കോട്ടയം: ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗർക്കായി നൽകപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ ഔദ്യോഗിക ധന്യൻ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെ 50-ാം ചരമവാർഷിക സമാപനവും സംയുക്തമായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടത്തപ്പെട്ടു. ആഘോഷമായ തിരുക്കർമ്മങ്ങൾക്കു പ്രാരംഭമായി സീറോ മലബാർ സഭാ തലവൻ മാർ റാഫേൽ തട്ടിൽ പിതാവ്, അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്മാർ, അതിരൂപതാ വൈദികർ എന്നിവർ ഒത്തൊരുമിച്ചുള്ള പ്രദക്ഷിണത്തോടുകൂടി തിരുക്കർമ്മങ്ങൾ ആരംഭിച്ചു. കോട്ടയം അതിരൂപതാ മെതാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തെളിച്ച് ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് മാർ മാത്യു മൂലക്കാട്ട് ഏവർക്കും സ്വാഗതം ആശംസിച്ചു. ഓരോ ക്രൈസ്തവനും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ധന്യൻ മാക്കീൽ പിതാവിന്റെ ജീവിത വിശുദ്ധി ഏവർക്കും മാതൃകയാണെന്നും പിതാവു പറഞ്ഞു. തുടർന്ന് ദൈവദാസൻ മാത്യു മാക്കീൽ പിതാവിനെ ധന്യനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിക്രി അതിരൂപതാ ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ വായിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സന്ദേശം നല്കി. ക്‌നാനായ സമുദായത്തിന്റെ അടയാള നക്ഷത്രമായി മാറിയ ധന്യൻ മാക്കീൽ പിതാവ് സഭയ്ക്കും സമുദായത്തിനും അഭിമാനമാണെന്ന് പിതാവു പറഞ്ഞു. പിതാവിന്റെ ധന്യൻ പദവി സഭയുടെ പൊതുവായ സന്തോഷമാണെന്നും തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ക്‌നാനായ സമുദായം സഭയുടെ മുൻപേ പറക്കുന്ന പക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്നാനായ സമുദായത്തെ സ്വപ്നംകണ്ട് ജീവിച്ച മാർ മാക്കീൽ പിതാവ് പഴയനിയമത്തിലെ പൂർവ്വ യൗസേപ്പിന്റെ പ്രതീകമാണെന്ന് അനുസ്മരിച്ചു. ക്നാനായ സമുദായത്തെ നെഞ്ചിലേറ്റി സമുദായത്തിന്റെ ചക്രവാളങ്ങൾ മനസ്സിൽ കിനാവുകണ്ട ഒരു സ്വപ്നക്കാരനുമാണ് മാക്കിൽ പിതാവ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ പിന്നീടുവന്ന പിതാക്കന്മാരും വൈദികരും സമർപ്പിതരും അൽമായരും കരം ചേർത്തതാണ് കോട്ടയം അതിരൂപതയുടെ സുസ്ഥിതിക്ക് പ്രധാന കാരണയി ഇന്നു നാം കാണുന്നതെന്ന് മാർ തട്ടിൽ പിതാവ് പറഞ്ഞു. തുടർന്ന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. അതിരൂപതാ സഹായ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, പ്രോ-പ്രോട്ടോസിഞ്ചലൂസ് ഫാ. തോമസ് ആനിമൂട്ടിൽ, സിഞ്ചെല്ലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ജോസ് തറയിൽ, അതിരൂപതയിലെ വൈദികർ മുതലായവർ സഹകാർമ്മികരായി പങ്കെടുത്തു.
