Foto

ഫ്രാൻസിസ് മാർപ്പാപ്പ-അജപാലനദൗത്യത്തിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയ ശ്രേഷ്ഠൻ : മാർ മാത്യു മൂലക്കാട്ട്



കോട്ടയം: കത്തോലിക്കാ സഭയുടെ 266-ാമത് മാർപ്പാപ്പയായി സ്തുത്യർഹ ശുശ്രൂഷ ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പ  അജപാലനശുശ്രൂഷയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നുവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. അശരണരെയും പാവപ്പെട്ടവരെയും ചേർത്തുനിർത്തിയിരുന്ന പാപ്പ തികഞ്ഞ മനുഷ്യസ്‌നേഹിയും എല്ലാവരെയും സമന്മാരായി കാണുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നെന്ന്  മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പറഞ്ഞു. കോട്ടയം അതിരൂപത ഫ്രാൻസിസ് മാർപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ലാറ്റിനമേരിക്കൻ പശ്ചാത്തലത്തിൽ വളർന്നുവന്ന മാർപ്പാപ്പയുടെ ജീവിതപശ്ചാത്തലങ്ങളും മുൻകാല അനുഭവങ്ങളും സഭയെ വേറിട്ടതും ശക്തവുമായ വഴിയിൽ നയിക്കുവാൻ അദ്ദേഹത്തിനു ശക്തി പകർന്നു. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന മാർപ്പാപ്പ  തികഞ്ഞ പരിസ്ഥിതി സ്‌നേഹി കൂടിയായിരുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന സന്ദേശത്തിലൂടെ മിശിഹായുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലി വർഷത്തിലേക്ക് സഭയെ നയിച്ച അവസരത്തിലാണ് പാപ്പയുടെ വിയോഗം. ജീവിതം മുഴുവൻ സുവിശേഷാനുസരണം ജീവിച്ച് ഉയിർപ്പിന്റെ സന്ദേശം ലോകത്തിനു നല്കി പാപ്പാ വിടവാങ്ങിയിരിക്കുകയാണ്. പലചാക്രിക ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചെങ്കിലും പാപ്പായുടെ ജീവിതമാണ് ലോകത്തിനു നല്കിയ ഏറ്റവും വലിയ സന്ദേശമടങ്ങിയ ഗ്രന്ഥം. നിത്യസമ്മാനത്തിനായി യാത്രയായെങ്കിലും അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ആത്മീയ നേതൃത്വം തലമുറകൾക്ക് പ്രകാശം ചൊരിയും. മാർപ്പാപ്പയ്ക്കുവേണ്ടിയും തിരുസഭയ്ക്കുവേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.


ഫാ. ജോയി കറുകപ്പറമ്പിൽ
പി. ആർ.ഒ

Comments

leave a reply

Related News