Foto

ലോകരോഗീദിനത്തോടനുബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നല്കുന്ന സന്ദേശം

മുപ്പതാമത് ലോകരോഗീദിനത്തോടനുബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നല്കുന്ന സന്ദേശം

11 ഫെബ്രുവരി 2022

''നിങ്ങളുടെ പിതാവ് അനുകമ്പയുള്ളവനായിരിക്കുന്നതുപോലെ
നിങ്ങളും അനുകമ്പയുള്ളവരായിരിക്കുവിന്‍'' (ലൂക്കാ 6:36).
ഉപവിയുടെ പാതയിലായിരുന്നുകൊണ്ട് സഹിക്കുന്നവരുടെ ചാരെ നില്ക്കുക.

പ്രിയ സഹോദരീസഹോദരന്മാരേ,

മുപ്പതു വര്‍ഷം മുമ്പ് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ സ്ഥാപിച്ചതാണ് ലോകരോഗീദിനം. രോഗികളായവരോടും അവരെ ശുശ്രൂഷിക്കുന്നവരോടും വര്‍ദ്ധിതമായ താത്പര്യത്തോടെ പെരുമാറുന്നതിന് ദൈവജനത്തെയും കത്തോലിക്കാ ആരോഗ്യപരിപാലന സ്ഥാപനങ്ങളെയും സാധാരണ പൗരസമൂഹത്തെയും പ്രോത്സാഹിപ്പിക്കാനായിരുന്നു അത്.

ലോകത്തെമ്പാടുമുള്ള പ്രാദേശികസഭകളില്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള പുരോഗതിയെകുറിച്ച് നമ്മള്‍ കര്‍ത്താവിനോട് കൃതജ്ഞതാനിര്‍ഭരരാണ്. ഏറെ പുരോഗതി ഉണ്ടായിട്ടുണ്ട്;  എന്നാല്‍, എല്ലാ രോഗികള്‍ക്കും, പ്രത്യേകിച്ച് വലിയ ദാരിദ്ര്യത്തിന്റെയും പാര്‍ശ്വവത്കരണത്തിന്റെയും ഇടങ്ങളിലും സാഹചര്യങ്ങളിലും വസിക്കുന്നവര്‍ക്ക്, ആവശ്യകമായ ആരോഗ്യപരിരക്ഷയും അവരുടെ രോഗാവസ്ഥയില്‍ ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവുമായി അനുരൂപപ്പെടാന്‍ സഹായകമായ അനുഭവവും നല്കുന്ന അജപാലന ശുശ്രൂഷ നല്കുന്നതില്‍നിന്ന് ഇനിയും നാം ഒരുപാട് വിദൂരത്താണ്. മുപ്പതാമത് ലോകരോഗീദിനം രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടും ഉള്ള അടുപ്പത്തിലും ശുശ്രൂഷയിലും വളരുന്നതിന് സഹായകമാകട്ടെ. അതിന്റെ ഉപസംഹാരച്ചടങ്ങ്, കോവിഡ്-19 മഹാമാരിമൂലം, മുമ്പ് തീരുമാനിച്ചിരുന്നതുപോലെ പെറുവിലെ ആരെക്വിപ്പായില്‍വച്ചു നടത്താന്‍ സാധിക്കാതെ വന്നതിനാല്‍, ഈ പ്രാവശ്യം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍ വച്ച് ആയിരിക്കും നടക്കുന്നത്.

