കോട്ടയം: ഛത്തീസ്ഗഡിൽ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അന്യായമായി ജയിലിലടച്ചത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് കോട്ടയം അതിരൂപത. സ്വതന്ത്രഭാരതത്തിൽ എല്ലാ പൗരന്മാർക്കും തുല്യ അവകാശമുണ്ടെന്നിരിക്കെ നിസ്വാർഥമായി സാമൂഹ്യശുശ്രൂഷ ചെയ്യുന്ന കന്യാസ്ത്രീകൾക്ക് സഭാവസ്ത്രം ധരിച്ച് രാജ്യത്ത് യാത്രചെയ്യാൻപോലും കഴിയാത്ത അവസ്ഥ അങ്ങേയറ്റം ഭീതിജനകമാണ്. കേന്ദ്രസർക്കാരും ഛത്തീസ്ഗഡ് ഭരണാധികാരികളും മൗനംവെടിഞ്ഞ് നീതിയുടെ പക്ഷത്തു നിൽക്കണം.
കിരാതമായി മാറിക്കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധ നിയമത്തിൻറെ പേരിൽ അഴിഞ്ഞാടാൻ ഒരു ശക്തിയെയും അനുവദിക്കരുത്. സഹജീവികൾക്കുവേണ്ടി ത്യാഗപൂർവം ജീവിതം സമർപ്പിച്ചിരിക്കുന്നവരാണ് കന്യാസ്ത്രീകൾ. അവർ ചെയ്യുന്ന വലിയ സേവനങ്ങളെയെല്ലാം മതപരിവർത്തനത്തിൻറെ പുകമറ സൃഷ്ടിച്ച് നിഷ്‌കരുണം തമസ്‌കരിക്കരുത്. സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും അവർ അംഗങ്ങളായ സന്യാസിനി സമൂഹത്തിനുമൊപ്പമാണ് കോട്ടയം അതിരൂപത. അവർ നേരിടുന്ന അധിക്ഷേപങ്ങളെ അതിരൂപത ഒന്നടങ്കം അപലപിക്കുന്നു. സിസ്റ്റേഴ്‌സിനെതിരേ ചുമത്തിയിരിക്കുന്ന കള്ളക്കേസുകൾ അടിയന്തരമായി പിൻവലിക്കണമെന്നും അതിരൂപത ആവശ്യപ്പെടുന്നു
Comments