മുല്ലക്കര രത്നാകരൻ
ജസ്യുത് പാതിരി ആയിരുന്ന സ്റ്റാൻ സ്വാമി എന്ന ദരിദ്രമായ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന വൃദ്ധനെ റാഞ്ചിയിൽ നിന്ന് 2020 ജനുവരിയിലാണ് അറസ്റ്റ് ചെയ്യുന്നത്. ഭീമ കോറെഗാവ് സംഘർഷത്തിൽ ഈ 84 വയസുകാരന് പങ്കുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി ആരോപിച്ചത്. മഹാരാഷ്ട്രയിലെ കൊറേഗാവ് ഭീമ എന്ന ഗ്രാമത്തിൽ മഹർ എന്ന ദളിത് ജാതിയിൽപ്പെട്ടവർ തങ്ങളുടെ സമുദായത്തിലെ സൈനികരുടെ സഹായത്തോടെ ഈസ്റ്റ് ഇന്ത്യ കമ്പനി പേഷ്വാ ബാജി റാവു രണ്ടാമൻ എന്ന മറാഠാ രാജാവിനെ തോൽപ്പിച്ചതിന്റെ (തങ്ങളെ അടിച്ചമർത്തിയിരുന്ന മറാഠാ രാജാവിനെ തോൽപ്പിക്കാൻ അക്കാലത്ത് അവർ കമ്പനിയുടെ സൈന്യത്തിൽ ചേർന്നെങ്കിൽ അത് സ്വാഭാവികമെന്നേ പറയാൻ കഴിയൂ) വാർഷികം ആചരിക്കുന്നതിനിടെയുണ്ടായ സംഘർഷമാണിത് . യഥാർത്ഥത്തിൽ സവർണ്ണ ജാതിയിൽപ്പെട്ടവരെ സംഘടിപ്പിച്ച് ദളിതരുടെ നേർക്ക് ആക്രമണം നടത്തിയത് ചില തീവ്രഹിന്ദുത്വ സംഘടനകളാണ്. 2018 ജനുവരിയിൽ കേസിലെ പ്രതികൾ സമസ്ത ഹിന്ദു അഘാഡിയുടെ നേതാവ് മിലിന്ദ് ഏക്ബോതെയും ആർ എസ് എസ് നേതാവ് സംഭാജി ഭീഡെയുമായിരുന്നു. ഇവരെ അറസ്റ്റും ചെയ്തു. എന്നാൽ ദേവേന്ദ്ര ഫഡ്നവിസ്‌നയിക്കുന്ന ബിജെപി സർക്കാർ കേസന്വേഷിച്ചുവന്നപ്പോൾ അക്രമത്തിൽനെതിരെ നടന്ന ദളിത് പ്രതിഷേധങ്ങളായി ശരിക്കുമുള്ള പാതകം. അതിന്റെ പേരിൽ നാടെങ്ങുമുള്ള ഇടതുപക്ഷ പ്രവർത്തകരെ പ്രതിയാക്കി അറസ്റ്റും ചെയ്തു. പിന്നീട് എൻ ഐ എ കേസ് ഏറ്റെടുത്തു. 2020-ൽ സ്റ്റാൻ സ്വാമിയെ ഇതിൽ പ്രതി ചേർക്കുന്നു.
ഈ കേസിലെ അറസ്റ്റുകളുടെ ഒരു ഒരു ക്രമം പരിശോധിച്ചാൽ കേന്ദ്ര സർക്കാരിന് വിരോധമുള്ള സാമൂഹ്യ പ്രവർത്തകരെയും സാംസ്കാരിക പ്രവർത്തകരെയുമെല്ലാം ഈ കേസിന്റെ പേരിൽ അറസ്റ്റ് ചെയ്തതായി കാണാം. അവർക്കാർക്കും ജാമ്യം ലഭിച്ചിട്ടില്ല. വീട്ടുതടങ്കലിലും ജയിലിലുമാണവരെല്ലാം. 2018 മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട മിലിന്ദ് ഏക്ബോതെയ്ക്ക് ഏപ്രിലിൽ ജാമ്യം ലഭിച്ചു. ആർ എസ് എസുകാരനും പ്രധാനമന്ത്രിയുമായി ഏറെ അടുപ്പമുണ്ടെന്ന് ആരോപിക്കപ്പെടുന്നയാളുമായ സംഭാജി ഭീഡെയെ അറസ്റ്റ് പോലും ചെയ്തില്ല.
ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട 84 വയസുള്ള സ്റ്റാൻ സ്വാമി ഒരു പാർക്കിസ്നൺസ് രോഗിയായിരുന്നു. കൈകൾക്കും ചുണ്ടുകൾക്കും വിറയലുള്ളതിനാൽ വെള്ളം കുടിക്കാൻ കുഴൽ ഘടിപ്പിച്ച ഒരു സിപ്പർ ഗ്ലാസ് വേണമെന്നായിരുന്നു സ്റ്റാൻ സ്വാമി കോടതിയിൽ അപേക്ഷിച്ചത്. അദ്ദേഹത്തിന്റെ കേസ് കോടതി മാറ്റിവെച്ചു. ഒരു മാസം കഴിഞ്ഞാണ് ആ വൃദ്ധന് വെള്ളം കുടിക്കാൻ സിപ്പർ ഗ്ലാസ് അനുവദിക്കാൻ കോടതി ഉത്തരവിട്ടത്. അതിനിടയിൽ അർണബ് ഗോസ്വാമിയുടെ കേസൊക്കെ കോടതി അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു. ആഡംബർ ബൈക്കിനു മുകളിൽ കയറിയിരിക്കുന്ന നീതി സ്റ്റാൻ സ്വാമിമാരേക്കാൾ എളുപ്പത്തിൽ ലഭിക്കുക അർണബ് ഗോസ്വാമിമാർക്കാകുമല്ലോ. സ്റ്റാൻ സ്വാമി “ആശുപത്രിയിൽ മരിക്കുകയായിരുന്നില്ല”. അദ്ദേഹം ഭരണകൂട ഭീകരതയ്ക്കും പൌരന്റെ അവകാശം സംരക്ഷിക്കാനുള്ള നിയമ സംവിധാനത്തിന്റെ പരാജയത്തിന്റെയും അനാസ്ഥയുടെയും ഇരയായി രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഏറ്റവും പാവപ്പെട്ട മനുഷ്യനെ സ്നേഹിക്കുന്ന മനുഷ്യരെ കോർപ്പറേറ്റുകൾക്ക് പലവിധത്തിൽ ദ്രോഹിക്കാം എന്നതാണ്. കാരണം കോർപ്പറേറ്റുകൾക്ക് അതിനുള്ള അവസരം ഗവണ്മെന്റ് സഹായത്തോടെ ചെയ്തുകൊടുക്കുകയാണ്. അതിനെതിരെ നിൽക്കുന്നവരെ കോർപ്പറേറ്റുകൾ പലതരത്തിൽ ഇല്ലാതാക്കുകയാണ് ചെയ്യുക.
സാധാരണ മനുഷ്യനെ സ്നേഹിക്കാനുള്ള, അവർക്കുവേണ്ടി പ്രവർത്തിക്കാനുള്ള ഇടപെടാനുള്ള അവകാശം നിഷേധിക്കുകയാണ്. മാവോവാദികളായി മുദ്രകുത്തപ്പെടുന്നത് ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്ന അക്കാദമിക്കുകൾ, സാമൂഹിക പ്രവർത്തകർ ഒക്കെയാണ്.
ഇന്നത്തെ പത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിൽ ഒന്ന് ഇതും, മറ്റൊന്ന് മാരകമായ അസുഖം ബാധിച്ച കുഞ്ഞുമുഹമ്മദ് എന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യം വന്ന സാഹചര്യത്തിൽ 18 കോടി രൂപ വിലവരുന്ന മരുന്ന് സമാഹരിച്ച് നൽകിയ ലോക നന്മയെ പറ്റിയുമാണ്. ലോകത്തിന്റെ രണ്ട് സ്വഭാവങ്ങളാണിത്.
സ്നേഹത്തിന്റെ ബന്ധനമാണ് മനുഷ്യൻ ഏറ്റുവാങ്ങേണ്ടത്. വെറുപ്പിന്റെ ബന്ധനത്തിൽ നിന്ന് നാം ഒഴിവാകണം. സ്റ്റാൻസ്വാമിയുടെ അവസ്ഥയ്ക്ക് കാരണമായ നയങ്ങളെ ചെറുത്ത് തോൽപ്പിക്കണം. മറിച്ച് സ്നേഹം കൊണ്ട് ജീവനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളെ സഹകരിച്ച് വളർത്തണം.
Comments