Foto

ബ്യൂ ബൈഡനു പ്രണാമം അര്‍പ്പിച്ച് കൊസോവോ; മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയത് പിതാവ്

ബ്യൂ ബൈഡനു പ്രണാമം
അര്‍പ്പിച്ച് കൊസോവോ;
മരണാനന്തര ബഹുമതി
ഏറ്റുവാങ്ങിയത് പിതാവ്


മകന്റെ മരണശേഷം കൈയില്‍ സ്ഥിരമായി ജപമാല അണിയുന്ന പ്രസിഡന്റ്
ജോ ബൈഡന്‍ ബ്യൂവിന്റെ കൊസോവോയുമായുള്ള ബന്ധം അനുസ്മരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മരിച്ചുപോയ മകന്‍ ബ്യൂ ബൈഡന് ആദരമര്‍പ്പിച്ച് തെക്കേ യൂറോപ്യന്‍ രാജ്യമായ കൊസോവോ. രണ്ട് പതിറ്റാണ്ട് മുമ്പ് അവസാനിച്ച യുദ്ധത്തിന് ശേഷം കൊസോവോയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കായാണ് ആദരം. മരണാനന്തര ബഹുമതിയായുള്ള മെഡല്‍ മകനു വേണ്ടി വീഡിയോ കോണ്‍ഫറന്‍സില്‍ പ്രതീകാത്മകമായി ജോ ബൈഡന്‍ സ്വീകരിച്ചു.  

കൈയില്‍ സദാസമയവും ജപമാലയുമായി നടക്കുന്ന ആദ്യ പ്രസിഡന്റ് ബൈഡനാണ്. 2015 മുതല്‍ ജോ ബൈഡന്റെ ഇടതുകൈത്തണ്ടയില്‍ അദ്ദേഹം സദാസമയവും ഒരു കൊന്ത ചുറ്റിയിട്ടിട്ടുണ്ടാകും. മകന്‍ മരിച്ചതിനു ശേഷമാണ് ജോ ബൈഡന്‍ ഈ ശീലം തുടങ്ങിയത്. മെക്‌സിക്കോയിലെ ബസിലിക്ക ഓഫ് ഔവര്‍ ലേഡി ഓഫ് ഗ്വാഡലൂപെയില്‍ നിന്ന് വെഞ്ചിരിച്ച കൊന്തയാണ് പ്രസിഡന്റിന്റെ കൈയിലുള്ളത്. ഡെലാവെയറിലെ അറ്റോണി ജനറല്‍ കൂടിയായിരുന്ന ബ്യൂ ബൈഡന്‍ 2015 ല്‍ 46 ാം വയസില്‍ മസ്തിഷ അര്‍ബുദ ബാധിതനായി മരണപ്പെടുകയായിരുന്നു.1998-99 കാലത്ത് നടന്ന യുദ്ധങ്ങള്‍ക്ക് ശേഷം രാജ്യത്തെ പ്രദേശിക ന്യായാധിപന്മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും യൂറോപ്പുമായി സഹകരണത്തിലെത്താനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ പരിശീലനം നല്‍കിയത് അദ്ദേഹമായിരുന്നു.

കൊസോവോയിലെ ബ്യൂ ബൈഡന്റെ പ്രവൃത്തികള്‍ ഹൃദയംഗമമായിരുന്നുവെന്നും രാജ്യത്തോട് അവന്‍ ഇഷ്ടം വച്ചു പുലര്‍ത്തിയിരുന്നതായും ആദരമര്‍പ്പിക്കുന്ന ചടങ്ങില്‍ മകനു വേണ്ടി ബഹുമതി സ്വീകരിച്ചുകൊണ്ട് ജോ ബൈഡന്‍ പറഞ്ഞു. 2016 ല്‍ കൊസോവോയില്‍ ബ്യൂ ബൈഡന്റെ സ്മരണാര്‍ഥം ഒരു പ്രധാന പാതയ്ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു.വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ അന്ന് കൊസോവോയിലെത്തിയിരുന്നു. കൊസോവോ 2008 ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ സെര്‍ബിയ തയ്യാറാകാത്തത് വെല്ലുവിളിയാണിപ്പോഴും. കൊസോവോയുമായുള്ള യുഎസിന്റെ പങ്കാളിത്തം ജോ ബൈഡന്‍ ആവര്‍ത്തിച്ചു, അഴിമതിക്കെതിരെ പോരാടാനും വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും സാമ്പത്തിക വികസനം ശക്തിപ്പെടുത്താനും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും രാജ്യത്തിനാകണമെന്ന് അദ്ദേഹം പറഞ്ഞു. കൊസോവോയുമായി കോവിഡ് -19 വാക്‌സിനുകള്‍ പങ്കിടാന്‍ യുഎസിന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.

