ന്യൂനപക്ഷ സംവരണം
വേണ്ടെന്ന് ഹിന്ദുസേവാ
കേന്ദ്രം; ഹൈക്കോടതി
ഹര്‍ജി തള്ളി, 25000 പിഴ
പിഴ അടയ്‌ക്കേണ്ടത് അപൂര്‍വ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക്
സാമ്പത്തിക സഹായം നല്‍കാനുള്ള ബാങ്ക് അക്കൗണ്ടില്‍
കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സംവരണ ആനുകൂല്യം നല്‍കുന്നത് ചോദ്യം ചെയ്ത് കൊച്ചിയിലെ ഹിന്ദു സേവാകേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. ഹര്‍ജിക്കാരനില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കാനും നിര്‍ണ്ണായ വിധിയിലൂടെ ഉത്തരവായി. അപൂര്‍വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായുള്ള ബാങ്ക് അക്കൗണ്ടില്‍ ഒരു മാസത്തിനുള്ളില്‍ തുക നിക്ഷേപിക്കാത്തപക്ഷം സേവാകേന്ദ്രം ട്രഷറര്‍ ശ്രീകുമാര്‍ മങ്കുഴിക്കെതിരെ കേരള റവന്യൂ റിക്കവറി ആക്റ്റ് 1968 പ്രകാരം നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ഭരണഘടനയുടെ 102-ാം ഭേദഗതി അനുസരിച്ച് സംവരണാനുകൂല്യങ്ങളില്‍നിന്ന് ഏതെങ്കിലും വിഭാഗത്തെ പുറത്താക്കണമെങ്കില്‍ നിയമ നിര്‍മാണം അനിവാര്യമാണെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ബോധിപ്പിച്ചു. നിയമം നര്‍മിക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്നും അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളേതെന്നു വ്യക്തമാക്കാനുള്ള അധികാരമുപയോഗിച്ച് ആ പട്ടിക തയ്യാറാക്കേണ്ടത് രാഷ്ട്രപതിയാണെന്നും അതു പുനര്‍ നിര്‍ണ്ണയിക്കുന്നതുവരെ നിലവിലെ പട്ടിക തുടരേണ്ടതുമെന്നും ഗൗരവ സ്വഭാവമുള്ള വിഷയത്തില്‍ ലാഘവത്തോടെ തയ്യാറാക്കിയ ഹര്‍ജി തള്ളണമെന്നും എജി വാദിച്ചു. ചില സമുദായങ്ങളെ സംസ്ഥാനാടിസ്ഥാനത്തില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്ക വിഭാഗങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് പ്രകാരമാണ് സംവരണം നല്കുന്നതെന്നും 1993 സെപ്റ്റംബര്‍ 10 ലെ ഗസറ്റ് വിജ്ഞാപനം ഉദ്ധരിച്ച് എ ജി ചൂണ്ടിക്കാട്ടി. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളേതെന്നു വ്യക്തമാക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും എ ജി കൂട്ടിച്ചേര്‍ത്തു.
സച്ചാര്‍, പലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ധനസഹായങ്ങളും നിര്‍ത്തണമെന്ന അപേക്ഷയും കോടതി നിരസിച്ചു. മുസ്ലിങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ തുടങ്ങിയ വിഭാഗങ്ങളെ പിന്നോക്ക വിഭാഗത്തില്‍പ്പെടുത്തി സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ഈ വിഭാഗങ്ങളെ പിന്നോക്ക പട്ടികയില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി.അവരില്‍ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കക്കാരല്ലെന്നും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഹിന്ദുക്കളാണ് കേരളത്തില്‍ ദുരിതമനുഭവിച്ചു വരുന്നതെന്നുമുള്ള നിരീക്ഷണങ്ങളുമുണ്ടായിരുന്നു ഹര്‍ജിയില്‍.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമപ്രകാരം മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, സൗരാഷ്ട്രിയന്‍ (പാഴ്‌സി), ജൈനമതക്കാര്‍ എന്നിവരെ ന്യൂനപക്ഷ സമുദായങ്ങളായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. അങ്ങനെ, ഭരണഘടനാപരവും നിയമപരവുമായ വ്യവസ്ഥകളുടെ വെളിച്ചത്തില്‍, ചില സമുദായങ്ങളെ ന്യൂനപക്ഷങ്ങള്‍, പട്ടികജാതി / പട്ടികവര്‍ഗക്കാര്‍, പിന്നാക്കക്കാര്‍, മറ്റ് പിന്നോക്ക സമുദായങ്ങള്‍ എന്നിങ്ങനെ അംഗീകരിച്ച് പരിഗണിച്ചിട്ടുണ്ട്. അതിനനുസരിച്ചാണ്് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സംവരണം നല്‍കുന്നുവെന്ന കാര്യം വ്യക്തമാണ്.- ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ബാബു കദളിക്കാട്
Comments