1. പിതാവിനെപ്പോലെ കരുണാമയന്‍

ഈ രോഗീദിനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന, ''നിങ്ങളുടെ പിതാവ് അനുകമ്പയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും അനുകമ്പയുള്ളവരായിരിക്കുവിന്‍'' (ലൂക്കാ 6:36) എന്ന പ്രമേയം ''കരുണാസമ്പന്നനായ'' (എഫേ 2:4) ദൈവത്തിലേക്കു നമ്മുടെ ദൃഷ്ടികള്‍ തിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു; തന്റെ മക്കള്‍ തന്നില്‍നിന്നു പിന്തിരിഞ്ഞുപോകുമ്പോഴും ഒരു പിതാവിന്റെ സ്‌നേഹത്തോടെ അവിടന്ന് അവരെ കാത്തുപാലിക്കുന്നു. ദൈവത്തിന്റെ ഏറ്റവും ഉചിതമായ പേര് കരുണ എന്നാണ്; ഈ കരുണയെന്നത് ചിലപ്പോള്‍ ഉണ്ടാകുന്ന വികാരപരമായ ഒരു സഹാനുഭാവം എന്ന നിലയിലല്ല മനസ്സിലാക്കേണ്ടത്. പ്രത്യുത, ദൈവത്തിന്റെ സ്വഭാവത്തോടുതന്നെ ചേര്‍ന്നിരിക്കുന്ന,  സദാ സന്നിഹിതമായിരിക്കുന്ന, ഒരു സജീവഭാവമായിട്ടാണ്. അത് ശക്തിയും ആര്‍ദ്രതയും ഉള്‍ച്ചേര്‍ക്കുന്നു.  അക്കാരണത്താല്‍, പിതൃഭാവവും മാതൃഭാവവും (ഏശ 49:15 കാണുക) ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ദൈവത്തിന്റെ കരുണയെന്ന് അതിശയത്തോടും കൃതജ്ഞതയോടുംകൂടി നമുക്ക് പറയാനാകും. ഒരു പിതാവിന്റേതായ ശക്തിയോടെയും മാതാവിന്റേതായ ആര്‍ദ്രതയോടെയും ദൈവം നമ്മോടു കരുണാപൂര്‍വം പെരുമാറുന്നു; പരിശുദ്ധാത്മാവില്‍ നമുക്കു നിരന്തരം പുതുജീവന്‍ നല്കാന്‍ അവിടന്ന് ആഗ്രഹിക്കുന്നു.

2. യേശു, പിതാവിന്റെ കരുണാഭാവം

രോഗികളോടുള്ള പിതാവിന്റെ കരുണാര്‍ദ്രസ്‌നേഹത്തിന്റെ ഉത്തമസാക്ഷി പിതാവില്‍നിന്നു ജാതനായ ഏകപുത്രനാണ്. വ്യത്യസ്ത രോഗങ്ങളാല്‍ വലഞ്ഞ ജനങ്ങളെ എത്രയോ പ്രാവശ്യം യേശു കണ്ടുമുട്ടിയതായാണ് സുവിശേഷങ്ങള്‍ വിവരിക്കുന്നത്! ''അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലിമുഴുവന്‍ ചുറ്റിസഞ്ചരിച്ചു'' (മത്താ 4:23). യേശു രോഗികളോട് അത്രമാത്രം താത്പര്യം കാണിക്കാന്‍ കാരണമെന്തെന്നു നാം ചോദിക്കേണ്ടതാണ്. സുവിശേഷം പ്രസംഗിക്കാനായി തന്റെ അപ്പസ്‌തോലന്മാരെ അയച്ചുകൊണ്ട് രോഗികളെ സുഖപ്പെടുത്തുന്നത് (ലൂക്കാ 9:2 കാണുക) അവരുടെ ദൗത്യത്തിന്റെ അടിസ്ഥാനഭാഗമായി യേശു കരുതിയത് എന്തുകൊണ്ടാണ്?

