Foto

യുദ്ധത്തിൽ നശിക്കുന്ന കീവിലെ ക്രൈസ്തവ പ്രതീകങ്ങൾ

യുദ്ധത്തിൽ നശിക്കുന്ന കീവിലെ ക്രൈസ്തവ പ്രതീകങ്ങൾ


റഷ്യയുടെ ചരിത്രവും ഉക്രെയ്നിന്റെ ചരിത്രവും എല്ലായ്‌പ്പോഴും ഇഴചേർന്ന് കിടക്കുന്നു.എന്നാൽ റഷ്യയുടെ ക്രൈസ്തവ സംസ്കാരം പരമാധികാരത്തിന്റെയും സ്വത്വത്തിന്റെയും പോരാട്ടങ്ങൾക്കിടയിലുള്ള കീവിൽ മാത്രം വേരൂന്നിയതാണ്.ആറാം നൂറ്റാണ്ടിൽ സ്ലാവിക് ജനത വടക്കൻ ഉക്രെയ്നിലെ വനങ്ങളിൽ താമസിച്ചിരുന്നു. ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, സ്ലാവുകൾ സ്കാൻഡിനേവിയൻ കുടിയേറ്റക്കാരുമായി ലയിച്ചു, സ്കാൻഡിനേവിയയ്ക്കും കോൺസ്റ്റാന്റിനോപ്പിളിനും ഇടയിലുള്ള വലിയ വ്യാപാര പാതയിലെ ഒരു സ്ലാവിക് വാസസ്ഥലമായിരുന്നു കീവ്.

ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരാൻജിയൻസ് കീവ്  പിടിച്ചെടുത്തു.വരാൻജിയൻ ഭരണത്തിൻ കീഴിൽ, നഗരം ആദ്യത്തെ കിഴക്കൻ സ്ലാവിക് സംസ്ഥാനമായ കീവൻ റസിന്റെ തലസ്ഥാനമായി മാറി.ഒൻപതാം നൂറ്റാണ്ടിൽ ബൈസന്റിയത്തിൽ നിന്നുള്ള ഗ്രീക്ക് മിഷനറിമാരാണ് ക്രിസ്തുമതം കിഴക്കൻ സ്ലാവിക് സംസ്ഥാനമായ കീവൻ റസിലേക്ക് കൊണ്ടുവന്നത്.പത്താം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ കീവിൽ ഒരു സംഘടിത ക്രിസ്ത്യൻ സമൂഹം നിലനിന്നിരുന്നതായി പറയപ്പെടുന്നു.

മുഴുവൻ റഷ്യയുടെയും ക്രൈസ്തവവൽക്കരണത്തിന്റെ ഹൃദയം കൂടിയാണ് കീവ് . കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭകളും വിശുദ്ധരായി കണക്കാക്കുന്ന റഷ്യൻ സുവിശേഷവൽക്കരണത്തിന്റെ രണ്ട് തൂണുകൾ ഉത്ഭവിച്ചത് അവിടെയാണ്: വി.ഓൾഗയും (c. 905-969) അവളുടെ ചെറുമകൻ വ്‌ളാഡിമിറും (c. 958-1015). സ്നാനത്തിനുശേഷം എലീന എന്ന പേര് സ്വീകരിച്ച ഓൾഗ, വരാൻജിയൻ പ്രഭുവർഗ്ഗത്തിലെ അംഗമായ കീവൻ റസിന്റെ രാജകുമാരിയും 912 മുതൽ 945 വരെ കീവൻ റസിന്റെ ഭരണാധികാരിയായ ഇഗോറിന്റെ (877-945) ഭാര്യയും ആയിരുന്നു.കീവിലെ  ഓൾഗ രാജകുമാരി, സെന്റ്ഓൾഗ എന്നും അറിയപ്പെടുന്നു.ഓൾഗയുടെ ചെറുമകനായ വ്‌ളാഡിമിറിനൊപ്പം റഷ്യൻ ക്രിസ്ത്യാനിറ്റിയുടെ (കിഴക്കൻ മോസ്കോ പാത്രിയാർക്കേറ്റ്)  സ്ഥാപകയായി കണക്കാക്കപ്പെടുന്നു. ഓൾഗ തന്റെ മകന്റെ റീജന്റ് എന്ന നിലയിൽ കീവിന്റെ ഭരണാധികാരിയായിരുന്നു.

ചരിത്രത്തിന്റെ ഗതിയിൽ, കീവിലെ സ്ലാവുകളിൽ ഇടയിൽ നിരവധി സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ, ക്രൈസ്തവ സംസ്കാരം കൊണ്ടും കൂദാശകൾ കൊണ്ടും ആത്മീയ സമ്പത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചതുമായ സ്നേഹ കൂട്ടായ്‌മ കൊണ്ടും ക്രൈസ്തവർ പിടിച്ചു നിന്നു. സാറിസ്റ്റ് പാരമ്പര്യവും ക്രൈസ്തവ മതവും തുടച്ചുനീക്കാൻ ശ്രമിച്ച സോവിയറ്റ് ഏകാധിപത്യത്തെപ്പോലും നേരിടാൻ കഴിയുന്നത്ര കരുത്തുറ്റ, ചലനാത്മകവും നിലനിൽക്കുന്നതുമായ റഷ്യൻ ക്രൈസ്തവ സ്വത്വത്തിന്റെ സംസ്കാരമാണ് കീവിലേത്.

വിനാശകരമായ റഷ്യൻ ആക്രമണത്തിൽ തകരുന്നത്  ഉക്രെയ്നിന്റെ ആത്മീയ ഹൃദയമാണ്.
ഉക്രേനിയൻ തലസ്ഥാനത്ത് അപകടസാധ്യതയുള്ള സൈറ്റുകളിൽ രാജ്യത്തിന്റെ ഏറ്റവും പവിത്രമായ ഓർത്തഡോക്സ് ആരാധനാലയങ്ങളും ഉൾപ്പെടുന്നു, ഏകദേശം 1,000 വർഷം പഴക്കമുള്ളതാണ് ഈ പ്രദേശത്തെ മിക്ക ദേവാലയങ്ങളും.

സുവർണ്ണ താഴികക്കുടങ്ങളുള്ള സെന്റ് സോഫിയ കത്തീഡ്രലും, വിശാലമായ ഭൂഗർഭ സമുച്ചയം ഉൾപ്പെടുന്ന കീവ് -പെചെർസ്ക് ലാവ്രയും(ഗുഹകളുടെ മൊണാസ്ട്രി) ഉൾപ്പെടുന്നതാണ് പ്രധാന ക്രൈസ്തവ പൗരാണിക കേന്ദ്രങ്ങൾ.ബഹുഗോപുരങ്ങളുള്ള സെന്റ് മൈക്കിൾസ് ഗോൾഡൻ ഡോംഡ് മൊണാസ്ട്രിയും സെന്റ് ആൻഡ്രൂസ് ചർച്ചും പ്രധാന ക്രൈസ്തവ പ്രതീകങ്ങളാണ്.ഈ ആരാധനാലയങ്ങളുടെ പ്രതീകാത്മക മൂല്യം മതവിശ്വാസം പങ്കിടാത്ത ആളുകളുടെ ഇടയിൽ പോലും  പോലും ശക്തമാണ്.

ടോണി ചിറ്റിലപ്പിള്ളി 

 

video courtesy: WHAT IS UKRAINE

Comments

leave a reply

Related News