ഫാ. സ്റ്റാന്‍ സ്വാമിയുടെ
ചിതാഭസ്മത്തില്‍ ആദരം
അര്‍പ്പിച്ച് സ്റ്റാലിന്‍
മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചത് ചിതാഭസ്മം ചെന്നൈ ലയോള കോളേജില്‍ എത്തിച്ചപ്പോള്‍
ഭരണകൂട ഭീകരതയുടെ ഇരയായി തടങ്കലില്‍ മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മം ചെന്നൈ ലയോള കോളേജില്‍ എത്തിച്ചപ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രി പൊന്‍മുടി, എം പിമാരായ കനിമൊഴി, ധന്യനിധി മാരന്‍, ദളിത് പാര്‍ട്ടിയായ വിസികെയുടെ ചെയര്‍മാന്‍ തോല്‍ തിരുമാവളവന്‍ തുടങ്ങി നിരവധി നേതാക്കളും സന്നിഹിതരായിരുന്നു.
ഭീമ കൊറേഗാവ് കേസില്‍ പെടുത്തി തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെട്ട ശേഷം മുംബൈ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ ഈശോ സഭാംഗത്തിന്റെ ഭൗതികാവശിഷ്ട പേടകത്തില്‍ നിരവധി പേര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ സ്റ്റാലിന്‍ കുറിച്ചു: ' അടിത്തട്ടിലുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കായി ഫാ. സ്റ്റാന്‍ സ്വാമി തന്റെ ജീവിതകാലം മുഴുവന്‍ പോരാടിയ ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. ആദരണീയവും പ്രശംസനീയവുമാണ് അദ്ദേഹത്തിന്റെ ജീവിതം'.


Comments