ഇരുപതാം നൂറ്റാണ്ടിലെ ഒരു തത്ത്വചിന്തകന്‍ ഇതിന് ഇപ്രകാരമൊരു ഉത്തരം നല്കുന്നു: ''വേദന ഒരാളെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്നു. പരമമായ ആ ഒറ്റപ്പെടല്‍ അപരനിലേക്കു സഹായമഭ്യര്‍ത്ഥിക്കാന്‍, അപരനെ വിളിക്കാന്‍ കാരണമാകുന്നു.'' വ്യക്തികള്‍ രോഗംമൂലം തങ്ങളുടെ ശരീരത്തില്‍ ബലഹീനതയും വേദനയും അനുഭവിക്കുമ്പോള്‍ അവരുടെ ഹൃദയം ഭാരമുള്ളതാകുന്നു, ഭയം വര്‍ദ്ധിക്കുന്നു, അനിശ്ചിതത്വങ്ങള്‍ പെരുകുന്നു, അവരുടെ ജീവിതങ്ങളില്‍ സംഭവിക്കുന്നവയുടെ അര്‍ഥംതേടല്‍ അടിയന്തിരപ്രാധാന്യം അര്‍ഹിക്കുന്നതായി മാറുന്നു. മഹാമാരിയുടെ ഇക്കാലത്ത്, തങ്ങളുടെ ഈ ലോകജീവിതത്തിന്റെ അവസാനഭാഗം തങ്ങളുടെ പ്രിയപ്പെട്ടവരുടെയും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടവരുടെയും പക്കല്‍നിന്നകന്ന് ഏകാന്തതയില്‍ കഴിച്ചുകൂട്ടിയവരെ - അവര്‍ തീവ്രപരിചരണവിഭാഗത്ത് വിശാലമനസ്‌കരായ ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെയാണു ചെലവിട്ടതെങ്കിലും - നമുക്ക് എങ്ങനെ മറക്കാനാകും? പിതാവിന്റെ കരുണാഭാവമായിരുന്ന യേശുവിന്റെ മാതൃക സ്വീകരിച്ചുകൊണ്ട്, രോഗികളുടെ മുറിവുകളില്‍ സാന്ത്വനത്തിന്റെ ലേപനം പുരട്ടുകയും പ്രത്യാശയുടെ വീഞ്ഞ് ഒഴിക്കുകയും ചെയ്യുന്ന ദൈവസ്‌നേഹസാക്ഷികളുടെ സാന്നിധ്യം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്നു കാണാന്‍ ഇതു നമ്മെ സഹായിക്കുന്നു.

3. ക്രിസ്തുവിന്റെ സഹിക്കുന്ന ശരീരത്തെ സ്പര്‍ശിക്കല്‍

പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവിന്‍ എന്ന യേശുവിന്റെ ആഹ്വാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. രോഗവിവശരെ പരിചരിക്കുന്ന  ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ലബോറട്ടറി ടെക്‌നീഷ്യന്മാര്‍, സഹായികളായ സ്റ്റാഫ് അംഗങ്ങള്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍, തങ്ങളുടെ വിലപ്പെട്ട സമയം രോഗികള്‍ക്കായി ചെലവഴിക്കാന്‍ തയ്യാറാകുന്ന സന്നദ്ധസേവകര്‍ എന്നിവരെയെല്ലാം ഞാന്‍ ഓര്‍ക്കുന്നു. പ്രിയ ആരോഗ്യപ്രവര്‍ത്തകരേ, സ്‌നേഹവും കഴിവുംകൊണ്ടും രോഗികളുടെ ചാരേ നിങ്ങള്‍ നടത്തുന്ന ശുശ്രൂഷ നിങ്ങളുടെ തൊഴിലിന്റെ പരിധിക്കുപരി ഒരു പ്രേഷിതദൗത്യമായി മാറുകയാണു ചെയ്യുന്നത്. ക്രിസ്തുവിന്റെ സഹിക്കുന്ന ശരീരത്തെ സ്പര്‍ശിക്കുന്ന നിങ്ങളുടെ കരങ്ങള്‍ കരുണാമയനായ പിതാവിന്റെ കരുണാമയമായ കരങ്ങളുടെ അടയാളമായിരിക്കും. ആകയാല്‍ നിങ്ങളുടെ തൊഴിലിന്റെ വലിയ മാഹാത്മ്യവും അതു പേറുന്ന ഉത്തരവാദിത്വവും നിങ്ങള്‍ മനസ്സിലാക്കുവിന്‍.

