ബെലേം: ബ്രസീലിലെ വടക്കൻ സംസ്ഥാനമായ പാരയിലെ ബെലേം നഗരത്തിൽ നടന്ന 234-ാമത് 'സിരിയോ ഡി നസാരെ' (Círio de Nazaré) തിരുനാൾ പ്രദക്ഷിണത്തില് പങ്കെടുത്തത് 23 ലക്ഷത്തോളം വിശ്വാസികൾ. ഒക്ടോബർ 11 ഞായറാഴ്ചയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മരിയൻ റാലികളില് ഒന്നായി കണക്കാക്കപ്പെടുന്ന തിരുനാൾ പ്രദക്ഷിണം നടന്നത്. ബ്രസീലിലെ ഏറ്റവും വലിയ വിശ്വാസപരമായ ഘോഷയാത്രയ്ക്കായി രാജ്യത്തിന്റെ നാനാദേശങ്ങളില് നിന്നു ലക്ഷകണക്കിന് തീര്ത്ഥാടകര് ഒരുമിച്ച് എത്തുകയായിരിന്നു.
ബെലേം മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നിന്ന് ആരംഭിച്ച തിരുനാൾ പ്രദക്ഷിണം, ഓഫ് ഔർ ലേഡി ഓഫ് നസ്രത്ത് ബസിലിക്കയ്ക്കു മുന്നിലുള്ള സാങ്ച്വറി സ്ക്വയറില് സമാപിച്ചു. ലക്ഷകണക്കിന് തീര്ത്ഥാടകരുടെ ബാഹുല്യം നിമിത്തം 3.6 കിലോമീറ്റർ ദൂരം താണ്ടാൻ അഞ്ച് മണിക്കൂറോളം സമയമെടുത്തുവെന്ന് ബ്രസീലിയന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
ഞായറാഴ്ച രാവിലെ മണിക്ക് മെട്രോപൊളിറ്റൻ കത്തീഡ്രലിന് മുന്നിൽ ബെലേം ആർച്ച് ബിഷപ്പ് ഡോം ജൂലിയോ എൻഡി അകാമിനെയുടെ കാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് തിരുനാൾ ചടങ്ങുകൾ ആരംഭിച്ചത്. തീർത്ഥാടനം ക്രിസ്തുവിലേക്കുള്ള ഒരുമിച്ചുള്ള ആത്മീയ പ്രയാണത്തിന്റെ പ്രതീകമാണെന്ന് ആർച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. വർഷം തോറും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് 'സിരിയോ ഡി നസാരെ' പ്രദക്ഷിണം നടക്കുന്നത്. 1793-ലാണ് ഇതിന് തുടക്കമായത്.










Comments