ജോബി ബേബി,
നിനവേക്കാരെക്കുറിച്ചു ഒരു പുകഴേറിയ വര്‍ത്തമാനം ക്രിസ്തു നടത്തുന്നുണ്ട്.നിനവേയുടെ ഈ മഹത്വം അനുതാപത്തിലാണ്.ദൈവ വചനത്തോട് ദ്രുതഗതിയിലാണ് അവര്‍ പ്രതികരിച്ചത്.സോദോമ്യരെ ദൈവം താക്കീത് ചെയ്യ്തപ്പോള്‍ അവര്‍ പരിഹസിക്കുകയാണ് ചെയ്യ്തത്.എന്നാല്‍ നിനവേയാകട്ടെ അത് ഗൗരവത്തില്‍ എടുത്തു.തിരുവചനത്തിലെ പ്രതികരണത്തിലെ അനുകൂല മനോഭാവം കൊണ്ട് തന്നെ ക്രിസ്തുവിന്റെ കാലത്തു ജീവിച്ച യൂദരെക്കാള്‍ നിനവേക്കാര്‍ മഹത്വമുള്ളവരാണ്.അവന്റെ വീര്യപ്രവര്‍ത്തികള്‍ എല്ലാം നേരില്‍ കണ്ടിട്ടും അവര്‍ അനുതപിച്ചില്ല.വചനത്തോടുള്ള ആദ്യപ്രതികരണം അതിലുള്ള വിശ്വാസമാണ്.രണ്ടാമത് സത്യനുതാപം ഉളവാകലാണ്.മൂന്നാമത് അനുതാപ ഫലമായി ഉണ്ടാകുന്ന സ്വാഭാവിക താഴ്മയുമാണ്.നിനവേയിലെ രാജാവും പ്രജകളും ഈ വിധത്തിലാണ് പ്രതികരിക്കുക.യോന വലിയ പ്രസംഗം ഒന്നും നടത്തിയില്ലല്ലോ,ഒരൊറ്റ വരിമാത്രം.അതു മതിയായിരുന്നു.ദൈവം നേരിട്ട് പറഞ്ഞിട്ട് ആദം കേട്ടിട്ടില്ല.പെട്ടകം പണിഞ്ഞത് കണ്ടിട്ട് ഒരു തലമുറ ഗ്രഹിച്ചതുമില്ല.ലോത്ത് നിലവിളിച്ചു പറഞ്ഞിട്ടാകട്ടെ അവര്‍ കേട്ട ഭാവം നടിച്ചില്ല.ശരിക്കും പറച്ചില്‍ മാത്രമല്ല പ്രധാനം കേള്‍വിക്കാരന്റെ മനസ്സും പ്രധാനമാണ്.സത്യമായും യോനായ്ക്ക് തന്റെ വാക്കില്‍ ഉണ്ടായിരുന്നതില്‍ അധികം വിശ്വാസം നിനവേയ്ക്ക് അതിനോട് ഉണ്ടായിരുന്നുവെന്നോര്‍ക്കണം.ആ ഓര്‍മ്മ എല്ലാ സുവിശേഷം പറച്ചിലുകളിലും കേള്‍വികളിലും നമ്മെ ഭരിക്കുകയും വേണം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments