Foto

ഓര്‍ത്തഡോക്സ് പക്ഷം നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ നോട്ടീസ്

ബാബു കദളിക്കാട്


സംസ്ഥാന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം സുപ്രീം കോടതി വിധി മറികടക്കാനുള്ള നീക്കമെന്നു വാദം. പള്ളിയുടെ കാര്യത്തിലെ തര്‍ക്കം നിലനില്‍ക്കുമ്പോഴും സെമിത്തേരി ഉപയോഗിക്കാന്‍ യാക്കോബായ, ഓര്‍ത്തഡോക്സ് പക്ഷങ്ങള്‍ക്ക് അവകാശം ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം സുപ്രീം കോടതി വിധി മറികടക്കാനുള്ള നീക്കമാണെന്ന വാദവുമായി ഓര്‍ത്തഡോക്സ് സഭ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെടുന്നു. ഈ മാസം 17ന് ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയില്‍ വരും. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമാകവേയുള്ള ഓര്‍ത്തഡോക്സ് സഭയുടെ  നീക്കത്തിന് പിന്നിലെ രാഷ്ട്രീയ പ്രാധാന്യവും നിയമ വൃത്തങ്ങളില്‍ ഇതോടെ ചര്‍ച്ചാവിഷയമാകുകയാണ്.

സെമിത്തേരികള്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്. പിന്നീട് അത് നിയമമാക്കി. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയിലെത്തിയത്. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.വി ആശ സംസ്ഥാന സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ബില്ല് നടപ്പാക്കുന്നതിന് സ്റ്റേ വേണമെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുടെ തര്‍ക്ക പരിഹാരത്തിന് നിര്‍ദേശം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതര ക്രിസ്ത്യന്‍ സഭകളുടെ മേലധ്യക്ഷരുമായും സഭാ പ്രതിനിധികളുമായും ഇക്കഴിഞ്ഞ ക്രിസ്മസിനു തൊട്ടു മുമ്പായി നടത്തിയ ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ട പ്രധാന വിഷയങ്ങളിലൊന്ന് സെമിത്തേരി ഉപയോഗമായിരുന്നു. ഇരുവിഭാഗത്തിനും സെമിത്തേരി ഉപയോഗിക്കാനും പ്രാര്‍ഥിക്കാനും സൗകര്യമുണ്ടാകണമെന്ന നിര്‍ദ്ദേശത്തിനാണ്് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്, ബിഷപ് ഡോ. ജോസഫ് കരിയില്‍, ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, സി എസ് ഐ ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്, സിറില്‍ മാര്‍ ബയേലിയോസ് മെത്രാപ്പോലീത്ത, ബിഷപ് ഓജീന്‍ മാര്‍ കുര്യാക്കോസ്, മാര്‍ സേവറിയോസ് കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മുന്‍തൂക്കം ലഭിച്ചത്.സെമിത്തേരിയില്‍ എല്ലാവര്‍ക്കും അവകാശം നല്‍കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ സഭാ നേതാക്കള്‍ മിക്കവരും സ്വാഗതം ചെയ്തിരുന്നുു

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തര്‍ക്കം പരിഹരിക്കണമെന്നും സഭാ മേലധ്യക്ഷന്മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ ഒന്നിച്ചുപോകാനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ വിദൂരമായതിനാല്‍ ആരാധനാലയങ്ങളില്‍ ഭൂരിപക്ഷാഭിപ്രായം മാനിച്ചുള്ള സംവിധാനമുണ്ടാക്കണം. പൊതുയോഗത്തിലൂടെ നിര്‍ണയിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് പള്ളിയും സ്വത്തുക്കളും വിട്ടുകൊടുക്കണം. ഇടവകയിലെ ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തിന്റെ സഹകരണത്തോടെ ആരാധന നടത്താന്‍ സാഹചര്യമുണ്ടാക്കണം. സമയക്രമം നിശ്ചയിച്ച് പ്രാര്‍ഥന അനുവദിക്കുകയോ സമീപത്ത് മറ്റൊരു ദേവാലയം ന്യൂനപക്ഷത്തിനു പണിയുകയോ ചെയ്യാം. അതിനുള്ള പിന്തുണ ഭൂരിപക്ഷവിഭാഗം നല്‍കണം. ഒരു ദേവാലയം ഏതെങ്കിലുമൊരു വിഭാഗത്തിനു വിട്ടുകൊടുത്താല്‍ തന്നെ, വിശേഷ ദിവസങ്ങളില്‍ ഇതര വിഭാഗത്തിനും അവിടെ പ്രാര്‍ഥന നടത്താന്‍ കഴിയണം.  ചരിത്രപ്രാധാന്യമുള്ളതും വൈകാരിക ബന്ധമുള്ളതുമായ ചില ദേവാലയങ്ങളില്‍ മറ്റൊരു വിഭാഗം ആധിപത്യം സ്ഥാപിക്കുന്നത് സംഘര്‍ഷമുണ്ടാക്കും. അതിനാല്‍ വിട്ടുവീഴ്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്.

Comments

leave a reply