വൈദ്യശാസ്ത്ര രംഗത്ത് ഉണ്ടായിട്ടുള്ള, പ്രത്യേകിച്ച് ഈ അടുത്ത കാലത്തുണ്ടായ, പുരോഗതിയെ ഓര്‍ത്ത് നമുക്കു കര്‍ത്താവിനു കൃതജ്ഞതയര്‍പ്പിക്കാം; രോഗികള്‍ക്ക് ഏറെ സഹായകമായ ചികത്സകള്‍ തയ്യാറാക്കുന്നതില്‍ പുതിയ സാങ്കേതിക വിദ്യകള്‍ നമ്മെ സഹായിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ രോഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിനു ഗവേഷണങ്ങള്‍ വിലപ്പെട്ട സംഭാവനകളാണ് നല്കിക്കൊണ്ടിരിക്കുന്നത്; പുനര്‍ശക്തീകരണമരുന്നുകള്‍ പ്രാഗത്ഭ്യവും കഴിവും തെളിയിച്ചുകഴിഞ്ഞു. അതേസമയം, ഇവയൊന്നും ഓരോ രോഗിയുടെയും വ്യതിരിക്തതയും അവന്റെയും അവളുടെയും മാഹാത്മ്യവും ബലഹീനതകളും വിസ്മരിക്കാന്‍ നമുക്ക് ഇടവരുത്തരുത്. രോഗത്തെക്കാള്‍ പ്രധാനം രോഗികളാണ്; അക്കാരണത്താല്‍ രോഗിയെ കേള്‍ക്കുന്നതില്‍നിന്ന്, പ്രത്യേകിച്ച് അവന്റെയും അവളുടെയും ചരിത്രവും ഉല്‍ക്കണ്ഠങ്ങളും ഭയങ്ങളും ശ്രവിക്കുന്നതില്‍നിന്ന്, ഒരു ചികത്സാസമീപനവും പിന്നാക്കം പോകാന്‍ പാടില്ല. സുഖപ്പെടുത്തല്‍ അസാധ്യമായിരുന്നാല്‍പ്പോലും, ശുശ്രൂഷയുടെയും സാന്ത്വനത്തിന്റെയും സാമീപ്യത്തിന്റെയും അനുഭവം പകരാന്‍ എപ്പോഴും സാധ്യമാണ്. രോഗത്തെക്കാള്‍ തന്നെ പരിഗണിക്കുന്നു എന്ന അനുഭവമായിരിക്കണം രോഗിക്കു ലഭിക്കേണ്ടത്. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നല്കുന്ന പരിശീലനം മറ്റുള്ളവരെ ശ്രവിക്കുന്നതിനും മറ്റുള്ളവരോടു ബന്ധപ്പെടുന്നതിനും അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നതായിരിക്കും എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

4. ശുശ്രൂഷാകേന്ദ്രങ്ങള്‍ ''കരുണയുടെ ഭവനങ്ങള്‍'' ആകുമ്പോള്‍

ശുശ്രൂഷാ കേന്ദ്രങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കാന്‍ ഉതകുന്ന ഒരു നല്ല അവസരംകൂടിയാണ് ലോകരോഗീദിനം. രോഗികളോട് കരുണ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി അസംഖ്യം ''നല്ല സമറിയാക്കാരന്റെ സത്രങ്ങള്‍'' തുറക്കാന്‍ ക്രൈസ്തവസമൂഹം നൂറ്റാണ്ടുകളായി പ്രേരിതമായിട്ടുണ്ട്. അവിടെയാണ് പലതരം രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് സ്‌നേഹവും പരിചരണവും നല്കാന്‍ കഴിയുന്നത്, ഏറെ പ്രത്യേകിച്ച് ദാരിദ്രത്താലും സാമൂഹ്യബഹിഷ്‌കരണത്താലും ചില രോഗങ്ങളോടു ചേര്‍ന്നുള്ള ബുദ്ധിമുട്ടുകളാലും വലഞ്ഞതുമൂലം തങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രതിവിധി കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ കുട്ടികളും വൃദ്ധരും ദുര്‍ബലരുമാണ് പലപ്പോഴും അതിന്റെ വിലകൊടുക്കുന്നവര്‍. പിതാവിനെപ്പോലെ അനുകമ്പാര്‍ദ്രരായിരുന്നുകൊണ്ട് അസംഖ്യം മിഷനറിമാര്‍ തങ്ങളുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായി ആശുപത്രികളും ചികത്സാലയങ്ങളും ശുശ്രൂഷാകേന്ദ്രങ്ങളും നിര്‍മിച്ചിട്ടുണ്ട്. ക്രൈസ്തവ ഉപവി പ്രകാശിതമായിത്തീര്‍ന്ന ഏറെ അമൂല്യമായ ഉപാധികളാണിവ. ക്രിസ്തുശിഷ്യര്‍ സാക്ഷ്യപ്പെടുത്തിയ ക്രിസ്തുസ്‌നേഹം കൂടുതല്‍ വിശ്വസനീയമായത് അവ വഴിയാണ്. നമ്മുടെ ഈ ഭൂമിയുടെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളില്‍ വസിക്കുന്നവരെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്; പരിമിതമായ സൗകര്യങ്ങള്‍ മാത്രം നല്കാന്‍ സാധിക്കുന്ന ചികത്സാകേന്ദ്രങ്ങള്‍ അന്വേഷിച്ച് അവര്‍ക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. ആകയാല്‍, നമുക്ക് ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്! ചില രാജ്യങ്ങളില്‍ ശരിയായ രോഗീപരിചരണം അപ്രാപ്യമായ ഒരു ആഡംബരമാണ്. ദരിദ്രരാഷ്ട്രങ്ങളില്‍ കോവിഡ്-19ന് എതിരേയുള്ള കുത്തിവയ്പുസാധ്യതയുടെ ദൗര്‍ലഭ്യം ഇതിന് ഒരുദാഹരണമാണ്. എന്നാല്‍ അതിലുപരി, ലളിതമായ മരുന്നുകള്‍കൊണ്ട് ചികത്സിക്കാവുന്ന രോഗങ്ങള്‍ക്കുപോലും അവിടെ പ്രതിവിധിയില്ല!

