ജോമി തോമസ് കലയപുരം
നൂറ്റാണ്ടുകൾക്കിടയിൽ കണ്ടുമുട്ടുന്ന അപൂർവം ദൈവമനുഷ്യരിൽ ഒരാളായിരുന്നു ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ്. പിതാവിന്റെ സ്വർഗീയ പ്രവേശനത്തിന്റെ സപ്തതി സ്മരണ നാളെ ആചരിക്കുന്നു. അടിയുറച്ച ജീവിതയജ്ഞം വഴി വർത്തമാനകാല പ്രശ്നങ്ങളോട് ആത്മാർഥമായി പ്രതികരിച്ച ഒരുസാധാരണ മനുഷ്യസ്നേഹിയായിരുന്നു ദൈവദാസൻ മാർ ഈവാനിയോസ്. സ്വന്തം സമുദായത്തിന്റെ നവോത്ഥാനം മാത്രമായിരുന്നില്ല പിതാവിന്റെ ലക്ഷ്യം. മറിച്ച്, പൊതുസമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളിലും തന്റെ ജീവിതം പ്രയോജനപ്പെടുത്തി എന്നത് ആ ബഹുമുഖപ്രതിഭയുടെ അതുല്യ വ്യക്തിപ്രഭാവം എടുത്തുകാട്ടുന്നു. പതിറ്റാണ്ടുകളായി കാറ്റും വെളിച്ചവും കടന്നുചെല്ലാത്ത, അധിനിവേശത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെ ഇളക്കിമറിച്ച് പരിവർത്തനത്തിന്റെ നവയുഗ സൃഷ്ടിയിൽ പങ്കാളിയായ മഹദ്വ്യക്തിയാണ് മാർ ഈവാനിയോസ്. സമൂഹത്തിന്റെ വിമോചന മാർഗങ്ങളെ തിരിച്ചറിഞ്ഞ് ദൈവികദർശനങ്ങൾ ഉൾക്കൊണ്ട് ഈ കർമയോഗി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് ഭാരതത്തിന്റെ നവോത്ഥാനത്തിൽ തന്റേതായ പങ്കുവഹിച്ചു.
പള്ളിക്കൂടങ്ങൾ
സമൂഹത്തെ ബാധിച്ചിരുന്ന അന്ധകാരശക്തികൾക്കെതിരേ പോരാടാൻ അദ്ദേഹം ലക്ഷ്യമിട്ട ആദ്യത്തെ മാർഗം വിദ്യാഭ്യാസ പ്രവർത്തനങ്ങളായിരുന്നു. സമൂഹപുരോഗതിക്ക് ഓരോ പൗരനും വിദ്യാഭ്യാസം നേടിയേ മതിയാകൂ എന്നു മനസിലാക്കിയ പിതാവ്, അന്നത്തെ തിരു-കൊച്ചി സംസ്ഥാനത്തിൽ അനേകം പ്രൈമറി സ്കൂളുകളും ഹൈസ്കൂളുകളും സ്ഥാപിക്കുകയും വിജയകരമായി നടത്തുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ മാർ ഈവാനിയോസ് കോളജ്തന്നെ അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനയാണല്ലോ.
പള്ളികൾ സ്ഥാപിക്കുന്നതിലും കൂടുതൽ താത്പര്യം പിതാവ് കാട്ടിയത് പള്ളിക്കൂടങ്ങൾ പണിയുന്നതിലായിരുന്നു. ഇത് സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഓരോ സ്കൂളിനുംവേണ്ടി സ്ഥലം, കെട്ടിടം, ഉപകരണങ്ങൾ എന്നിവയ്ക്കായി പതിനായിരക്കണക്കിനു രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ബുദ്ധിമുട്ടിയും കടം വാങ്ങിയും ഇത്തരം സ്ഥാപനങ്ങൾ പടുത്തുയർത്തിയതിന്റെ ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെയുള്ള നവോത്ഥനമായിരുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിൽ മാർ ഈവാനിയോസ് സ്ഥാപിച്ച സ്ഥാപനങ്ങൾ ഒരു മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ ഉണർവിന് ആംഗലേയ വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും അനിവാര്യമാണെന്ന് അദ്ദേഹം പഠനകാലത്തുതന്നെ മനസിലാക്കിയിരുന്നു. സുറിയാനി സഭയിലെ പ്രഥമ എംഎ ബിരുദധാരിയായ അദ്ദേഹം സെറാംപുർ കോളജ് പ്രഫസറായിരുന്ന കാലഘട്ടത്തിൽ നാട്ടുകാരായ ഇരുപതോളം വിദ്യാർഥികൾക്ക് അവിടെ പഠിക്കാനും ഉന്നതബിരുദം സന്പാദിക്കാനുമുള്ള അവസരം പ്രദാനം ചെയ്തു. ഇവരിലൂടെ നാടിനുണ്ടായ സേവനങ്ങൾ വളരെയധികമാണ്.
സമൂഹത്തിന്റെ പുരോഗതിക്ക് ഉദ്ബുദ്ധരായ സ്ത്രീസമൂഹം ഉണ്ടാകണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നു. സ്ത്രീവിദ്യാഭ്യാസത്തിന് അദ്ദേഹം കാര്യക്ഷമമായ പരിപാടികൾ ആവിഷ്കരിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായി നിരവധി പെണ്കുട്ടികളെ കോൽക്കത്തയിലെ ഡയസീഷ്യൻ കോളജിൽ അയയ്ക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. ക്രൈസ്തവ സമുദായത്തിൽ വിദ്യാസന്പന്നരായ വനിതകൾ വളർന്നുവരാൻ ഇതു കാരണമായി.
അനീതിക്കെതിരേ
ജാതിമതഭേദമന്യേ എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനുമുള്ള മനോഭാവം പിതാവിനുണ്ടായിരുന്നു. ബഥനിയിലെ അനാഥശാലയിൽ എത്രയധികം മറ്റു മതസ്ഥരായ കുട്ടികളാണുണ്ടായിരുന്നത്. സവർണരുടെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന അവശസമുദായങ്ങളെ പുനരുദ്ധരിക്കാനും അയിത്തോച്ചാടന പ്രവർത്തനങ്ങൾ നടത്താനും അദ്ദേഹം വിപുലമായ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി. നല്ലിടയൻ സ്കൂൾ പ്രവർത്തനവും കല്ലുമല ഇടവകയിലെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്.
സമൂഹത്തിലെ അനീതികൾക്കെതിരേ പടവാളേന്തിയ ധീരനായ പടയാളികൂടിയാണ് മാർ ഈവാനിയോസ് തിരുമേനി. തിരുവിതാംകൂറിൽ ദിവാനായിരുന്ന സർ സി.പി. രമാസ്വാമി അയ്യരുടെ ക്രൂരമായ ഭരണനടപടികൾക്കെതിരേയും മാടന്പിത്തരത്തിനെതിരേയും കുത്സിത പ്രവർത്തനത്തിനങ്ങൾക്കെതിരേയും പരസ്യമായി പ്രതികരിച്ച ആദ്യത്തെ വ്യക്തി അദ്ദേഹമായിരുന്നു. പുന്നപ്ര-വയലാർ സമരങ്ങൾക്ക് എത്രയോ കാലം മുന്പ് ദിവാന്റെ കിരാതനയങ്ങൾക്കെതിരേ ആർച്ച്ബിഷപ് സന്ധിയില്ലാ സമരം നയിച്ച് സിപിയെ മുട്ടുകുത്തിച്ചു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിൽ ആർച്ച്ബിഷപ്പിനുണ്ടായിരുന്ന സ്വാധീനശക്തി സിപിക്ക് പല അവസരങ്ങളിലും ബോധ്യപ്പെട്ടു,
തിരുവിതാംകൂറിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തടയാനുള്ള സർ സി.പി. രാമസ്വാമി അയ്യരുടെ പ്രൈമറി സ്കൂൾ ദേശസാത്കരണ പദ്ധതിക്കെതിരേ ആർച്ച്ബിഷപ് ശക്തമായി നീങ്ങുകയും വിജയം വരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് തിരുവിതാംകൂറിലെ ക്രിസ്ത്യാനികളും ഈഴവരും മുസ്ലിംകളും ഒരുമിച്ചുനിന്ന് സിപിക്കെതിരെ നിവർത്തനപ്രക്ഷോഭം ആരംഭിച്ചു. ഇതിന്റെ സൂത്രധാരൻ ആർച്ച്ബിഷപ്പായിരുന്നു. നിവർത്തനപ്രക്ഷോഭം വിജയിക്കുകയും ഈഴവർക്കും മുസ്ലിംകൾക്കും ജനസംഖ്യാനുപാതികമായ സീറ്റു സംവരണം ലഭിക്കുകയും ചെയ്തു.
തിരു-കൊച്ചിയിലെ സ്വകാര്യവിദ്യാലയങ്ങൾക്കെതിരേ വിദ്യാഭ്യാസമന്ത്രി പനന്പിള്ളി ഗോവിന്ദ മേനോൻ കൊണ്ടുവന്ന സെക്കൻഡറി സ്കൂൾ പരിഷ്കാര പദ്ധതിയുടെ അപകടസൂചനകൾ മുന്നിൽക്കണ്ട് ആർച്ച്ബിഷപ് അതിനെതിരേ സംഘടിതമായി നീങ്ങി. വിദ്യാഭ്യാസ പ്രവർത്തനത്തിൽ മാനേജർമാർക്കുള്ള മൗലികാവകാശം ഇല്ലായ്മ ചെയ്യുന്ന കിരാത വ്യവസ്ഥകളായിരുന്നു ആ പദ്ധതിയിലുണ്ടായിരുന്നത്.
മാനേജ്മെന്റിന്റെ നിയമനാധികാരത്തെ പനന്പിള്ളി പദ്ധതി ഹനിച്ചിരുന്നു. പദ്ധതി പ്രഖ്യാപനം വന്നയുടൻതന്ന ആർച്ച്ബിഷപ് പത്രസമ്മേളനം വിളിച്ചുകൂട്ടി അതിലെ ന്യൂനതകൾ ചൂണ്ടിക്കാണിച്ചു. ആർച്ചബിഷപ്പിന്റെ സന്ദർഭോചിതമായ നടപടികളുടെ ഫലമായി പനന്പിള്ളി തന്റെ പദ്ധതിയിലെ മാനേജ്മന്റുകളെ ഹനിക്കുന്ന വ്യവസ്ഥകൾ നീക്കംചെയ്തു. മാർ ഈവാനിയോസ്ന്റെ ബുദ്ധി അന്ന് ഇത്തരത്തിൽ പ്രവർത്തിച്ചതിന്റെ ഫലമായി സ്വകാര്യ സ്കൂളുകളിൽ ഇന്നും അധ്യാപക നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ മാനേജ്മെന്റിനു കഴിയുന്നു.
മാതൃരാജ്യസ്നേഹം
മാതൃരാജ്യത്തോടുള്ള സ്നേഹവും കൂറും മാർ ഈവാനിയോസിന് എപ്പോഴുമുണ്ടായിരുന്നു. ഭാരത സ്വാതന്ത്ര്യവും രണ്ടാം ലോകമഹായുദ്ധവും കൊടുന്പിരികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ജപ്പാന്റെ ഇന്ത്യാ ആക്രമണ പദ്ധതിക്കെതിരേ പട്ടാളക്കാരായി യുവാക്കളെ അയയ്ക്കാൻ തികഞ്ഞ രാജ്യസ്നേഹിയായ മാർ ഈവാനിയോസ് പ്രോത്സാഹിപ്പിച്ചു. ബി.ജി. ജേക്കബ്, പി.എം. തോമസ്, കുട്ടിയച്ചൻ തുടങ്ങിയവരെ യുദ്ധത്തിനു പോകാൻ ആർച്ച്ബിഷപ് അനുവദിക്കുകയുണ്ടായി. അവർ യുദ്ധമുന്നണിയിലായിരുന്ന അവസരങ്ങളിലെല്ലാം പിതാവ് അവർക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞു വന്നപ്പോൾ അവരോട് ആർച്ച്ബിഷപ്പ് ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യത്തോടുള്ള സ്നേഹം, അതില്ലാതായാൽ എന്റെ കുഞ്ഞുങ്ങളും നമ്മൾ ആരംഭിച്ച പ്രസ്ഥാനങ്ങളും തകരില്ലേ? അത് ദൈവപദ്ധതിക്കെതിരാണ്. അതിനാലാണ് നിങ്ങളെ ഞാൻ യുദ്ധത്തിനയച്ചത്, രാജ്യത്തെ രക്ഷിക്കാൻ.’’
