"നിങ്ങൾക്കു സമാധാനം!"
പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവൻ നൽകിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവർ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവൻ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ!
ഇതാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം - നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്നേഹിക്കുന്ന ദൈവത്തിൽ നിന്നാണ്. ഈസ്റ്റർ പ്രഭാതത്തിൽ റോമായ്ക്കും ലോകത്തിനും ആശീർവാദം നല്കിയ ഫ്രാൻസിസ് പാപ്പയുടെ ദുർബലവും എന്നാൽ സുധീരവുമായ ആ ശബ്ദം ഇപ്പോഴും നമ്മുടെ ചെവികളിൽ മുഴങ്ങുന്നുണ്ട്! അതേ അനുഗ്രഹം തുടരാൻ എന്നെ അനുവദിക്കുക.
ദൈവം നമ്മെയെല്ലാവരെയും സ്നേഹിക്കുന്നു, തിന്മ പ്രബലപ്പെടില്ല!നാമെല്ലാവരും ദൈവത്തിന്റെ കൈകളിലാണ്. അതിനാൽ, ഭയമില്ലാതെ, ദൈവവുമായും പരസ്പരവും കൈകോർത്ത് നമുക്കു മുന്നോട്ട് പോകാം. നമ്മളെല്ലാം ക്രിസ്തുവിന്റെ ശിഷ്യരാണ്. ക്രിസ്തു നമുക്ക് മുമ്പേയുണ്ട്.ലോകത്തിന് അവിടുത്തെ പ്രകാശം ആവശ്യമാണ്. ദൈവത്തിനും അവിടുത്തെ സ്നേഹത്തിനും എത്തിച്ചേരാനുള്ള ഒരു പാലമായി ക്രിസ്തുവിനെ മനുഷ്യരാശിക്ക് ആവശ്യമുണ്ട്. സംഭാഷണത്തിലൂടെയും കണ്ടുമുട്ടലുകളിലൂടെയും പാലം പണിയുന്നവരാകാൻ നിങ്ങൾ ഞങ്ങളെയും പരസ്പരവും സഹായിക്കുക. അങ്ങനെ എല്ലായ്പ്പോഴും സമാധാനത്തോടെ ഒരു ജനമായി നമുക്ക് ഒരുമയോടെ നീങ്ങാം. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദി!
എല്ലായ്പ്പോഴും സമാധാനവും നീതിയും തേടുന്ന, സുവിശേഷം പ്രഘോഷിക്കാനും മിഷനറിമാരായിരിക്കാനും ഭയമില്ലാത്ത, യേശുക്രിസ്തുവിനോട് വിശ്വസ്തതയുള്ള, സ്ത്രീ-പുരുഷന്മാരായി വർത്തിക്കുന്ന ഒരുമയുള്ള സഭയിൽ പത്രോസിന്റെ പിൻഗാമിയായിരിക്കാനും നിങ്ങളോടൊപ്പം നടക്കാനുമായി എന്നെ തിരഞ്ഞെടുത്ത എല്ലാ സഹോദര കർദ്ദിനാളന്മാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
"നിങ്ങളോടൊപ്പം ഞാൻ ഒരു ക്രിസ്ത്യാനിയും നിങ്ങൾക്കു വേണ്ടി ഒരു മെത്രാനുമാണ്" എന്ന് പറഞ്ഞ വിശുദ്ധ അഗസ്റ്റിന്റെ മകനാണ് ഞാൻ. ഈയർത്ഥത്തിൽ, നമുക്കെല്ലാവർക്കും ഒരുമിച്ച് ദൈവം നമുക്കായി ഒരുക്കി വച്ചിട്ടുള്ള മാതൃരാജ്യത്തേക്ക് പ്രയാണം ചെയ്യാം.
റോമിലെ സഭയ്ക്ക് ഒരു പ്രത്യേക അഭിവാദ്യം! ഒരു മിഷനറി സഭയായിരിക്കാൻ, പാലങ്ങളും സംഭാഷണങ്ങളും സൃഷ്ടിക്കുന്ന, ഈ ചത്വരം പോലെ എപ്പോഴും തുറന്ന കൈകളോടെ നമ്മുടെ സഹായവും സാന്നിധ്യവും സംഭാഷണവും സ്നേഹവും ആവശ്യമുള്ള ഏവരെയും സ്വീകരിക്കുന്ന ഒരു സഭയായിരിക്കാൻ നാം നിരന്തരം പരിശ്രമിക്കണം.
റോമിലും ഇറ്റലിയിലും ലോകമെമ്പാടും ഉള്ള സഹോദരീ സഹോദരന്മാരേ, നമ്മൾ ആഗ്രഹിക്കുന്നത് ഒരു സിനഡൽ സഭയായിരിക്കാനാണ് - തീർത്ഥാടനം ചെയ്യുന്ന, സദാ സമാധാനം തേടുന്ന, ഉപവി നിരന്തരം ഉപാസിക്കുന്ന, ഏവർക്കും, പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്നവർക്ക്, സദാ അയല്ക്കാരനായിരിക്കാൻ ശ്രമിക്കുന്ന ഒരു സഭയായിരിക്കാനാണ്.
പൊംപൈ മാതാവിൻ്റെ ദിനമാണ് ഇന്ന്. എപ്പോഴും നമ്മോടൊപ്പം നടക്കാനും നമ്മോട് ചേർന്നുനില്ക്കാനും തൻ്റെ മാധ്യസ്ഥ്യം കൊണ്ടും സ്നേഹം കൊണ്ടും നമ്മെ സഹായിക്കാനും ആഗ്രഹിക്കുന്നവളാണ് നമ്മുടെ മാതാവായ മറിയം. അതിനാൽ നിങ്ങളോടൊപ്പം പ്രാർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പുതിയ ദൗത്യത്തിനു വേണ്ടിയും മുഴുവൻ സഭയ്ക്കും വേണ്ടിയും ലോകസമാധാനത്തിനു വേണ്ടിയും നമുക്കു പ്രാർത്ഥിക്കാം. നമ്മുടെ അമ്മയായ മറിയത്തോട് ഈ പ്രത്യേക കൃപയ്ക്കായി അഭ്യർത്ഥിക്കാം: നന്മ നിറഞ്ഞ മറിയമേ...
പരിഭാഷ: ഫാ. ജോഷി മയ്യാറ്റിൽ
Comments