Foto

എൻഡോസൾഫാൻ ദുരിതബാധിതരെ അവഗണിക്കുന്ന ഭരണകൂട നിലപാട് മനുഷ്യാവകാശ ലംഘനം; സമരമുഖത്തുള്ള ദയാബായിക്ക് പിന്തുണ: കെസിബിസി ഐക്യ - ജാഗ്രത കമ്മീഷൻ

ഫാ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷൻ

 

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയം സമാനതകളില്ലാത്തവിധം ഗൗരവമുള്ളതാണ്. അഞ്ച് പതിറ്റാണ്ടുകൾക്കടുത്ത് ചരിത്രമുള്ളതും സർക്കാർ ഇടപെടലിന് സുപ്രീംകോടതി നിർദ്ദേശമുള്ളതുമായ ഗൗരവമേറിയ മനുഷ്യാവകാശ പ്രശ്നമാണത്. കാൽ നൂറ്റാണ്ട് കാലത്തോളം കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിഷമഴ പെയ്തതിന്റെയും തുടർച്ചയായി അവിടെ സംഭവിച്ച ദുരന്തങ്ങളുടെയും ഉത്തരവാദിത്തം സർക്കാരിന് മാത്രമാണ്. 1976 ൽ കാസർഗോഡ് ജില്ലയിലെ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ ആരംഭിച്ചത് സർക്കാരിന്റെ പ്ലാന്റേഷൻ കോർപ്പറേഷനാണ്. കീടനാശിനി കമ്പനികളുടെ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ 12000 ഏക്കർ സ്ഥലത്താണ് അപ്രകാരം കാൽ നൂറ്റാണ്ട് കാലത്തോളം ഹെലിക്കോപ്റ്റർ ഉപയോഗിച്ച് സർക്കാർ വിഷമഴ പെയ്യിച്ചത്‌. 1998 ൽ കോടതി സ്റ്റേ ചെയ്തിട്ടു പോലും സുപ്രീംകോടതി വിധി വരുന്നതുവരെ അവിടെ എൻഡോസൾഫാൻ പ്രയോഗം തുടരുകയായിരുന്നു. കണക്കുകൾ പ്രകാരം നിലവിൽ ആ പ്രദേശങ്ങളിൽ രോഗബാധിതരായി തുടരുന്നവരുടെ എണ്ണം 6727 പേരാണ്. തോട്ടം തൊഴിലാളികളിൽ തന്നെ എഴുപത് ശതമാനം പേരും രോഗബാധിതരാണ് എന്നാണ് റിപ്പോർട്ടുകൾ. പ്രദേശവാസികളുടെ അഞ്ചു തലമുറകൾ വരെ രോഗബാധിതരായിരിക്കുമെന്ന പഠനറിപ്പോർട്ടുകളുണ്ട്. രോഗബാധിതർക്ക് അഞ്ചുലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് 2017 ൽ സുപ്രീംകോടതി വിധിച്ചിരുന്നെങ്കിലും ബഹുഭൂരിപക്ഷം പേർക്കും ഇനിയും പരിമിതമായ ആ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് അനുവദിച്ചിരുന്ന തുച്ഛമായ പെൻഷൻ തുക പോലും പിന്നീട് സർക്കാർ വെട്ടിക്കുറയ്ക്കുകയാണ് ഉണ്ടായിട്ടുള്ളത്. ചികിത്സാ സംബന്ധമായ അവരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന സർക്കാർ വാഗ്ദാനങ്ങൾ ഇന്നുവരെയും പാലിക്കപ്പെട്ടിട്ടില്ല.

എൻഡോസൾഫാന്റെ അശാസ്ത്രീയമായ ഉപയോഗവും അതിന്റെ നിർമ്മാണവും പോലും സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ ആയിരുന്നു എന്നതിനാലും, നിരവധി കോടതി വിധികളുടെയും, മാനുഷിക പരിഗണനകളുടെയും, ജനാധിപത്യപരമായ കടമകളുടെയും അടിസ്ഥാനത്തിലും സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് എൻഡോസൾഫാൻ ദുരിതബാധിതരുടെ മേലുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സമാനമായ ദുരിതത്തിൽ അകപ്പെട്ടിട്ടുള്ള കർണ്ണാടകയിലെ ഗ്രാമീണർക്ക് സുപ്രീംകോടതി അനുശാസിച്ചത് പ്രകാരമുള്ള നഷ്ട പരിഹാരവും പുനരധിവാസവും വർഷങ്ങൾക്ക് മുമ്പേ കർണാടക സർക്കാർ ചെയ്തുനൽകിയ പശ്ചാത്തലത്തിൽ കേരള സർക്കാർ പുലർത്തിവരുന്ന നീതിനിഷേധം പ്രതിഷേധാർഹമാണ്.    

ഭരണകൂടങ്ങളുടെ അശാസ്ത്രീയവും യുക്തിരഹിതവുമായ ഇടപെടലുകളിലൂടെയും, കുറ്റകരമായ അനാസ്ഥകൊണ്ടും ജീവിതം വഴിമുട്ടിയ അനേക ലക്ഷങ്ങളിൽ ഒരു വിഭാഗം മാത്രമാണ് കാസർഗോഡുള്ള എൻഡോസൾഫാൻ ദുരിതബാധിതർ. മൂലമ്പള്ളിയിൽ സർക്കാരിന്റെ കനിവ് കാത്തുകിടക്കുന്ന കുടിയിറക്കപ്പെട്ടവരും, വിഴിഞ്ഞത്ത് കിടപ്പാടം നഷ്ടപ്പെട്ട ആയിരങ്ങളും, ബഫർസോൺ വിഷയത്തിൽ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിൽ തുടരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുമെല്ലാം ഈ വിഭാഗത്തിൽ പെടും. ഇത്തരത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരെയും അതേ വഴികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നവരെയും പരിഗണിക്കാനും അവർ അർഹിക്കുന്ന നീതി നടപ്പാക്കിക്കൊടുക്കുവാനും സർക്കാർ തയ്യാറാകണം.
 
സാമൂഹിക പ്രവർത്തകയായ ദയാബായി എൻഡോസൾഫാൻ  വിഷയം ഏറ്റെടുക്കുകയും പലപ്പോഴായി എൻഡോസൾഫാൻ ഇരകൾക്കായി   സത്യാഗ്രഹമാർഗ്ഗം സ്വീകരിക്കുകയും ചെയ്തതിനാലാണ് സമീപകാലത്ത് അൽപ്പമെങ്കിലും ഈ വിഷയം പൊതുജനശ്രദ്ധയിലും മാധ്യമ ശ്രദ്ധയിലും എത്തിച്ചേർന്നിട്ടുള്ളത്. നീതി നിഷേധിക്കപ്പെട്ട ആയിരക്കണക്കിനായ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നം ഏറ്റെടുത്ത ദയാബായിക്കെതിരെ നടക്കുന്ന നീക്കങ്ങൾ  ദുരിത ബാധിതരെ അവഹേളിക്കുന്നതിന് സമമാണ്.   ഈ സാഹചര്യത്തിൽ, വർഷങ്ങളായി യാതനകൾ അനുഭവിക്കുന്ന, നിശബ്ദരാകാൻ നിർബന്ധിക്കപ്പെടുന്ന കാസർഗോഡ് സ്വദേശികളായ പതിനായിരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ദയാബായിക്ക് പിന്തുണ നൽകാനും ദുരിത ബാധിതർക്ക് നീതി ലഭ്യമാക്കാനുമുള്ള ധാർമ്മിക ഉത്തരവാദിത്തത്തെ ഏറ്റെടുക്കാൻ കേരളസമൂഹം തയ്യാറാകണം.

Comments

leave a reply

Related News