കോട്ടയം : ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗർക്കായി നൽകപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മാത്യു മാക്കീൽ പിതാവിനെ 2025 മെയ് 22-ാം തീയതി ലെയോ 14-ാമൻ മാർപ്പാപ്പ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി കോട്ടയം അതിരൂപതയിൽ നടത്തപ്പെടുന്ന ഔദ്യോഗിക ധന്യൻ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെ 50-ാം ചരമവാർഷിക ആചരണത്തിന്റെ സമാപനവും സംയുക്തമായി കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ജൂലൈ മാസം 26-ാം തീയതി ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്നു. സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് തിരിതെളിച്ചുകൊണ്ട് പരിപാടികൾക്കു തുടക്കം കുറിക്കുകയും സന്ദേശം നല്കുകയും ചെയ്യും. കോട്ടയം അതിരൂപതാ മെതാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഏവർക്കും സ്വാഗതം ആശംസിക്കും തുടർന്ന് ദൈവദാസൻ മാത്യു മാക്കീൽ പിതാവിനെ ധന്യനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിക്രി അതിരൂപതാ ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ വായിക്കും. അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കും. അതിരൂപതാ സഹായ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, അതിരൂപതയിലെ വൈദികർ മുതലായവർ സഹകാർമ്മികരായി പങ്കെടുക്കും.
തുടർന്ന് ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന അനുസ്മരണ പ്രാർത്ഥനകൾക്കു ശേഷം ധന്യൻ മാക്കീൽ പിതാവിനെയും അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിനെയും കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കും. പ്രൊക്കുറേറ്റർ ഫാ. അബ്രാഹം പറമ്പേട്ട്, ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സി. ഇമ്മാക്കുലേറ്റ് എസ്. വി.എം, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറൽ സി. ലിസി മുടക്കോടിൽ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ ഏവർക്കും കൃതജ്ഞതയർപ്പിക്കും. കോട്ടയം അതിരൂപതയുടേയും ക്‌നാനായ സമുദായത്തിന്റെയും സമഗ്ര വളർച്ചയ്ക്കായി സമർപ്പണം ചെയ്ത മാർ മാത്യു മാക്കീൽ 2009 ജനുവരി 26 നാണ് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടത്. ശുശ്രൂഷകളിൽ അതിരൂപതയിലെ വൈദിക, സന്യസ്ത, അൽമായ പ്രതിനിധികൾ പങ്കെടുക്കും.
ഫാ. തോമസ് ആനിമൂട്ടിൽ
വികാരി ജനറാൾ
ഫോൺ 9446408195
Comments