മാർ ഈവാനിയോസ് പിതാവിന്റെ വിദേശ പര്യടനങ്ങൾക്കിടയിലെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെപ്പറ്റിയും ആധുനിക സ്ഥിതിയെക്കുറിച്ചുമെല്ലാം വിദേശ രാഷ്ട്രനേതാക്കളുമായും വിദേശ നയതന്ത്രപ്രതിനിധികളുമായുമെല്ലാം സംസാരിച്ചിരുന്നു. നിരവധി രാഷ്ട്രത്തലവന്മാരുടെ ആദരവു നേടാൻ ആർച്ച്ബിഷപ്പിനു കഴിഞ്ഞിട്ടുണ്ട്. പത്രപ്രസ്താവനകളിലും പ്രഭാഷണങ്ങളിലും മാർ ഈവാനിയോസ് പിതാവിന്റെ രാജ്യസ്നേഹം പ്രകടമാകുന്നുണ്ട്. കാനഡ സന്ദർശനവേളയിലെ ഒരു പ്രഭാഷണത്തിൽ പ്രസ്താവിച്ചതിങ്ങനെയാണ്: “എന്റെ പ്രിയപ്പെട്ട ഇന്ത്യൻ ജനതയെപ്പറ്റി പറയുന്നപക്ഷം സാന്പത്തിക സ്വാതന്ത്ര്യവും സമാധാനവുമാണ് ഞങ്ങളുടെ ഇന്നത്തെ ദേശീയ ആവശ്യം. എത്ര ആകാംക്ഷയോടെയാണ് സർവരാഷ്ട്രങ്ങളുടെയും ദൃഷ്ടികൾ ഞങ്ങളുടെ നേരേ തിരിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. വിപ്ലവച്ചൂളയിൽ കിടന്നു നീറുന്ന ഞങ്ങളുടെ രാജ്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഞങ്ങളുടെ ദേശീയ നേതാക്കൾ നടത്തുന്ന പരിശ്രമങ്ങളെ വിവേകപൂർണമായ ലക്ഷ്യത്തിലെത്തിക്കുന്നതിന് എത്ര അഗാധമായ അനുകന്പയോടെയാണ് കാനഡയിലെ ജനത താത്പര്യപ്പെടുന്നതെന്ന് ഞങ്ങൾക്കറിയാം.’’
സ്വതന്ത്ര ഇന്ത്യയിൽനിന്നു വത്തിക്കാനിലേക്ക് പ്രതിനിധികളെ അയയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആർച്ച്ബിഷപ് പ്രധാനമന്ത്രി നെഹ്റുവിനോടും ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയായ വിജയലക്ഷ്മി പണ്ഡിറ്റിനോടും അഭ്യർഥിക്കുകയും അതനുസരിച്ച് പ്രതിനിധികളെ അയക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യ ബ്രിട്ടീഷ് കോമണ്വെൽത്തിൽ അംഗമാകേണ്ടതിന്റെ അഭിലഷണീയതയെപ്പറ്റിയും ഇല്ലെങ്കിൽ സംഭവിക്കാവുന്ന ദുരന്തഫലങ്ങളെപ്പറ്റിയും അദ്ദേഹം ദീർഘവീക്ഷണത്തോടെ ചിന്തിച്ചിരുന്നു. ഇതിനുവേണ്ടി അദ്ദേഹം ഇന്ത്യൻ ഡെലിഗേറ്റ് അപ്പസ്തോലിക്കയ്ക്ക് കത്തയയ്ക്കുകയും അതിന്റെ ഫലമായി ഇന്ത്യ, കോമണ്വെൽത്തിൽ അംഗമാകുകയും ചെയ്തു.
മഹാത്മാഗാന്ധിയോട് അദ്ദേഹത്തിന് വളരെയധികം ആദരവും ബഹുമാനവുമുണ്ടായിരുന്നു. മഹാത്മജി വധിക്കപ്പെടുമ്പോൾ അദ്ദേഹം അമേരിക്കൻ പര്യടനത്തിലായിരുന്നു. അന്ന് ഫൊർഡാം യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ അദ്ദേഹം പ്രസംഗിച്ചു. മാർ ഈവാനിയോസിന്റെ കർമപഥങ്ങളിലെല്ലാം ഗാന്ധിയൻ ചിന്താധാരകൾ നിഴലിച്ചു നിൽക്കുന്നുണ്ട്. ഗാന്ധിജിയുടെ നവോത്ഥാനപാത അദ്ദേഹം കൈവിടാതെ പിന്തുടർന്നു.
തിരുവനന്തപുരം നഗരത്തിന്റെ വളർച്ചയ്ക്കും അതിന്റെ മുഖഛായ മാറ്റുന്നതിനും ആർച്ച്ബിഷപ് നിരവധി സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്. നാലാഞ്ചിറ കോളജ്, പട്ടം കത്തീഡ്രൽ, പട്ടം സെന്റ് മേരീസ് സ്കൂൾ, പാളയം പ്രൊ-കത്തീഡ്രൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം വേറിട്ട പന്ഥാവിലൂടെ ഭാരത നവോത്ഥാനത്തിൽ പങ്കുചേർന്ന മാർ ഈവാനിയോസിനെ ‘ഇന്ത്യയിൽനിന്നുള്ള വലിയ മനുഷ്യൻ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മിഷനറി’എന്ന് അമേരിക്കൻ പത്രലോകം വിശേഷിപ്പിച്ചത് എത്രയോ അർഥവത്താണ്.
Comments