കഴിഞ്ഞ പത്തുമാസങ്ങളായി സുഡാനിൽ തുടരുന്ന യുദ്ധം രാജ്യത്തെ തകർത്തുകൊണ്ടിരിക്കുകയാണെന്നും, രാജ്യം ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കുമെന്നും ഫീദെസ് വാർത്താ ഏജൻസി.
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പത്തുമാസങ്ങൾക്ക് മുൻപ് സുഡാനിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം വിനാശകരമായ മാനവിക പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചതെന്നും, രാജ്യം ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നും ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2024 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഏതാണ്ട് ഒരു കോടിയിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും, ഇത് ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായി മാറിയിട്ടുണ്ടെന്നും ഖാർത്തൂമിൽനിന്നും ഫീദെസ് അറിയിച്ചു. ഇതുവരെ ഏതാണ്ട് പതിനയ്യായിരത്തോളം ആളുകൾ സംഘർഷങ്ങളുടെ ഭാഗമായി മരണമടഞ്ഞിട്ടുണ്ട്.
ഫെബ്രുവരി 18 ഞായറാഴ്‌ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച വേളയിൽ ഫ്രാൻസിസ് പാപ്പാ സുഡാനിലെ സ്ഥിതിയെക്കുറിച്ച് പരാമർശിച്ചിരുന്നു. രാജ്യത്തെ ജനങ്ങൾക്കും രാജ്യത്തിന്റെ ഭവിക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ യുദ്ധം ഉടൻ നിറുത്തലാക്കണമെന്ന് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് താൻ ആവശ്യപ്പെടുന്നുവെന്ന് പാപ്പാ അന്ന് പറഞ്ഞിരുന്നു. സുഡാനിലെ സംഘർഷങ്ങളിൽ വലയുന്ന ജനത്തിനുവേണ്ടി പാപ്പാ ഏവരുടെയും പ്രാർത്ഥനകളും ആവശ്യപ്പെട്ടിരുന്നു.
സുഡാനിലെ സാധാരണ പട്ടാളക്കാരും, ദ്രുതകർമ്മസേനയും തമ്മിൽ 2023 ഏപ്രിൽ 15-നായിരുന്നു സംഘർഷങ്ങൾ ആരംഭിച്ചത്. എന്നാൽ ഈ സംഘർഷങ്ങളിൽ രാജ്യത്തെ മറ്റു പല വിഭാഗങ്ങളും പങ്കു ചേർന്നതോടെ രാജ്യത്തെ ചിന്നഭിന്നമാക്കുന്ന രീതിയിൽ യുദ്ധം തുടരുകയാണ്.
ദ്രുതകർമ്മസേനയാണ് യുദ്ധത്തിൽ മുന്നിട്ടു നിൽക്കുന്നത്. രാജ്യത്തിന് പുറത്തുനിന്നുള്ള സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്. മധ്യ ആഫ്രിക്ക, ചാഡ്, ലിബിയ തുടങ്ങിയ രാജ്യങ്ങളും, വാഗ്നർ കമ്പനിയുടെയും, അറബ് എമിറേറ്റ്സിന്റെയും വ്യവസായികളും ഇവരെ പിന്തുണയ്‌ക്കുന്നുണ്ട്.
സാധാരണ പട്ടാളക്കാർക്ക്, യാർമുക്കിലുള്ള തങ്ങളുടെ ആയുധനിർമ്മാണശാലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈജിപ്റ്റ് പോലെയുള്ള രാജ്യങ്ങളുടെ സഹായമാണ് ഇവർ നിലവിൽ തേടുന്നത്. എന്നാൽ പട്ടാളക്കാർക്കിടയിലുള്ള ആന്തരികവിഭജനങ്ങളും സംഘർഷങ്ങളും അവരുടെ പ്രതിരോധശക്തി കുറയ്ക്കുന്നുണ്ട്.
Comments