വത്തിക്കാൻ സിറ്റി: ഫെബ്രുവരി മാസത്തെ പ്രാർത്ഥനാ നിയോഗം ലോകമെമ്പാടുമുള്ള കന്യാസ്ത്രീകൾക്കും സമർപ്പിത വനിതകൾക്കുംവേണ്ടി കാഴ്ചവെച്ച് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ, ‘കന്യാസ്ത്രീകളും സമർപ്പിത വനിതകളും ചെയ്യുന്ന ശുശ്രൂഷകൾക്ക് നാം ഓരോരുത്തരും നന്ദി പറയണം,’ എന്ന ഓർമപ്പെടുത്തലോടെയാണ് ഫെബ്രുവരി മാസത്തെ പ്രാർത്ഥനാ നിയോഗം വിശ്വാസീസമൂഹത്തിന് കൈമാറിയത്.
പേപ്പൽ പ്രാർത്ഥനാ നിയോഗങ്ങൾ ക്രോഡീകരിക്കുന്ന ‘പോപ്പ്‌സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക് ഗ്രൂപ്പ്’ തയാറാക്കിയ വീഡിയോയിലൂടെ ഇക്കാര്യം നിർദേശിച്ച പാപ്പ, ഇതുസംബന്ധിച്ച ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. കന്യാസ്ത്രീകളും സമർപ്പിത വനിതകളും ഇല്ലെങ്കിൽ സഭയെ മനസിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതിനൊപ്പം, ഇന്ന് മനുഷ്യകുലം നേരിടുന്ന വെല്ലുവിളികളോട് എപ്രകാരം മികച്ച രീതിയിൽ പ്രത്യുത്തരിക്കാനാകുമെന്ന് സമർപ്പിതർ വിവേചിച്ചറിയണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
തടസങ്ങൾ നേരിടുമ്പോഴും മതാധ്യാപകർ, ദൈവശാസ്ത്രജ്ഞർ, ആത്മീയ വഴികാട്ടികൾ എന്നീ നിലകളിൽ തങ്ങളുടെ ശുശ്രൂഷയിലൂടെ ദൈവസ്‌നേഹത്തിന്റെയും അനുകമ്പയുടെയും സൗന്ദര്യം പ്രകടിപ്പിക്കുന്ന സന്യാസിനികൾക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാർത്ഥിച്ചു. ചില സന്ദർഭങ്ങളിൽ സഭയ്ക്കുള്ളിൽനിന്നുപോലും സന്യസ്തരോട് ന്യായരഹിതമായി പെരുമാറ്റം ഉണ്ടാകുന്ന സാഹചര്യത്തെ കുറിച്ചും പാപ്പ പരാമർശിച്ചു.
‘ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, നിങ്ങൾ നിരുത്സാഹപ്പെടരുത്. നിങ്ങൾ ചെയ്യുന്ന അപ്പോസ്‌തോലിക പ്രവൃത്തികളിലൂടെ ദൈവത്തിന്റെ നന്മയെ നിങ്ങൾ തുടർന്നും അറിയിക്കണം. എന്നാൽ, അത് എല്ലാറ്റിനുമുപരിയായി നിങ്ങളുടെ സമർപ്പണ സാക്ഷ്യത്തിലൂടെയായിരിക്കണം,’ പാപ്പ ഓർമിപ്പിച്ചു. കന്യാസ്ത്രീകളുടെയും സമർപ്പിതരുടെയും സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ്, ജീവിതം ദൈവത്തിനായി സമർപ്പിച്ച സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ധീരതയ്ക്കും ദൗത്യത്തിനും അഭിനന്ദനം അറിയിക്കാനും പാപ്പ ആഹ്വാനംചെയ്തത്.
പ്രാർത്ഥനയിലൂടെയും പ്രവൃത്തിയിലൂടെയും ക്രൈസ്തവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ‘പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക്’. 1884ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929ലാണ് പ്രാർത്ഥനാ നിയോഗം കൂട്ടിച്ചേർത്ത് ഇവർ പ്രതിമാസ മധ്യസ്ഥ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
എന്നാൽ ഇത്തവണത്തെ വീഡിയോ തയാറാക്കിയിരിക്കുന്നത്, സന്യാസിനി സമൂഹങ്ങളുടെ അധ്യക്ഷരുടെ അന്തർദേശീയ സംഘടനയുടെ (യു.ഐ.എസ്.ജി) സഹകരണത്തോടെയാണെന്നതും ശ്രദ്ധേയം. ലോകമെമ്പാടുമുള്ള 630,000ൽപ്പരം സന്യാസിനികൾ ഉൾപ്പെടുന്ന 1,900ൽപ്പരം സന്യാസിനി സഭകളെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് യു.ഐ.എസ്.ജി
Comments