ഈ പശ്ചാത്തലത്തില്‍, കത്തോലിക്കാ ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ പ്രാധാന്യം ഞാന്‍ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അവ സംരക്ഷിക്കപ്പെടേണ്ടതും സൂക്ഷിക്കേണ്ടതുമായ വിലപ്പെട്ട നിധികളാണ്. അവയുടെ സാന്നിധ്യം സഭയുടെ ചരിത്രം വിശിഷ്ടമാക്കിയിട്ടുണ്ട്. അവ വഴിയാണ് രോഗികളോടും ദരിദ്രരോടും മറ്റുള്ളവര്‍ അവഗണിച്ച സാഹചര്യങ്ങളോടും സഭ തന്റെ സാമീപ്യം അറിയിച്ചിട്ടുള്ളത്. അല്പം മാത്രം ശുശ്രൂഷിക്കപ്പെടുകയും അല്ലെങ്കില്‍ ഒട്ടും ശുശ്രൂഷ ലഭിക്കുകയും ചെയ്തിട്ടില്ലാത്ത സഹോദരീസഹോദരന്മാരുടെ നിലവിളി കേള്‍ക്കുകയും അവര്‍ക്കായി തങ്ങളുടെ പരമാവധി ശുശ്രൂഷ നല്കുകയും ചെയ്തിട്ടുള്ള എത്രയെത്ര സന്യാസകുടുംബങ്ങളുടെ സ്ഥാപകരാണ് സഭയില്‍ ഉണ്ടായിട്ടുള്ളത്? ഇന്ന് ഏറെ പുരോഗമിച്ചിട്ടുള്ള രാജ്യങ്ങളില്‍പോലും ഇപ്രകാരമുള്ള സമൂഹങ്ങളുടെ സാന്നിധ്യം ഒരു അനുഗ്രഹമാണ്. കാരണം, ശരീരത്തെ ആവശ്യകമായ പ്രാഗത്ഭ്യത്തോടെ പരിചരിക്കുന്നതോടൊപ്പം അവര്‍ ഉപവിയുടേതായ സമ്മാനവും നല്കുന്നു. അതായത,് അവര്‍ രോഗികളായ വ്യക്തികളെത്തന്നെയും അവരുടെ കുടുംബങ്ങളെയും ഉന്നംവച്ചു പ്രവര്‍ത്തിക്കുന്നു. ''പ്രയോജനരഹിതത്വത്തിന്റെ സംസ്‌കാരം'' (culture of waste) വ്യാപകമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, അതായത് ജീവന്‍ എപ്പോഴും സ്വാഗതം ചെയ്യപ്പെടേണ്ടതും ജീവിക്കേണ്ടതും ആണെന്ന് അംഗീകരിക്കാത്ത സാഹചര്യത്തില്‍, ''ദയാഭവനങ്ങള്‍'' പോലുള്ള സംവിധാനങ്ങള്‍ ജീവനെ സംരക്ഷിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലും - അതും ഏറ്റവും ബലഹീനമായ ജീവിതം അതിന്റെ ആരംഭംമുതല്‍ സാധാരണയായുള്ള അവസാനംവരെ - മാതൃകാപരമായവയാണ്.

