
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം
ആമുഖം - 2
നിത്യജീവൻ എന്നാൽ എന്താകുന്നു എന്നത് പലപ്പോഴും വളരെയധികം വിദ്യാഭ്യാസം ഒക്കെയുള്ള നാം ഒരുപക്ഷേ വേദപാഠ ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ട്. ഉത്തരം പറയാൻ വേണ്ടി കാണാപ്പാഠം പഠിച്ചിരിക്കാം. എന്നാൽ അതു പോരാ. പക്വതയോടു കൂടിയുള്ള മനസ്സിലാക്കൽ ഇനിയുണ്ടാകണം. അതിനാണ് അഡൽട്ട് ക്യാറ്റിക്കിസം എന്ന് പറയുന്നത്. ഞാൻ ഇത് ആദ്യം വായിക്കാനും പഠിക്കാനും തുടങ്ങിയപ്പോൾ എനിക്ക് ഒരു വലിയ നിധി കിട്ടിയ സന്തോഷമായിരുന്നു. എനിക്ക് ആദ്യം ഈ പുസ്തകം കിട്ടുന്നത് ഇൻഡോറിൽ വച്ചാണ്. ഞാൻ പലയിടത്തുനിന്നുമായി മതബോധനഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ കോപ്പി ചെയ്തത് എഴുതിവച്ചിട്ടുണ്ട്. ഞാൻ അവിടുത്തെ സെക്രട്ടറി അച്ചനോട് ചോദിച്ചു ഇവിടെ വേറെ കോപ്പി ഉണ്ടെങ്കിൽ ഒരെണ്ണം തരാമോ എന്ന്. അച്ചൻ പറഞ്ഞു: ബ്രദർ എന്റെ കൈയിൽ ഒരു പേർസണൽ കോപ്പി ഉണ്ട്. അത് എനിക്ക് റോമിൽ വച്ച് മദർതെരേസയുടെ ചില സിസ്റ്റർമാർ തന്നതാണ്. എന്നാൽ ഉപയോഗിച്ചിട്ട് തിരിച്ചു തന്നേക്കാം എന്ന് പറഞ്ഞു ഞാൻ വാങ്ങിച്ചു. മദർ തെരേസയുടെ വളരെ പ്രധാനപ്പെട്ട സിസ്റ്റർമാരുടെ ആശംസകൾ എഴുതിയതൊക്കെ അതിലുണ്ട്. ഞാനത് നിലത്ത് വെക്കാതെ വായിച്ചു. കുറെയൊക്കെ എഴുതി കോപ്പി ചെയ്തു. ധ്യാനം കഴിഞ്ഞപ്പോൾ എന്റെ ആവേശം കണ്ട അച്ചൻ പറഞ്ഞു അത് തോമസ് പോൾ എടുത്തോ എന്ന്. ഞാനത് കൊണ്ടുനടന്നു. പിന്നീട് എനിക്ക് അതിന്റെ വലിയ ആവശ്യകത മനസ്സിലായതോടെ ഒരിക്കൽ യൂറോപ്പിൽ വച്ച് 150 ഓളം പുസ്തകങ്ങൾ മേടിച്ചു ഒരു പെട്ടിയിലാക്കി പാർസൽ ആയിട്ട് നാട്ടിൽ കൊണ്ടുവന്ന് എല്ലാ ബിഷപ്പുമാർക്കും ഒരു ഗിഫ്റ്റ് ആയിട്ട് അയച്ചുകൊടുത്തു. എപ്പോഴും എന്റെ അടുത്ത് ഒന്നോ രണ്ടോ കോപ്പി എക്‌സ്ട്രാ ഉണ്ടാകും.
നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്. എന്താണ് നിത്യജീവൻ. അറിഞ്ഞു സ്‌നേഹിക്കുക എന്നുള്ളതാണ് ദൈവവുമായുള്ള ബന്ധത്തിൽ പ്രധാനം. ഇപ്പോൾ നമ്മൾ 'ഭാര്യാ ഭർതൃ'ബന്ധത്തിൽ ആയാലും നമ്മൾ ആദ്യം കല്യാണമൊക്കെ കഴിച്ചു കഴിയുമ്പോൾ ഒരു സ്‌നേഹം ഒക്കെ ഉണ്ടാകും. കുറേക്കൂടി കൂടുതലായി അറിയുമ്പോഴാണ് ആ സ്‌നേഹത്തിന്റെ മാധുര്യം കൂടുന്നത്.
ഒരു മണവാളൻ മണവാട്ടി ബന്ധം പോലെയാണ്! സഭയും ക്രിസ്തുവുമായുള്ള ബന്ധം. കർത്താവുമായുള്ള ബന്ധത്തെക്കുറിച്ച്, സഭയെ കുറിച്ച് പറയുന്നത് കർത്താവ് മണവാളനും സഭയാകുന്ന നമ്മൾ മണവാട്ടിയും ആണെന്നാണ്.
