ജോബി ബേബി,
ഞങ്ങളെ കരേറ്റുവാനായി മരിച്ചവരുടെ ഇടയിലേക്ക് നിന്റെ സ്‌നേഹം നിന്നെ ഇറക്കിയ ജീവന്റെ സങ്കേതമേ നിനക്ക് സ്തുതി.ഭൂമിയുടെ അടിയില്‍ അന്ധകാരമായ അറകളില്‍ കിടന്ന് അവിടെ കഷ്ടപ്പെട്ട് കിടക്കുന്നവര്‍ക്ക് വെളിച്ചം നല്‍കിയ ജാതികളുടെ ശരണവും കാത്തിരിപ്പുമായ നിനക്ക് സ്തുതി.വിഴുങ്ങുന്ന പാതാളത്തിലേക്ക് തന്റെ ആത്മാവിനാല്‍ ഇറങ്ങി മരിച്ചവരുടെ ഉയര്‍പ്പിനെ പ്രസംഗിച്ച മരണത്തിന്റെ നാഥാ നിനക്ക് സ്തുതി.അധഃപതിച്ചു കിടന്ന ആത്മാക്കളെ തന്റെ മഹത്തായ കിരണോദയത്താല്‍ ആനന്ദിപ്പിച്ച നിനക്ക് സ്തുതി.ശവക്കല്ലറകളിലെ കെടുത്തല്‍ തീര്‍ത്തതായ മൂന്നാം ദിവസമുള്ള തന്റെ ഉയര്‍പ്പാല്‍ ആദാമിനെയും അവന്റെ മക്കളേയും നാശത്തില്‍ നിന്ന് തിരിച്ചവനെ നിനക്ക് സ്തുതി.സ്വശക്തിയാല്‍ മരണത്തിന്റെ പട്ടണമാകുന്ന പാതാളത്തിന്റെ ഉറപ്പുള്ള കോട്ടകള്‍ പൊളിച്ചു തന്റെ കൃപയാല്‍ അതിനെ മരിക്കുന്ന മനുഷ്യര്‍ക്ക് ചവിട്ടാനുള്ളതാക്കി തീര്‍ത്ത സ്വര്‍ഗ്ഗീയ നിരപ്പായുള്ളോവേ നിനക്ക് സ്തുതി.നിസ്സാരന്‍മാരും പാപികളുമാകുന്ന ഞങ്ങള്‍ നിനക്ക് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളേയും പ്രാര്‍ത്ഥനകളെയും രാപകല്‍ തിരുമുന്‍പാകെ ചെയ്യ്തിട്ടുള്ള ജാഗരണത്തെയും നമസ്‌കാരങ്ങളെയും നീ കൈകൊള്ളേണമേ നിന്റെ ബഹുലമായ എല്ലാ കൃപകളും സമൃദ്ധമായ ദാനങ്ങളും ഞങ്ങള്‍ എല്ലാവരുടെ മേലും വര്‍ഷിപ്പിക്കേണമേ.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments