Foto

പുകമറയ്ക്കുള്ളിലെ പ്രണയകൊള്ളികൾ 

നമ്മളേവരും കാര്യമായ് ചിന്തിക്കേണ്ട വിഷയത്തിലേക്ക് വെളിച്ചം വീശുന്ന പരമ്പര: റിപ്പോർട്ടുകളും കണക്കുകളും പുറത്തു വിടാത്തതിന് ഉത്തരവാദി ആരാണ് ?   ആദ്യഭാഗം

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കേരളസമൂഹത്തിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വഴിയൊരുക്കിയ പദമാണ് "ലൗജിഹാദ്".സാങ്കേതികമായി ആ പദത്തിനും വാദത്തിനും നിലനിൽപ്പുണ്ടോ ഇല്ലയോ എന്നതിനപ്പുറം യാഥാർഥ്യം എന്താണ് എന്നുള്ളതാണ്. എന്നാൽ, ഈ വിഷയത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവരാണ്  മലയാളികളിൽ ഏറെയും. തീവ്രമായ ഇസ്ലാമിക - ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളുടെ ഏറ്റുമുട്ടലുകൾക്കിടയിൽ ഉയരുന്ന ചില ആരോപണങ്ങളിൽ കാര്യമായ കഴമ്പില്ലാത്ത ഒന്ന് മാത്രമാണ് ഇതെന്ന് കരുതുന്നവരുണ്ട്. പ്രായ പൂർത്തിയായവർ വിവാഹിതരായി ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതിൽ മതം കലർത്തുന്നതെന്തിന് എന്ന് ചോദിക്കുന്ന ഒരു കൂട്ടരുമുണ്ട്. പരസ്പരം ഇഷ്ടപ്പെട്ട് പ്രണയിച്ച് വിവാഹം കഴിച്ചു ജീവിക്കുന്നവരുമുണ്ട്. അത്തരം വിവാഹങ്ങളെ അംഗീകരിക്കുന്ന സാമൂഹ്യവും നിയമപരവുമായ വ്യവസ്ഥിതിയും നമ്മുടെ രാജ്യത്തുണ്ട്. അതേസമയം തന്നെ, പ്രണയത്തെ കെണിയാക്കി മാറ്റി മതപരിവർത്തനത്തിലേക്കും വിധ്വംസക പ്രവർത്തനങ്ങളിലേക്കും നയിക്കുന്ന വർദ്ധിച്ചു വരുന്ന ശ്രമങ്ങളും ആസൂത്രിത സ്വഭാവങ്ങളും നാം കൂടുതൽ നിരീക്ഷണ വിധേയമാക്കേണ്ടതല്ലേ? ആസൂത്രിതമായ പ്രണയ ചതികളെ സൂചിപ്പിക്കുന്ന പേരുകൾ ഏതുമാകട്ടെ, ഇത്തരം കെണികൾ പൊതുസമൂഹത്തിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ത ഇനിയും നമ്മൾ കണ്ടില്ലെന്ന് നടിക്കുന്നത് ആത്മഹത്യാപരമാണ്.

                  പ്രണയ ചതികളുടെ വ്യാപനത്തെകുറിച് കേരള കത്തോലിക്കാ സഭക്കോ, മറ്റ് ക്രിസ്തീയ സഭകൾക്കോ എതിർ അഭിപ്രായങ്ങളില്ല. ഇതര സമുദായനേതാക്കന്മാരും ചതിക്കുഴികളെകുറിച്ച് ആശങ്കകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ ഇന്റർവ്യൂവിൽ പ്രണയ കെണികൾ ആസൂത്രിതമായി ഇവിടെ നടക്കുന്നുണ്ടെന്ന് ആശങ്കയോടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരം ആശയങ്ങളൊക്കെ മറച്ചുവച്ച് ക്രൈസ്തവരുടെ ബിജെപി ബാന്ധവത്തെകുറിച്ച് വ്യഖ്യാനങ്ങൾ ചമയ്ക്കുന്ന തിരക്കിലായിരുന്നു കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും. പ്രണയം നടിച്ചുള്ള കെണികളും ചതികളും അവഗണിക്കാവുന്നതല്ല, നമ്മുടെ സമൂഹം നേരിടുന്ന ഗുരുതരമായ ഒരു സാമൂഹിക വിപത്താണ് എന്ന് വ്യക്തമായി പറയാനുള്ള ആർജവം കേരളത്തിലെ മത നേതാക്കൾ മാത്രമല്ല, സാംസ്കാരിക നായകന്മാരും മാധ്യമങ്ങളും പ്രകടിപ്പിച്ചേ മതിയാകൂ. 
പ്രണയം നടിച്ച്, സ്വന്തം കുടുംബത്തിലേക്കോ, സമൂഹത്തിലേക്കോ മടങ്ങി പോകാൻ പറ്റാത്ത സാഹചര്യങ്ങൾ സൃഷ്ടിച് നിർബന്ധിതമായ മതപരിവർത്തനത്തിലേക്കും ലഹരികടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്കും, ഭീകരപ്രവർത്തനങ്ങളിലേക്കും നയിക്കപ്പെടുന്നവർ ഉണ്ട് എന്നുള്ളത് നിരന്തരമുള്ള വാർത്തകളിൽ നിന്നും വ്യക്തമാണ്. ഈ വസ്തുതകൾ അവഗണിച്ചു വെറും വർഗീയ രാഷ്ട്രീയത്തിൻറെ ഉപോൽപ്പന്നമായി പ്രണയ ചതികളെ ചിത്രീകരിക്കാനും, കുറ്റകൃത്യങ്ങൾക്ക് മതമില്ല എന്ന് നിരന്തരം ആവർത്തിച്ചുകൊണ്ട് തീവ്രമതചിന്തകളുടെ അപകടങ്ങളെ ലഘൂകരിക്കാനും മാധ്യമങ്ങളും സാംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരും മത്സരിക്കുന്നതുതന്നെ, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ആസൂത്രിത സ്വഭാവം പ്രകടമാക്കുന്നുണ്ട് 

മറഞ്ഞിരിക്കുന്ന ചില വാസ്തവങ്ങൾ 

                       കേരളത്തിൽ നിലവിൽ നടന്നിട്ടുള്ള മതേതര പ്രണയ വിവാഹങ്ങളുടെ കാര്യത്തിൽ ചില കാര്യങ്ങൾ അടിസ്ഥാനപരമായ പ്രാധാന്യം അർഹിക്കുന്നുണ്ട്.  മുസ്ളീം യുവാക്കളെ വിവാഹം കഴിക്കുന്ന അമുസ്‌ളീം യുവതികളുടെ അനുപാതം മറ്റ് മതാന്തര വിവാഹങ്ങളുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതേസമയം, മുസ്ളീം യുവതികൾ  അന്യ മതസ്ഥരെ വിവാഹം ചെയ്യുന്ന സംഭവങ്ങൾ വളരെ വിരളമാണ്. മറ്റുമതങ്ങളിൽനിന്ന് വിവാഹം വഴി മതംമാറ്റപ്പെട്ട് മുസ്ളീം ആയിമാറുന്ന പെൺകുട്ടികളുടെ എണ്ണം കൂടുതൽ ആയിരിക്കുമ്പോൾ, മറ്റു മതസ്ഥരെ വിവാഹം ചെയ്യുന്ന മുസ്ളീം യുവതികളുടെ എണ്ണം താരതമേന്യ  തീരത്തും കുറവാണ്. ശ്രീ.  ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 2012 ജൂൺ 25 ന് മതപരിവർത്തനവുമായി ബന്ധപ്പെട്ട് കെകെ ലതിക എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ നൽകിയ കണക്കുകൾ പ്രകാരം, 2009 മുതൽ 2012 വരെ 2667 ഹിന്ദു, ക്രിസ്ത്യൻ യുവതികൾ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്. 2006 ന് ശേഷം കേരളത്തിൽ 6129 പേർ മതപരിവർത്തനം നടത്തിയതിൽ ബഹുഭൂരിപക്ഷവും വിവാഹം വഴി ഇസ്ലാംമതം സ്വീകരിച്ച ഹിന്ദു, ക്രിസ്ത്യൻ യുവതികളാണ് എന്ന് എസ്എൻഡിപി നേതാവ് ശ്രീ വെള്ളാപ്പള്ളി നടേശൻ വെളിപ്പെടുത്തിയത് കഴിഞ്ഞയിടെ വിവാദമായി മാറിയിരുന്നു.