അപ്പോൾ ഈശോയുടെ പ്രാർത്ഥന ഇതാണ്. പിതാവേ ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ. ഇവിടെ അറിയുക എന്ന് പറയുമ്പോൾ അതിന് പല അർത്ഥമുണ്ട്. ഒരു അർത്ഥം മാത്രമല്ല. നമ്മൾ സാധാരണ അറിയുക എന്ന് പറയുമ്പോൾ ഒരു ഇൻഫർമേറ്ററീവായ ഒരു കാര്യം പഠിച്ചു. ഒരു കണക്ക്, മാത്തമാറ്റിക്‌സ് ഫോർമുല പഠിച്ചു. അല്ലെങ്കിൽ ഒരു തത്വം പഠിച്ചു. അങ്ങനെയുള്ള ഒരു അറിവുമുണ്ട്. അതാണ് നമ്മുടെ പഠനത്തിലൂടെ കിട്ടുന്ന അറിവ്. അതിനേക്കാളുപരി അങ്ങനെ അറിഞ്ഞു കഴിയുമ്പോൾ അതിന്റെ അകത്തുനിന്ന് വരുന്ന ഒരനുഭവം ഉണ്ട്. ആ അനുഭവമാണ് അറിവിന്റെ മറ്റൊരുവശം. അവിടെ അറിയുക എന്ന് പറഞ്ഞാൽ മണവാളൻ അവളെ അറിയാൻ തുടങ്ങി എന്ന് പറഞ്ഞപ്പോൾ അതിന്റെ അർത്ഥം അവർ തമ്മിൽ ഒന്നാകാൻ തുടങ്ങിയപ്പോൾ അവർ തമ്മിൽ ലയിക്കാൻ തുടങ്ങിയപ്പോൾ അവർ തമ്മിൽ ഒന്നായപ്പോൾ എന്ന അർത്ഥമാണ്.
ആ അർത്ഥത്തിലാണ് സങ്കീർത്തനങ്ങളിലെ വാക്യങ്ങളും. എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേർന്നിരിക്കുന്നു. അങ്ങയുടെ വലതുകൈ എന്നെ താങ്ങി നിർത്തുന്നു. എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേർന്ന് ഇരിക്കുന്നു എന്നത് ഒരു അറിവാണ്. ഒരിക്കലും അകറ്റാൻ പറ്റാത്ത രീതിയിൽ ഒട്ടിച്ചേർന്നിരിക്കുന്നു.
വിശുദ്ധ കുർബാന ആരംഭിക്കുമ്പോൾ തന്നെ നമ്മൾ പറയുന്നത് ഈ അറിവിനെ കുറിച്ചാണ്. യേശുക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവം തന്ന സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സംസർഗവും. സംസർഗ്ഗം എന്നു പറഞ്ഞാൽ നമുക്ക് ശരിക്കും മനസ്സിലാകണമെന്നില്ല. നമ്മൾ പാടാറില്ലേ? വാ വാ യേശുനാഥാ എന്ന പാട്ട്. ഞാൻ എന്നിൽ നീ എന്നതുപോലെ ഇങ്ങനെ നാം എന്ന വരികൾ കേട്ടിട്ടില്ലേ? നമ്മൾ ഒരുപാട് ഗാനങ്ങൾ മറന്നു പോയിട്ടുണ്ട്. എന്നാൽ ഈ ഗാനത്തിലെ ഈ വരികൾ ഒരിക്കലും നമ്മൾക്ക് മറക്കാൻ പറ്റില്ല കാരണം അത് നമ്മുടെ ജീവിതമാണ്. അപ്പോൾ അവിടെയാണ് ഈ ആരാധനാ ക്രമത്തിലും ഈശോ പറഞ്ഞിട്ടുള്ള പ്രബോധനത്തിലും വളരെ സ്ഥായിയായ ഒരു ഘടകം പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങിലും ആകുന്നതുപോലെ ഇവരെല്ലാം നമ്മളിൽ ആണെന്നുള്ള പ്രാർത്ഥനയാണ്.
നമ്മൾ എപ്പോഴും വിശുദ്ധ ഗ്രന്ഥത്തിലെ ഒരു വചനഭാഗം എടുക്കുമ്പോൾ പഠിക്കുന്ന ഒരു വിശുദ്ധഗ്രന്ഥശൈലി ഇങ്ങനെയാണ്. മുഴുവൻ നമ്മൾ വായിക്കണം. ആ ഒരു വചനം മാത്രം എടുത്തുകൊണ്ട് നമ്മൾ മുന്നോട്ട് പോകരുത്. അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന കാര്യം ഇതാണ്. അങ്ങ് എന്നിലും ഞാൻ അവനിലും ആയിരിക്കുന്നതുപോലെ അവർ നമ്മളിലും ആയിരിക്കണം. അതാണ് കുർബാനയിൽ എല്ലാം നമ്മൾ പ്രാർത്ഥിക്കുന്നത്. അതാണ് ഈശോ പറഞ്ഞത്. ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പം ആകുന്നു. എന്നെ ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും. നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഒരു താത്വികം ആയിട്ടുള്ള പ്രബോധനത്തിലൂടെ ഉള്ള അറിവിലൂടെ അതിന്റെ ആന്തരികമായ അനുഭവത്തിലേക്ക് വരുമ്പോൾ ഈശോ പറഞ്ഞ ഒരുപാട് സംഭവങ്ങളുണ്ട്. ഞാൻ ജീവന്റെ അപ്പം ആകുന്നു എന്നു യേശു പറഞ്ഞത് ഓർമ്മിക്കുക.
തുടരും
Comments