Foto

പുകമറയ്ക്കുള്ളിലെ പ്രണയകൊള്ളികൾ -ഭാഗം രണ്ട് : തുടരുന്ന ആശയക്കുഴപ്പങ്ങൾ

തുറന്നെഴുതുന്നത്: ഫാ. ഡോ. മൈക്കിൾ പുളിക്കൽ 

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങളുടെ വിവരങ്ങൾ പോലെത്തന്നെ വിവാഹത്തോട് അനുബന്ധിച്ച മതപരിവർത്തനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും പൂർണ്ണമായി ശേഖരിക്കുക എളുപ്പമല്ല. അതിന് കാരണം വിവാഹവും മതംമാറ്റവും രഹസ്യമായി നടക്കുകയും, വിവാഹ ശേഷം യുവതികൾ പലപ്പോഴും പരിചയക്കാർക്കിടയിൽ പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. തങ്ങളുടെ അനുഭവങ്ങൾ വെളിയിൽ പറയുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നുള്ളതാണ് വസ്തുത. അതിന് കാരണമായിട്ടുള്ളത് ഭീഷണിയോ  പലവിധ സമ്മർദ്ദങ്ങളോ  ആയിരിക്കാം. വിവാഹ മോചനം നേടിയവരും സ്വഭവനത്തിൽ തിരിച്ചെത്തിയവരും തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ മുഴുവനായ് തുറന്നുപറയാൻ തയ്യാറാകുന്നില്ല എന്നുള്ളതാണ് പ്രധാന കാരണം.  

                     ഇത്തരത്തിൽ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെ വിവാഹിതരാവുകയും മതം മാറുകയും ചെയ്യുന്ന യുവതികളിൽ നല്ലൊരു വിഭാഗം സ്വഭവനങ്ങളിൽനിന്ന് പുറത്താക്കപ്പെടുന്നുണ്ട്. വിവാഹമോചനം നടത്തി തിരികെ ചെന്നാൽ പോലും വീട്ടിൽ പ്രവേശനം ലഭിക്കാത്ത അനേകം യുവതികൾ ശൈശവത്തിലുള്ള മക്കൾക്കൊപ്പം നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. മാനക്കേട് ഭയന്ന് നാടുവിട്ട കുടുംബങ്ങളും വിരളമല്ല. മക്കൾ പഠന, ജോലി ആവശ്യങ്ങൾക്കായി വിദേശത്താണ് എന്നുപറഞ്ഞ് അടുത്ത ബന്ധുക്കളിൽനിന്നു പോലും ഇത്തരം പ്രണയ വിവാഹങ്ങൾ മറച്ചുവയ്ക്കുന്ന മാതാപിതാക്കൾ ഏറെയുണ്ട്. ഇത്തരം പല കാരണങ്ങളാൽ പ്രണയം വഴി വിവാഹത്തിലേയ്ക്കും മതംമാറ്റത്തിലേയ്ക്കും എത്തപ്പെടുന്നവരുടെ യഥാർത്ഥ ചിത്രം അന്വേഷിച്ച് കണ്ടെത്തുക എളുപ്പമല്ല. എങ്കിൽകൂടി ഒരന്വേക്ഷണം കേന്ദ്ര-സംസ്ഥാന ഏജൻസികൾ നടത്തിയാൽ ഞെട്ടിപ്പിക്കുന്ന പല യാഥാർഥ്യങ്ങളും പുറത്തു വരുമെന്നുള്ളതാണ് ഈ അടുത്ത കാലത്തെ ചിത്രങ്ങൾ കാണിക്കുന്നത്      
 
മാതാപിതാക്കളുടെ അറിവ് കൂടാതെ നാടുവിടുകയും, പിന്നീട് പോലീസ് അന്വേഷണത്തെ തുടർന്ന് കണ്ടെത്തി കോടതിയിൽ ഹാജരാക്കപ്പെടുകയും ചെയ്യുന്ന കേസുകൾ നിരവധിയാണ്. ഇത്തരം സംഭവങ്ങളിൽ കാമുകന്റെ പക്ഷക്കാരായി പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള ആൾക്കൂട്ടവും അതിന്റെ സംഘടിത സ്വഭാവവും ഹാജരാകാനെത്തുന്ന മികച്ച വക്കീൽമാരും പ്രണയ വിവാഹങ്ങളുടെ ആസൂത്രിത സ്വഭാവത്തിന്റെ സൂചനകളായി ന്യായമായും കരുതാവുന്നതാണ്. കോടതിക്ക് മുന്നിലെത്തുന്ന പെൺകുട്ടികളിൽ ഭൂരിപക്ഷവും പതിനെട്ട് വയസ് പൂർത്തിയായി എന്ന കാരണത്താൽ സ്വതന്ത്രമായ തീരുമാനത്തിൽ കാമുകനൊപ്പം പോവുകയാണുണ്ടാവുക. ഇത്തരത്തിൽ കോടതി മുറിയിൽനിന്ന് ഇറങ്ങിപ്പോയ ശ്രുതി എന്ന പെൺകുട്ടിയുടെ കാലിൽ കെട്ടിപ്പിടിച്ചു കരയുന്ന പെറ്റമ്മയുടെ ചിത്രം മനസാക്ഷിയുള്ളവർക്കൊക്കെ എന്നും ഒരിറ്റ് കണ്ണീർ വീഴ്ത്തുന്നതാണ്. 
                   ഇത്തരത്തിൽ മാതാപിതാക്കളുടെ കണ്ണീരുപോലും അവഗണിച്ചുള്ള ഇറങ്ങിപ്പോക്കിന് പിന്നിൽ ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദമോ മറ്റെന്തെങ്കിലും പ്രലോഭനങ്ങളോ ഉണ്ടെന്ന് കണ്ടെത്താൻ പോലും ആരും മിനക്കെടാറില്ല. അതിനാൽത്തന്നെ, ഇത്തരത്തിൽ കോളിളക്കം സൃഷ്ടിക്കുന്നതും മാതാപിതാക്കളുടെ അറിവില്ലാതെ നടക്കുന്നതുമായ വിവാഹങ്ങളിൽ ചില നടപടിക്രമങ്ങൾ പാലിക്കാനുള്ള തീരുമാനം സർക്കാർ അടിയന്തരമായ് സ്വീകരിക്കണമെന്ന മുറവിളി ഉയർന്നിട്ടുണ്ട്. വിവാഹ രജിസ്‌ട്രേഷൻ മാതാപിതാക്കൾ അറിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും, ഒപ്പം പെൺകുട്ടിക്ക് ശരിയായ ഒരു കൗൺസിലിംഗ് നൽകുകയും വേണം എന്നുള്ളതാണ് പ്രധാനമായ ആവശ്യങ്ങൾ. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതും ഗുണകരമായേക്കുമെന്ന് പരക്കെ അഭിപ്രായമുണ്ട്.  

പതിനെട്ട് വയസ് പൂർത്തിയായി എന്ന കാരണത്താൽ ഒരു പെൺകുട്ടിക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ഒരു രാജ്യമാണ് നമ്മുടേത് എന്നാൽ, കബളിപ്പിക്കപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സമൂഹവും സർക്കാരും കൂടുതൽ ഉത്തരവാദിത്തത്തോടെ ഈ വിഷയം കൈകാര്യം ചെയ്യേണ്ടതുണ്ട്. കാമുകന്റെ ജോലി, വിദ്യാഭ്യാസം ജീവിത സാഹചര്യങ്ങൾ, മുൻവിവാഹം തുടങ്ങി പല കാര്യങ്ങളിലും പെൺകുട്ടികൾ കബളിപ്പിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ പലതാണ്. അത്തരത്തിൽ പറഞ്ഞ് വഞ്ചിക്കുന്ന കേസുകളിൽ പലതിനും പിന്നിൽ കാമുകനും സുഹൃത്തുക്കൾക്കും ഉള്ള പങ്ക് വളരെ വലുതാണ്. യുവാവിനൊപ്പം പലർ ചേർന്ന് കൃത്യമായ ആസൂത്രണത്തിലൂടെ  പെൺകുട്ടികളെ കെണിയിൽ അകപ്പെടുത്തുന്ന സംഭവങ്ങൾ നിരവധി നടക്കുന്നതായി പലകുറി വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പ്രണയക്കെണികളുടെ ആസൂത്രിത സ്വഭാവത്തിന് വ്യക്തമായ തെളിവാണ്. 

