ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ: നോട്ടീസ് അയച്ച് ഹൈക്കോടതി
ആരോഗ്യനിലയെക്കുറിച്ച് ഈ 15നകം റിപ്പോര്‍ട്ട്
നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം
ഭീമ കൊറേഗാവ് - എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമി (84)യുടെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ബോംബെ ഹൈക്കോടതി മറുപടി സമര്‍പ്പിക്കാന്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടു. പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഈ മാസം 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റിലായതു മുതല്‍ നവി മുംബൈയിലെ തലോജ ജയിലിലാണു ഫാ.സ്റ്റാന്‍ സ്വാമി.
അതിനിടെ, ഇതേ കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മലയാളി റോണ വില്‍സനും ഷോമ സെന്നും തങ്ങള്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന്റെയും എന്‍ഐഎയുടെയും അഭിപ്രായം തേടി. റോണ വില്‍സന്റെ ലാപ്‌ടോപ്പില്‍ നുഴഞ്ഞുകയറി സ്ഥാപിച്ച രേഖകളാണ് അദ്ദേഹത്തിന്റെ അറസ്റ്റിനു കാരണമായതെന്ന യുഎസ് ഫൊറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാണു കോടതിയെ സമീപിച്ചത്.
അഞ്ചര മാസമായി ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ കോടതി കഴിഞ്ഞ മാസം വീണ്ടും തള്ളിയിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും മറ്റു കാരണങ്ങളും ചൂണ്ടിക്കാട്ടി 83 കാരനായ ജെസ്യൂട്ട് വൈദികനു വേണ്ടി നല്‍കിയ ജാമ്യാപേക്ഷ എന്‍ഐഎയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി ഡി ഇ കോത്‌ലിക്കര്‍ തള്ളിയത്.
2020 ഒക്ടോബര്‍ 8 നാണ് റാഞ്ചിയില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തത്. നവംബര്‍ മുതല്‍ അഡ്വ. ഷെരീഫ് ഷെയ്ക്ക് വഴി ജാമ്യാപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും പുതിയ 'തെളിവുകള്‍' ഉന്നയിച്ച് എതിര്‍ വാഗങ്ങള്‍ നിരത്തി എന്‍ഐഎയുടെ അഭിഭാഷകനായ പ്രകാശ് ഷെട്ടി. അകാരണമായി അറസ്റ്റിലാകുന്നവരുടെ രക്ഷയ്ക്കായി ഒരു മനുഷ്യാവകാശ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുമായി നിരവധി ഇ മെയില്‍ ആശയവിനിമയങ്ങള്‍ ഫാ. സ്റ്റാന്‍ സ്വാമി നടത്തിയതാണ് പ്രകാശ് ഷെട്ടി ചൂണ്ടിക്കാണിക്കുന്ന മുഖ്യ തെളിവ്. താനും നിരോധിത സിപിഐയും (മാവോയിസ്റ്റ്) തമ്മില്‍ അവിശുദ്ധ ബന്ധം സ്ഥാപിക്കാന്‍ എന്‍ഐഎ ശ്രമിക്കുന്നതായുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോപണം കോടതി മുഖവിലയ്ക്കെടുത്തില്ല. ഇതു വരെ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയ ഗൂഢാലോചനാ വാദം കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ ദുര്‍ബലമായിരുന്നു.
ഇതേ കേസില്‍ അറസ്റ്റിലായിരുന്ന 80 കാരനായ വരവര റാവുവിന് ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതും കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച് എന്‍ ഐ എ ക്കെതിരെ പുതിയ സൂചനകള്‍ വന്നതും ഉള്‍പ്പെടെയുള്ള പുതിയ സാഹചര്യങ്ങളില്‍ തികഞ്ഞ ആത്മവിശ്യാസത്തിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ സുഹദ് വൃന്ദമെങ്കിലും അദ്ദേഹത്തെ പരമാവധി സമയം തടവറയിലിടാനുള്ള തന്ത്രം തുടരുകയാണ് എന്‍ ഐ എ. ഫാ. സ്റ്റാന്‍ സ്വാമിക്കു കൂടി ജാമ്യം അനുവദിക്കപ്പെട്ടാല്‍ മൊത്തം കേസ് ദുര്‍ബലമായി വലിയ തിരിച്ചടി തങ്ങള്‍ക്കുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കാണുന്നുണ്ട് എന്‍ ഐ എ. അതുകൊണ്ടു തന്നെ എന്‍ ഐ എയുടെ പുതിയ നീക്കങ്ങളെച്ചൊല്ലി ഫാ. സ്റ്റാന്‍ സ്വാമിക്കു നിയമ സഹായം നല്‍കി വരുന്നവര്‍ക്കിടയില്‍ അധിക ഉത്ക്കണ്ഠ ജനിച്ചിരുന്നു.
വരവര റാവു, ഫാ. സ്റ്റാന്‍ സ്വാമി തുടങ്ങിയവരുടെ കാര്യത്തിലെന്നതുപോലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള ആശങ്ക മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലെ സോഷ്യോളജിസ്റ്റ് പ്രൊഫസര്‍ കൂടിയായ ജെസ്യൂട്ട് സഭാംഗം ഫാ. ഫ്രേസര്‍ മസ്‌കരീനാസ് പങ്കുവച്ചിരുന്നു. 'വ്യാപകമായ അക്രമങ്ങളുടെ അടിയന്തിര സമയങ്ങളിലേക്കുള്ള ഈ നിയമം നേരത്തെ സംഘടനകള്‍ക്ക് മാത്രമായിരുന്നു ബാധകം. വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിനായി എന്‍ഡിഎ സര്‍ക്കാര്‍ പിന്നീട് നിയമത്തില്‍ ഭേദഗതി വരുത്തി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, കവികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെയും ഇത് വന്‍ തോതില്‍ ഉപയോഗിക്കുന്നു. യുഎപിഎ ചുമത്തിയതിനാല്‍ ഫാ സ്റ്റാന് ഇതുവരെ ജാമ്യം നിഷേധിച്ചതില്‍ അതിശയിക്കാനില്ല' -ഫാ. ഫ്രേസര്‍ മസ്‌കരീനാസ് ചൂണ്ടിക്കാട്ടി.
ബാബു കദളിക്കാട്
Comments