Foto

നാം എന്തിനാണ് ദൈവത്തെ അന്വേഷിക്കുന്നത് ?

നാം എന്തിനാണ് ദൈവത്തെ അന്വേഷിക്കുന്നത് ?

വത്തിക്കാൻ : നാം എന്തിനാണ് ദൈവത്തെ അന്വേഷിക്കുന്നത് ? ഈ ചോദ്യം ഫ്രാൻസിസ് പാപ്പയുടേതാണ്. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളോടായിരുന്നു ഈ ചോദ്യം.  വചന ഭാഗത്ത് യേശു അപ്പം വർധിപ്പിച്ചതിനുശേഷം തന്നെ പിന്തുടർന്ന ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്ന സന്ദർഭം അനുസ്മരിപ്പിച്ചുകൊണ്ടായിരുന്നു പാപ്പയുടെ ഈ വാക്കുകൾ. അപ്പം വർദ്ധിപ്പിച്ച അദ്ഭുതത്തിന്റെ അന്തസത്ത ജനം മനസ്സിലാക്കിയില്ല. അവരാകട്ടെ, ഭൗതിക അപ്പത്തെക്കുറിച്ച് മാത്രം ചിന്തിച്ചു.
നമ്മളെല്ലാം ഇങ്ങനെ സങ്കുചിതമായി ചിന്തിക്കാൻ സാധ്യതയുണ്ട്. അതൊരുതരം  വിഗ്രഹപരമായ പ്രലോഭനമാണ്. നമ്മുടെ മാത്രം  ആഗ്രഹങ്ങളും  ആവശ്യങ്ങളും ആ നിമിഷത്തിൽ തന്നെ സാധിച്ചു കിട്ടണമെന്ന് നാം ആഗ്രഹിച്ചു പോകാം. ഈ സന്ദർഭത്തിൽ, നാം ഓരോരുത്തരും നമ്മോടുതന്നെ ചോദിക്കണം: നാം ദൈവത്തെ അന്വേഷിക്കുന്നത് എന്തിനാണ് എന്ന്. അപ്പം തിന്ന്  തൃപ്തരായുള്ളവരെപോലെ നമ്മളും തൃപ്തരായിക്കഴിഞ്ഞാൽ ദൈവത്തെ വിസ്മരിക്കുകയല്ലേ പതിവ് ? നമ്മുടെ ആവശ്യങ്ങൾ ദൈവതിരു മുമ്പിൽ സമർപ്പിക്കുന്നതിൽ തൊറ്റൊന്നുമില്ല. എന്നാൽ നാം മനസ്സിലാക്കേണ്ടത് ദൈവം നമ്മോടൊപ്പം വസിക്കാൻ ആഗ്രഹിക്കുന്നുവെന്നതാണ്. ദൈവം നമ്മോട് സ്‌നേഹത്തിലായിരിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. അത്തരമൊരു സ്‌നേഹജീവിതം ദൈവമൊത്തുണ്ടായാൽ നമ്മുടെ പ്രതീക്ഷകൾക്കപ്പുറമായി നമ്മുടെ ജീവിതത്തിൽ അവിടുന്ന് ഇടപെടും. യഥാർത്ഥമായ സ്‌നേഹം പകരം  ഒന്നുമാഗ്രഹിക്കുന്നില്ല. നമ്മുടെ താൽപ്പര്യത്തിന്റെയും കണക്കുകൂട്ടലിന്റെയും അപ്പുറത്തേയ്ക്കാണ് ദൈവം സ്‌നേഹം നമ്മെ നയിക്കുക. - പാപ്പ പറഞ്ഞു.
    
ഞായറാഴ്ചത്തെ സുവിശേഷഭാഗം വീണ്ടും പാപ്പ ഓർമ്മിച്ചു. ദൈവത്തിന്റെ ഹിതം നിറവേറ്റാൻ എന്തുചെയ്യണമെന്നാണ് ജനക്കൂട്ടം യേശുവിനോട് ചോദിച്ചത്. നമ്മുടെ അടിയന്തിരമായ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തെ പ്രസാദിപ്പിക്കുകയെന്നതിൽ നിന്നും നമ്മുടെ വിശ്വാസം വളരേണ്ടതുണ്ട്. ദൈവത്തിന് ഹിതകരമായ പ്രവൃത്തി എന്നത് അവിടുന്ന് അയച്ചവനെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയെന്നതാണ്. അവനോടൊപ്പമുള്ള പ്രണയകഥയിൽ ജീവിക്കുകയെന്നതാണ്. നമ്മുടെ വിശ്വാസം വിശുദ്ധീകരിക്കാനും  ദൃഢീകരിക്കാനും  അവിടത്തോടൊത്തുള്ള സ്‌നേഹബന്ധത്തിനേ കഴിയൂ. നമുക്ക് ലഭിക്കേണ്ട കാര്യങ്ങൾക്കും ചെയ്യേണ്ട പ്രവൃത്തികൾക്കും മുന്നോടിയായി അവിടുത്തെ സ്‌നേഹിക്കുക. ഇതുതന്നെയാകണം നമ്മുടെ മാനുഷികവും സാമൂഹികവുമായ ബന്ധങ്ങളെയും സ്വാധീനിക്കേണ്ടത്. നമ്മുടെ താൽപ്പര്യങ്ങൾക്കു വേണ്ടി നാം മറ്റുള്ളവരെ ഉപയോഗിക്കുകയാണോ ? താൽപ്പര്യങ്ങളെക്കുറിച്ചല്ല നാം ഉത്കണ്ഠപ്പെടേണ്ടത്; മനുഷ്യരെക്കുറിച്ചാണ് 'കർത്താവിന്റെ മാലാഖ' ചൊല്ലിയതിനുശേഷം പാപ്പ പറഞ്ഞു: നമ്മുടെ ജീവന്റെ അപ്പമായി യേശുവിനെ നമുക്ക് സ്വാഗതം ചെയ്യാം. അവിടുത്തോടൊത്തുള്ള ഒരു ജീവിതം സ്വതന്ത്രമായും സമൃദ്ധമായും അനുഭവപ്പെടും വിധം നമുക്ക് സമാരംഭിക്കാം. ദൈവത്തോടൊപ്പം അതിമനോഹരമായ വിധം സ്‌നേഹകഥ രചിച്ച പരിശുദ്ധ കന്യകാമാതാവിനെ നമുക്ക് മാതൃകയാക്കാം- പാപ്പ പറഞ്ഞു നിർത്തി.

 

Comments

leave a reply