രഹസ്യസ്വഭാവം നിലനിർത്താനുള്ള സംഘടിത ശ്രമങ്ങൾ 

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന വിവാഹങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനുള്ള ശ്രമങ്ങൾ സമീപകാലങ്ങളിലായി കൂടുതലായി നടന്നുവരുന്നുണ്ട്. വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാനുള്ള സൗകര്യവും, രജിസ്ട്രാർ ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിൽ വിവാഹ അറിയിപ്പുകൾ പതിക്കുന്നതോടൊപ്പം രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിലും പരസ്യപ്പെടുത്തുന്ന പതിവും ചില വർഷങ്ങൾക്ക് മുമ്പ് മുതൽ ഉണ്ടായിരുന്നു. എന്നാൽ, 2020 ജൂലൈയിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്ന് ഇറങ്ങിയ ഉത്തരവ് പ്രകാരം അത് നിർത്തലാക്കി. തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗിക്കപ്പെടുന്നു എന്ന ആരോപണം ഉയർത്തി കോഴിക്കോട് സ്വദേശികളായ ആതിര, ഷമീം ദമ്പതികൾ അന്നത്തെ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരന് നൽകിയ പരാതിയെ തുടർന്നായിരുന്നു അത്. തുടർന്ന് 30 ദിവസം നോട്ടീസ് പതിക്കുന്ന പതിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി ഇതേ വ്യക്തികൾ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീം കോടതി ആ ആവശ്യം തള്ളുകയും ചെയ്തിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 എന്നിവയുടെ ലംഘനമാണ് സ്വകാര്യവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് എന്നായിരുന്നു വാദം. എന്നാൽ ആ ആവശ്യം സുപ്രീംകോടതി നിരാകരിക്കുകയുണ്ടായി. കർണ്ണാടക, ഡൽഹി, അലഹബാദ് തുടങ്ങിയ ഹൈക്കോടതികളിലും കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടെ സമാനമായ ഹർജ്ജികൾ പരിഗണനയ്ക്ക് എത്തുകയുണ്ടായിട്ടുണ്ട്. രജിസ്ട്രാർ ഓഫീസുകളിലെ വിവാഹപരസ്യങ്ങൾ രഹസ്യ വിവാഹങ്ങൾക്ക് തിരിച്ചടിയാകുന്നു എന്നതാണ് ഈ വിഷയത്തിൽ കോടതികളിലെത്തുന്ന ഹർജ്ജികൾക്ക് പിന്നിലെ പ്രധാന കാരണം എന്ന് വ്യക്തം.

കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ നിബന്ധനയെ തന്ത്രപൂർവ്വം മറികടക്കാനുള്ള ശ്രമങ്ങളും സംശയിക്കാവുന്നതാണ്. ഏതാനും  മാസങ്ങൾക്കു മുമ്പ് പത്തനംതിട്ട സ്വദേശികളായ രണ്ടു വ്യക്തികളുടെ വിവാഹം കാസർഗോഡ്, ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തമ ഉദാഹരണമാണ്. 30 ദിവസമെങ്കിലും ഒരു രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ താമസിക്കുന്നതായി രേഖ സമർപ്പിക്കുന്ന പക്ഷം, ആ രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയും എന്ന സാധ്യത ദുരുപയോഗിക്കപ്പെടുന്നുണ്ട് എന്ന് സംശയിക്കാവുന്നതാണ്. പാലക്കാട് നടന്ന മറ്റൊരു സംഭവത്തിൽ ഒരു റിസോർട്ടിൽ വച്ച് വിവാഹം നടന്നതായി പഞ്ചായത്ത് പ്രസിഡന്റ് വ്യാജ റിപ്പോർട്ട് നൽകിയതാണ് വിവാദമായി മാറിയത്. ഇവയെല്ലാം രഹസ്യ വിവാഹങ്ങൾക്ക് ഉദാഹരണങ്ങൾ കൂടിയാണ്. ഇത്തരത്തിലുള്ള പല രഹസ്യ നീക്കങ്ങളും പ്രണയക്കെണികൾക്ക് പിന്നിലെ സംഘടിത വിഭാഗത്തിന്റെ  നീക്കങ്ങൾക്ക് തെളിവുകളാണ്.
 

അടുത്ത ഭാഗം: കുറ്റകൃത്യങ്ങൾ നൽകുന്ന സൂചനകളും പേരുകളിലെ സമാനതകളും  

Comments

leave a reply

Related News