മാർ മാക്കിൽ പിതാവ് യഥാർത്ഥത്തിൽ ഒരു വിശുദ്ധനാണെന്ന് ദിവ്യബലിമധ്യേ നടത്തിയ സന്ദേശത്തിൽ മാർ മൂലക്കാട്ട് പറഞ്ഞു. അദ്ദേഹത്തെക്കുറിച്ചു കൂടുതൽ പഠിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയായിരുന്നു. ജീവിതപാതയിൽ വിവിധങ്ങളായ ക്ലേശങ്ങൾ ഉണ്ടായപ്പോൾ സഭയോടു ചേർന്നുനിന്ന് അതെല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്നു തിരിച്ചറിയാനുള്ള കഴിവ് പിതാവിനുണ്ടായിരുന്നു. അതുപോലെ പിതാവിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിട്ടാണ് ക്നാനായ കത്തോലിക്കർക്കായി കോട്ടയം വികാരിയാത്തും വിസിറ്റേഷൻ സമൂഹവും ഉണ്ടായതുതന്നെ. ദൈവത്തിൽ ശരണപ്പെട്ടുകൊണ്ട് സഭയോടു ചേർന്നുനിന്നാണ് അദ്ദേഹം എപ്പോഴും പ്രവർത്തിച്ചിരുന്നത്. ദൈവീക പദ്ധതികളെ തിരിച്ചറിയാനുള്ള വിശുദ്ധി പിതാവിനുണ്ടായിരുന്നു. ദൈവീക പദ്ധതികളോടു ചേർന്നുനിന്ന് ഏറെ നിശ്ചയദാർഢ്യത്തോടെ വിനയത്തിലും വിശുദ്ധിയിലും കടന്നുവന്ന് സഭയോടൊപ്പം മുന്നോട്ടുപോകുവാൻ കഴിഞ്ഞതുകൊണ്ടാണ് കോട്ടയം വികാരിയാത്ത് രൂപതയായും പിന്നീട് അതിരൂപതയായും ഉയർന്നപദവിയിൽ എത്തിപ്പെടാൻ ഇടയാക്കിയതെന്ന് മാർ മൂലക്കാട്ട് പറഞ്ഞു.
ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട അനുസ്മരണ പ്രാർത്ഥനകൾക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കാർമ്മികത്വം വഹിച്ചു. തുടർന്നു നടത്തപ്പെട്ട അനുസ്മരണ സമ്മേളനത്തിൽ ഗീവർഗീസ് മാർ അപ്രേം പിതാവ് ഏവർക്കും സ്വാഗതം ആശംസിച്ചു. അതിരൂപതാ വൈദികസമിതി സെക്രട്ടറി ഫാ. അബ്രാഹം പറമ്പേട്ട്, ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സി. ഇമ്മാക്കുലേറ്റ് എസ്. വി.എം, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറൽ സി. ലിസി മുടക്കോടിൽ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഫാ. തോമസ് ആദോപ്പിള്ളിൽ രചിച്ച വിശുദ്ധിയിലേക്കുള്ള വീഥി, സിസ്റ്റർ ആലിസ് വട്ടംതൊട്ടിയിൽ രചിച്ച സ്‌നേഹതീർത്ഥം രണ്ടാംഭാഗം, സിസ്റ്റർ മേഴ്‌സിലറ്റ് എസ്.വി.എം രചിച്ച പുണ്യചരിതനായ ധന്യൻ മാർ മാത്യു മാക്കീൽ എന്നീ പുസ്തകങ്ങളുടെ പ്രകാശന കർമ്മവും നടത്തപ്പെട്ടു. അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ ഏവർക്കും കൃതജ്ഞതയർപ്പിച്ചു. തുടർന്ന് ഇരു വ്യക്തിത്വങ്ങളെയുംകുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടത്തപ്പെട്ടു. ചടങ്ങിൽ ഷെവലിയാർ ജോയി ജോസഫ് കൊടിയന്തറ, ജസ്റ്റീസ് സിറിയക് ജോസഫ്, ഫ്രാൻസിസ് ജോർജ്ജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ്ജ്, സഭയിലെയും സമുദായത്തിലെയും പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫോട്ടോ : ദൈവദാസൻ മാത്യു മാക്കീൽ പിതാവിനെ ധന്യനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ശുശ്രൂഷകൾക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തിരി തെളിച്ചുകൊണ്ട് തുടക്കം കുറിക്കുന്നു. സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം തുടങ്ങിയവർ സമീപം
ഫാ. തോമസ് ആനിമൂട്ടിൽ
വികാരി ജനറാൾ
Comments