Foto

ഹെയ്ത്തി : നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും ജീവൻ അപകടത്തിൽ

ഹെയ്ത്തി : നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും ജീവൻ അപകടത്തിൽ

രൂക്ഷമായ ഇന്ധനക്ഷാമം മൂലം ഹെയ്ത്തിയിൽ  ഏതാണ്ട് മുന്നൂറോളം കുട്ടികളുടെയും നാല്പത്തിയഞ്ചോളം സ്ത്രീകളുടെയും ജീവൻ അപകടത്തിലെന്ന് യൂണിസെഫ് (UNICEF). കരീബിയൻ പ്രദേശത്തുള്ള ഹൈത്തിയിൽ കോവിഡ്-19 രോഗികൾ താമസിക്കുന്ന ഏതാണ്ട് നൂറ്റിയന്പതോളം ആരോഗ്യകേന്ദ്രങ്ങളിലായി നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും ജീവൻ അപകടത്തിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ  യുണിസെഫ് അറിയിച്ചു.

രാജ്യത്ത് നിരവധി ആശുപത്രികൾ യുനിസെഫിനും അതിന്റെ പങ്കാളികൾക്കും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും എസ്ഒഎസ് സഹായാഭ്യർത്ഥന അയച്ചിട്ടുണ്ടെന്ന് ഹൈത്തിയിലെ യൂണിസെഫ് ഉപാധ്യക്ഷൻ റാവൂൾ ദേ തോർസി അറിയിച്ചു. പല ആശുപത്രികളിലും ജീവൻ രക്ഷാപ്രവർത്തനങ്ങൾ തകരാറിലാക്കുന്ന രീതിയിൽ ഇന്ധനക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.

നിലവിലെ സ്ഥിതിക്ക് താത്ക്കാലിക പരിഹാരമായി ഏതാണ്ട് നാല്പത്തിനായിരത്തോളം ലിറ്റർ ഇന്ധനത്തിനായി യൂണിസെഫ് കരാർ നൽകിയെങ്കിലും, രാജ്യത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥമൂലം ഇന്ധനം ആശുപത്രികളിൽ എത്തിക്കാൻ പ്രാദേശികവിതരണക്കാർക്ക് സാധിക്കുന്നില്ലെന്നും യൂണിസെഫ് വ്യക്തമാക്കി. 2021 ഓഗസ്റ്റ് പതിനാലാം തീയതി ഹെയ്ത്തിയിലുണ്ടായ ഭൂമികുലുക്കത്തിൽ പരിക്കേറ്റ ഏതാണ്ട് പന്തീരായിരത്തിലധികം ആളുകൾക്ക് ഇനിയും ചികിത്സ തുടരേണ്ടതുണ്ട്.

രാജ്യത്ത് തുടരുന്ന അരക്ഷിതാവസ്ഥയും ഇന്ധന പ്രതിസന്ധിയും അവിടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.

ആരോഗ്യ പരിപാലന സ്ഥാപനങ്ങളിൽ സഹായം തേടുന്നവരുൾപ്പെടെ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ അപകടത്തിലായിരിക്കുന്ന ഈ അവസരത്തിൽ, രാജ്യത്ത് അരക്ഷിതാവസ്ഥ ഒഴിവാക്കാനും, അക്രമം നിറുത്തുവാനും ഇതുമായി ബന്ധപ്പെട്ട ആളുകളോട് യൂണിസെഫ് അഭ്യർത്ഥിച്ചു. രാജ്യത്ത് സുരക്ഷ  ഉറപ്പുവരുത്തുവാനും, അടിസ്ഥാനസേവനങ്ങൾ നിയന്ത്രണങ്ങളില്ലാതെ ലഭ്യമാക്കാനും നടപടിയെടുക്കണമെന്ന് സർക്കാരിനോടും യൂണിസെഫ്  ആവശ്യപ്പെട്ടു.

 

Video Courtesy : FRANCE 24

Comments

leave a reply