തങ്ങളുടെ മതവിശ്വസം അത്ര പ്രകടമാക്കി പുറത്തു കാണിക്കുന്നവരല്ല യുഎസ് പ്രസിഡന്റുമാരെങ്കിലും ജോ ബൈഡന്‍ വ്യത്യസ്തനാണ്. ജിമ്മി കാര്‍ട്ടര്‍ക്ക് ശേഷം അമേരിക്ക കാണുന്ന ഏറ്റവും വിശ്വാസിയായ യുഎസ് പ്രസിഡന്റാണ് 78കാരനായ ജോ ബൈഡന്‍; യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയും.കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട ആദ്യ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയായിരുന്നു.സാമൂഹ്യ സാമ്പത്തിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ബൈഡന്‍ മധ്യവര്‍ഗക്കാരായ ഐറിഷ് കത്തോലിക്കാ വേരുകളെപ്പറ്റിയും വാചാലനാകും. ഡെലവെയറിലെ വീട്ടിലുള്ളപ്പോള്‍ ഞായറാഴ്ച കുര്‍ബാനകളില്‍ പതിവു സാന്നിധ്യമാണ് ജോ ബൈഡന്‍. ഈ പള്ളിയുടെ സിമിത്തേരിയിലാണ് ബൈഡന്റെ മാതാപിതാക്കളും മകന്‍ ബ്യൂവും അന്ത്യവിശ്രമം കൊള്ളുന്നത്. 1975് ല്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബൈഡന്റെ ആദ്യ ഭാര്യ നെയ്‌ല, മകള്‍ നവോമി എന്നിവരെ അടക്കം ചെയ്തിരിക്കുന്നതും ഇതേ പള്ളിയില്‍ തന്നെയാണ്. ബ്യൂവിനും സഹോദരന്‍ ഹണ്ടറിനും അന്ന് അപകടത്തില്‍ പരിക്കേറ്റിരുന്നു.

ജോ ബൈഡന്റെ സ്ഥാനാരോഹണത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അടക്കമുള്ള ക്രിസ്തീയ നേതാക്കള്‍ പരക്കെ സ്വാഗതം ചെയ്തിരുന്നു. രാജ്യത്ത് സമാധാനവും സുസ്ഥിരതയുമുണ്ടാക്കാന്‍ ബൈഡന് സാധിക്കട്ടെയെന്നായിരുന്നു പോപ്പിന്റെ ആശംസ. യുഎസിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘടനയുടെ അധ്യക്ഷനും ലോസ് ആഞ്ചലസ് ആര്‍ച്ച്ബിഷപ്പുമായ ജോസ് ഗോമസും ജോ ബൈഡന് ആശംസകള്‍ നേര്‍ന്നു.കത്തോലിക്കാ വിശ്വാസം പ്രഘോഷിക്കാന്‍ 60 വര്‍ഷത്തിനിടെയുണ്ടായ ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡനെന്നും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. അതേസമയം, ജോ ബൈഡനെ സ്വാഗതം ചെയ്യുന്ന പല മതനേതാക്കള്‍ക്കും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആശയങ്ങളോടു കൂറു പുലര്‍ത്താനാകുന്നില്ല. ഗര്‍ഭഛിദ്രം സ്ത്രീയുടെ പരമാധികാരമാണെന്ന 1973ലെ സുപ്രീം കോടതി വിധിയോടാണ് ബൈഡന് പിന്തുണ. ഇക്കാരണത്താലാണ് 50 ശതമാനത്തോളം വരുന്ന കത്തോലിക്കരും ഭൂരിപക്ഷം ഇവാഞ്ചലിക്കല്‍ വിശ്വാസികളും അബോര്‍ഷനെ എതിര്‍ക്കുന്ന ട്രംപിന് വോട്ട് ചെയ്തത്.ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും ബൈഡനോട് വ്യക്തമായ വിയോജിപ്പുണ്ടെന്ന് ലോസ് ആഞ്ചലസ് ആര്‍ച്ച്ബിഷപ് വ്യക്തമാക്കിയിരുന്നു.


ഭാര്യ ജില്‍ ബൈഡന്‍ സൂക്ഷിക്കുന്ന 19-ാം നൂറ്റാണ്ടില്‍ തയ്യാറാക്കിയ, കുടുംബത്തിനു പ്രിയപ്പെട്ട ബൈബിളില്‍ കൈചേര്‍ത്തു പിടിച്ചായിരുന്നു ജോ ബൈഡന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യ പ്രസംഗത്തില്‍ ബൈബിള്‍ വചനങ്ങളുണ്ടായിരുന്നു. കൊവിഡ് 19 മൂലം മരിച്ച യുഎസിലെ നാലു ലക്ഷത്തോളം പേര്‍ക്കായി ഒരു നിമിഷം നിശബ്ദനായി പ്രാര്‍ഥിക്കാനും മറന്നില്ല. വൈസ് പ്രസിഡന്റ് കമല ഹാരിസിനൊപ്പം നാഷണല്‍ കത്തീഡ്രലിലിലെ കുര്‍ബാന വീഡിയോയില്‍ കണ്ട ശേഷമായിരുന്നു ഔദ്യോഗിക ജോലികള്‍ക്ക് തുടക്കമിട്ടത്.ട്രംപിന്റെ കാലത്ത് പരസ്പരം അകന്ന റിപ്പബ്ലിക്കന്‍മാരെയും ഡെമോക്രാറ്റുകളെയും പരസ്പരം ചേര്‍ക്കാന്‍ മതത്തിന്റെ അധികാരം ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് ജോ ബൈഡന്‍ പണ്ടേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ദിവസം രാവിലെ വാഷിങ്ടണിലെ സെന്റ് മാത്യൂസ് കത്തീഡ്രലില്‍ കുര്‍ബാനയ്ക്കായി മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാക്കള്‍ അടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങളെ ജോ ബൈഡന്‍ ക്ഷണിച്ചിരുന്നു. ബൈഡന്റെ ക്ഷണം കിട്ടിയ റിപ്പബ്ലിക്കന്‍ നേതാക്കളായ മിച്ച് മക് കോണല്‍, കെവിന്‍ മക്കാര്‍ത്തി എന്നിവര്‍ ട്രംപിന്റെ വൈറ്റ് ഹൗസില്‍ നിന്നുള്ള യാത്രയയപ്പ് ഒഴിവാക്കി പകരം ബൈഡന്റെ കൂടെ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു.

ബാബു കദളിക്കാട്

 
 

 

Foto
Foto

Comments

leave a reply

Related News