Foto

ഫാ. സ്റ്റാന്‍ സ്വാമിക്ക് ആദരവുമായി 28 ന് ദേശീയ തലത്തില്‍ നീതി ദിനാചരണം

ഫാ. സ്റ്റാന്‍ സ്വാമിക്ക്
ആദരവുമായി 28 ന്
ദേശീയ തലത്തില്‍
നീതി ദിനാചരണം

ജെസ്യൂട്ട് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള
നീതി ദിനാചരണം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന്

ആദിവാസികളെ ചൂഷണം ചെയ്യുന്നതു തടയാന്‍ യത്‌നിച്ചതിന്റെ പേരില്‍ മാവോയിസ്റ്റ്   മുദ്ര പേറി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ സ്മരണയ്ക്കായി ജൂലൈ 28 ദേശീയ നീതി ദിനമായി ആചരിക്കാന്‍ ജെസ്യൂട്ട് സഭ രംഗത്ത്. ഗോത്രാവകാശ സംരക്ഷണ അവബോധം സൃഷ്ടിക്കാനും ജയിലില്‍ കിടക്കുന്ന മനുഷ്യാവകാശ സംരക്ഷകര്‍ക്കു നീതി ലഭ്യമാക്കാനുമാണ് നിരവധി മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ജെസ്യൂട്ട് സഭ ദേശീയ നീതി ദിനം സംഘടിപ്പിക്കുന്നത്.

അന്ന് രാജ്യത്തെങ്ങും ഫാ. സ്റ്റാന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മതാതീതമായി ജനങ്ങള്‍ തയ്യാറാകണമെന്ന് ജെസ്യൂട്ട് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ.സ്റ്റാനിസ്ലാവൂസ് ഡിസൂസ അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം 6 മുതല്‍ വൈകുന്നേരം 6.45 വരെ പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവയുമായി  മെഴുകു തിരി കത്തിച്ച് നിശബ്ദമായ പൊതുസമ്മേളനങ്ങള്‍ കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്ന് ഫാ. ഡിസൂസ പറഞ്ഞു.

ഇതിനിടെ, ഫാ. സ്റ്റാന്‍ സ്വാമിയുടെ സ്വദേശമായ തിരുച്ചിറപ്പള്ളിയിലേക്കു കൊണ്ടുപോകുന്ന ചിതാഭസ്മം തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ചിതാഭസ്മം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസില്‍ നിന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ഏറ്റുവാങ്ങിയശേഷം രക്തസാക്ഷി മണ്ഡപത്തിലും പ്രസ് ക്ലബ്ബിലും പൊതു ദര്‍ശനത്തിനു വച്ചു.ബെംഗളൂരു, കോയമ്പത്തൂര്‍, അട്ടപ്പാടി, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലെ പൊതു ദര്‍ശനത്തിനു ശേഷമാണ് ചിതാഭസ്മം തലസ്ഥാനത്തെത്തിച്ചത്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ അദ്ദേഹത്തെ അനുസ്മരിച്ചു.

രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഐക്കഫ് ഡയറക്ടര്‍ ഫാ. ബേബിച്ചന്‍, ഫാ. സ്റ്റാന്‍ സ്വാമി ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. എസ്.ജെ. ബേബി ചാലില്‍, കോ ഓര്‍ഡിനേറ്റര്‍ ആര്‍. അജയന്‍, ഫാ. യൂജിന്‍ എച്ച്. പെരേര എന്നിവര്‍ ചേര്‍ന്ന് ചിതാഭസ്മം ഏറ്റുവാങ്ങി പ്രസ് ക്ലബ്ബിലെത്തിച്ചശേഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 3 മണിക്കൂറോളം പൊതു ദര്‍ശനമുണ്ടായിരുന്നു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ. രാജന്‍, ജി.ആര്‍. അനില്‍, ആന്റണി രാജു, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ ആദരമര്‍പ്പിച്ചു.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കുവേണ്ടി ഫാ. നെല്‍സണ്‍ വലിയവീട്ടില്‍, ഫാ.തോമസ് മുകളുംപുറത്ത് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഓര്‍ത്തഡോക്സ് സഭ ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോട്ടേഴ്സ് ഓഫ് മേരി കോണ്‍ഗ്രിഗേഷനു വേണ്ടി മദര്‍ ജനറല്‍ ലിഡിയ, സിസ്റ്റര്‍ ജോവാന്‍ മരിയ, സിസ്റ്റര്‍ എലിസബത്ത് ,വി. ശശി എംഎല്‍എ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഡപ്യൂട്ടി മേയര്‍ പി.കെ.രാജു, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, സി.ദിവാകരന്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News