കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതയില്‍ വിശ്വാസജീവിതപരിശീലനത്തിന്റെ ഭാഗമായുള്ള മരിയന്‍ തീര്‍ത്ഥാടനം കാഞ്ഞിരപ്പള്ളിയില്‍ വച്ച് നടന്നു. ലോറേഞ്ച് മേഖലയില്‍ വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ തീര്‍ത്ഥാടനം രാവിലെ 9: 30ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ചു. തുടര്‍ന്ന് ജപമാല പ്രാര്‍ത്ഥനയോടുകൂടി മരിയന്റാലി അക്കരപ്പള്ളിയിലേക്ക് നീങ്ങുകയും തീര്‍ത്ഥാടകര്‍ അക്കരപ്പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മരിയന്‍ സന്ദേശം നല്‍കി. പരിശുദ്ധ അമ്മ ഒരു പ്രേഷിതയാണ്. അമ്മയില്‍ വിളങ്ങിയിരുന്ന സുകൃതങ്ങളാണ് സ്‌നേഹം, ത്യാഗം, സേവനം,സഹനം. ഈ സുകൃതങ്ങള്‍ നമ്മുടെ ജീവിതത്തിലും പകര്‍ത്തി അമ്മയെ അനുകരിക്കുന്നവരും അമ്മയെ അനുഗമിക്കുന്നവരും വിശ്വാസത്തിന് സാക്ഷികളായി മാറുന്നവരുമായി നമുക്ക് മാറാം. മിഷന്‍ ലീഗിന്റെ മധ്യസ്ഥര്‍ നമുക്ക് നല്‍കുന്ന സന്ദേശവും ഇതുതന്നെയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സന്ദേശത്തിന്റെ സമാപനത്തില്‍ മാര്‍ ജോസ് പുളിക്കല്‍ ആശീര്‍വാദം നല്‍കി. തീര്‍ത്ഥാടനത്തിന് രൂപത വിശ്വാസപരിശീലന കേന്ദ്ര ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍, മിഷന്‍ ലീഗ് അസി. ഡയറക്ടര്‍ ഫാ. ബോബി വേലിയ്ക്കകത്ത്, രൂപത എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ : കാഞ്ഞിരപ്പള്ളി രൂപതയില്‍ വിശ്വാസജീവിതപരിശീലനത്തിന്റെ ഭാഗമായുള്ള മരിയന്‍ തീര്‍ത്ഥാടനം സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും അക്കരപ്പള്ളിയിലേക്ക് നീങ്ങുന്നു. വിശ്വാസപരിശീലന കേന്ദ്ര ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍, മിഷന്‍ ലീഗ് അസി. ഡയറക്ടര്‍ ഫാ. ബോബി വേലിയ്ക്കകത്ത്, രൂപത എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ മുന്‍ നിരയില്‍.

Comments