5. അജപാലന കരുണ: സാന്നിധ്യവും സാമീപ്യവും

ഇക്കഴിഞ്ഞ മുപ്പതുവര്‍ഷമായി, അജപാലനപരമായ ആരോഗ്യപരിചരണം അനിവാര്യമായ ഒരു ശുശ്രൂഷയായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദരിദ്രര്‍ - ആരോഗ്യത്തില്‍ ദരിദ്രരായ രോഗികളുള്‍പ്പെടെയുള്ളവര്‍ - അനുഭവിക്കുന്ന ഏറ്റവും കടുത്ത വിവേചനം ആധ്യാത്മികമായി അവരോടുള്ള ശ്രദ്ധക്കുറവാണ്. അതിനാല്‍ ദൈവത്തിന്റെ സാമീപ്യം, അതായത് അവിടത്തെ അനുഗ്രഹവും അവിടത്തെ വചനവും കൂദാശകളുടെ ആചരണവും വിശ്വാസത്തില്‍ വളരാനും പാകപ്പെടാനുമുള്ള അവസരമൊരുക്കലും, അവര്‍ക്കു നിഷേധിക്കാന്‍ നമുക്ക് ഇടയാവാതെനോക്കണം. ഇക്കാര്യത്തില്‍ ഒരു വസ്തുത ഞാന്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്നു: കൃത്യമായി നിര്‍ണയിച്ചിട്ടുള്ള ശുശ്രൂഷകരുടെ മാത്രം ചുമതലയല്ല രോഗികളോടുള്ള സാമീപ്യവും അവരുടെ അജപാലന ശുശ്രൂഷയും; രോഗികളെ സന്ദര്‍ശിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനം തന്റെ എല്ലാ ശിഷ്യരോടും ഉള്ളതാണ്. കേവലം ഒരു സന്ദര്‍ശനം പ്രതീക്ഷിച്ച് എത്രയെത്ര രോഗികളും മുതിര്‍ന്നവരും ആണ് തങ്ങളുടെ ഭവനങ്ങളില്‍ ആയിരിക്കുന്നത്? ''ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു'' (മത്താ 25:36) എന്ന യേശുവചനം അനുസ്മരിച്ചാല്‍ ആശ്വാസദായകത്വത്തിന്റെ ശുശ്രൂഷ ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ വ്യക്തിയുടെയും കടമയാണെന്നു വ്യക്തമാകും.

പ്രിയ സഹോദരീസഹോദരന്മാരേ, രോഗികളെയും അവരുടെ കുടുംബങ്ങളെയും ''രോഗികളുടെ ആരോഗ്യമായ'' മറിയത്തിന്റെ മാധ്യസ്ഥ്യത്തിനായി ഞാന്‍ സമര്‍പ്പിക്കുന്നു. ലോകത്തിന്റെ വേദന വഹിക്കുന്ന ക്രിസ്തുവിനോടു ചേര്‍ന്നുകൊണ്ട് അവര്‍ അര്‍ഥവും ആശ്വാസവും അഭയവും കണ്ടെത്തട്ടെ. എല്ലായിടങ്ങളിലുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു; കരുണയില്‍ സമ്പന്നരായിരുന്നുകൊണ്ട് രോഗികൾക്ക് ഉത്തമമായ പരിചരണവും അതോടൊപ്പം സാഹോദരതുല്യമായ സാമീപ്യവും നല്കാന്‍ അവര്‍ക്ക് ഇടവരട്ടെ.

എല്ലാവര്‍ക്കും ഞാന്‍ ഹാര്‍ദമായി എന്റെ അപ്പസ്‌തോലിക ആശീര്‍വാദം നല്കുന്നു.

ഫ്രാന്‍സിസ് പാപ്പാ

Comments

leave a reply

Related News