                    മുസ്ളീം യുവാവിനെ വിവാഹം കഴിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ യുവതികളിൽ ബഹുഭൂരിപക്ഷവും മതം മാറ്റപ്പെടുന്നുണ്ട്. എന്നാൽ, ഹിന്ദു യുവാക്കളെ വിവാഹം ചെയ്യുന്ന ക്രിസ്ത്യൻ യുവതികളോ, ക്രിസ്ത്യൻ യുവാക്കളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളോ ഏറെയൊന്നും മതം മാറാറില്ല. "disparity of cult" എന്ന ഒഴിവ് ഉപയോഗിച്ചുകൊണ്ട് ഇതര മതസ്ഥയെ ദൈവാലയത്തിൽ വച്ച് വിവാഹം ചെയ്യാൻ ഒരു കത്തോലിക്കാ യുവാവിന് സാധിക്കും. ജീവിത പങ്കാളിക്ക് മരണംവരെയും അക്രൈസ്തവയായി തുടരാൻ തടസവുമില്ല. പ്രണയക്കെണികൾ ഉണ്ട് എന്ന നിഗമനത്തിലെത്താനുള്ള പ്രധാന കാരണം പ്രണയത്തെത്തുടർന്ന്  വിവാഹ സംബദ്ധമായുള്ള നിർബന്ധിത മതംമാറ്റമാണ്. പ്രണയം വിവാഹത്തിലേക്ക് നയിക്കപ്പെടുന്ന ഏതെങ്കിലും ഘട്ടങ്ങളിൽ മതം മാറ്റത്തിന് നിർബ്ബന്ധിക്കപ്പെടുകയോ, സമ്മർദ്ദങ്ങൾ ചെലുത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ, മതപരിവർത്തനം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു പദ്ധതി പൂർത്തീകരണമായിരുന്നു പ്രസ്തുത പ്രണയവും വിവാഹവും എന്ന് മനസിലാക്കാം. മാതാപിതാക്കളെയും കുടുംബത്തെയുമൊക്കെ കോടതിമുറികൾക്കുള്ളിൽ  തള്ളിപ്പറഞ്ഞു കാമുകനൊപ്പം ആരംഭിക്കുന്ന ജീവിതത്തിൽ, പിന്നീട് സമ്മർദ്ദങ്ങൾക്ക് വഴിപ്പെടനല്ലാതെ സാധ്യതകളെല്ലാം  ഇരുട്ടിലാവുമ്പോൾ പ്രണയം ഒരുപോലെ കെണിയും ചതിയുമാണെന്ന് ബോധ്യപ്പെടുന്നത്. പ്രണയം മതപരിവർത്തനത്തിനുള്ള ഒരു സാധ്യതയായി കാണുന്ന, നിരോധിക്കപ്പെട്ടതും ഇനിയും നിരോധിക്കപ്പെട്ടിട്ടില്ലാത്തതുമായ  തീവ്രനിലപാടുകളുള്ള ചില മതസംഘടനകളും പ്രസ്ഥാനങ്ങളും ഇത്തരം പദ്ധതികൾക്ക് പിന്നിൽ ഉണ്ടെന്ന് തന്നെയാണ് കരുതേണ്ടത്. ഒരു വിഭാഗം വിവാഹങ്ങളുടെ അനുപാത വൈരുദ്ധ്യവും, അനുബന്ധമായ മതപരിവർത്തനത്തിനുള്ള നിർബ്ബന്ധബുദ്ധിയും, പിന്നീടുള്ള വിവാഹ മോചനങ്ങളുടെയും, ആത്മഹത്യകളുടെയും, കുറ്റകൃത്യങ്ങളുടെയും എണ്ണം വർധിക്കുന്നതും മറ്റുമാണ് ഇത്തരം വിവാഹങ്ങൾക്ക് പിന്നിൽ സംഘടിതമായ ശ്രമങ്ങളുണ്ടെന്ന് കരുതപ്പെടുന്നതിന് പ്രധാന കാരണം. 

കണക്കുകളിൽ അവ്യക്തത 

            ഇത്തരം വിവാഹങ്ങൾ സംബന്ധിച്ച ഡാറ്റ പൂർണ്ണമായി ലഭ്യമല്ലാത്തതും, അനുബന്ധമായ സംഭവങ്ങൾ വ്യക്തതയോടെ റിപ്പോർട്ട് ചെയ്യപ്പെടാത്തതും ആശയക്കുഴപ്പങ്ങൾക്ക് കാരണമാണ്. പ്രണയക്കെണികൾ സംബന്ധിച്ച അന്വേഷണങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും അതുസംബന്ധിച്ച കാര്യമായ റിപ്പോർട്ടുകൾ പുറത്തുവിടുകയുണ്ടായിട്ടില്ല. മുൻ ഡിജിപിമാരും നിരവധി ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പലപ്പോഴായി സ്ഥിരീകരിച്ചിട്ടുണ്ട്. അനൗദ്യോഗികമായി ചില കണക്കുകൾ ലഭ്യമാണെങ്കിലും ഈ വിഷയത്തിൽ വ്യക്തതവരുത്താൻ സർക്കാരോ-വകുപ്പുകളോ ഔദ്യോഗികമായ്  തുനിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം. 

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന ഇത്തരം വിവാഹങ്ങളുടെ രേഖകൾ ലഭ്യമാവുന്നത് വിവിധ രജിസ്ട്രാർ ഓഫീസുകളിൽ മാത്രമാണ്. കേരളത്തിലെ എല്ലാ രജിസ്ട്രാർ ഓഫീസുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് കൃത്യമായ കണക്കുകൾ ക്രോഡീകരിക്കുകയെന്നത് സ്വതന്ത്ര ഏജൻസിക്ക് അസാധ്യമാണ്. എന്നാൽ, പോലീസിനും, സർക്കാർ അന്വേഷണ ഏജൻസികൾക്കും, അതാത് രജിസ്റ്ററിംഗ് വകുപ്പിനും നിഷ്പ്രയാസം സാധിക്കും. ജനന, മരണ, ആരോഗ്യ സ്ഥിതിവിവരങ്ങൾ വിശദമായും മതാധിഷ്ഠിതമായും പ്രസിദ്ധീകരിച്ചുവരുന്ന പതിവ് വിവിധ സർക്കാർ വകുപ്പുകൾ തുടർന്നുപോരുന്നെങ്കിലും എല്ലായ്പ്പോഴും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം വിവാഹങ്ങളുടെ കണക്കുകൾ പുറത്തുവിടാതിരിക്കുന്നത് ദുരൂഹമാണ്. വിവാഹങ്ങളുടെയും വിവാഹ മോചനങ്ങളുടെയും - പ്രത്യേകിച്ച് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെയും - സ്ഥിതി വിവര കണക്കുകൾ വിശദമായി മുൻകാലപ്രാബല്യത്തോടെ പുറത്തുവിടാനുള്ള നടപടികൾ സർക്കാർ അടിയന്തിരമായി സ്വീകരിക്കണം.

(അടുത്ത ഭാഗം..  ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമോ ഇത് ?)

Comments

leave a reply