Foto

സോഷ്യൽ-മാർക്സിസ്റ്റ്, ക്രൈസ്തവ സംവാദങ്ങൾക്കായുള്ള സംഘടനയ്ക്ക് പാപ്പാ കൂടിക്കാഴ്ചയനുവദിച്ചു

സോഷ്യൽ-മാർക്സിസ്റ്റ്, ക്രൈസ്തവ സംവാദങ്ങൾക്കായുള്ള സംഘടനയ്ക്ക് പാപ്പാ കൂടിക്കാഴ്ചയനുവദിച്ചു

പൊതുനന്മ ലാക്കാക്കി, സോഷ്യൽ-മാർക്സിസ്റ്റ്, ക്രൈസ്തവ സംവാദങ്ങൾക്ക് ശ്രമിക്കുന്ന "ദിയലോപ്" സംഘടനയ്ക്ക് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

മോൺ. ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധങ്ങളും ധ്രുവീകരണങ്ങളും നിലനിൽക്കുന്ന ഇന്നത്തെ ലോകത്ത് സ്വപ്‌നങ്ങൾ കാണാനുള്ള നമ്മുടെ കഴിവ് നഷ്ടപ്പെടാനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. ജനുവരി 10 ബുധനാഴ്ച, സോഷ്യൽ-മാർക്സിസ്റ്റ് സംഘടനകളും ക്രൈസ്തവരുമായുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്ന "ദിയലോപ്" എന്ന ഇറ്റാലിയൻ സംഘടനയ്ക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. എന്നാൽ, മെച്ചപ്പെട്ട ഒരു ലോകത്തെ സ്വപ്നം കാണാനും അതിനായി പ്രവർത്തിക്കാനുമുള്ള പരിശ്രമങ്ങളിൽനിന്ന് ഒരിക്കലും പിന്നോക്കം പോകരുതെന്ന് പാപ്പാ അസോസിയേഷൻ അംഗങ്ങളെ ഓർമ്മിപ്പിച്ചു.

നൂറ്റാണ്ടുകൾക്ക് മുൻപ് നിരവധി ആളുകൾ, ദൈവത്തിന്റെ സ്വപ്നത്തിന്റെ ഒരു പ്രതിഫലനമായ, സ്വാതന്ത്ര്യവും, സമത്വവും, തുല്യ മനുഷ്യാന്തസ്സും, സാഹോദര്യവും സ്വപ്നം കണ്ടതിന്റെ പ്രതിഫലനമാണ് ഇന്നുള്ള പുരോഗതിയും മാറ്റങ്ങളുമെന്ന് പാപ്പാ പറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോകുവാനായി, വ്യവസ്ഥകളെ മറികടക്കുവാനുള്ള ധൈര്യമുണ്ടാകുകയും, ദുർബലർക്ക് പ്രത്യേകമായ പരിഗണന നൽകുകയും, നിയമവാഴ്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നിരവധി സംഘർഷങ്ങളും, പിളർപ്പുകളും നിലനിൽക്കുന്ന ഇക്കാലത്ത്, സാധാരണ വ്യവസ്ഥകളെ മറികടന്ന്, കാര്യങ്ങളുടെ ഗതിയെ വീണ്ടും നേർവഴിയിലാക്കാൻ എന്തുചെയ്യാനാകുമെന്ന് ചിന്തിക്കേണ്ടതിന്റെ ആവശ്യമുണ്ട്. നമ്മെ വേർതിരിക്കുന്ന കടുത്ത സമീപനങ്ങളിൽനിന്ന് മാറി, ആരെയും ഒഴിവാക്കാതെ, രാഷ്ട്രീയ, സാമൂഹിക, മത രംഗങ്ങളിൽ, മറ്റുള്ളവരെ പരിഗണിക്കാനും, സമീപിക്കാനും, തുറന്ന ഒരു ഹൃദയത്തോടെ പരിശ്രമിക്കേണ്ടതുണ്ട്. നമ്മുടെ നല്ല ഭാവിക്കായി ഓരോരുത്തർക്കും നല്കാൻ സാധിക്കുന്ന സംഭാവനകൾ മുന്നോട്ട് വയ്ക്കാൻ ഇത് സഹായിക്കും.

ഒരു സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ പരിഗണിക്കുന്ന രീതിയാണ് അവരുടെ സാംസ്കാരികത വെളിവാക്കുന്നതെന്ന് പാപ്പാ പറഞ്ഞു. നാസി ചിന്താഗതിപോലെയുള്ള വലിയ ഏകാധിപത്യചിന്തകൾ, ദുർബലരെ അവഗണിക്കുകയും കൊന്നുകളയുകയും ചെയ്‌തിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മാനുഷികസേവനം മുന്നോട്ടുവയ്ക്കുന്ന ഒരു രാഷ്ട്രീയചിന്താഗതിക്കും, സാമ്പത്തിക നിയമങ്ങളോ വിപണിയുടെ വ്യവസ്ഥാസംവിധാനങ്ങളോ മാത്രം നോക്കി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് പാപ്പാ എടുത്തുപറഞ്ഞു. സാമൂഹിക ഐക്യദാർഢ്യം ജീവിച്ച്, പങ്കുവയ്ക്കലിലൂടെ, അസമത്വങ്ങൾ ഇല്ലാതാക്കാൻ സാധിക്കേണ്ടതുണ്ട്.

നിയമവാഴ്ച പ്രോത്സാഹിപ്പിക്കുന്നത്, അഴിമതിയ്ക്കും അധികാരദുർവിനിയോഗത്തിനുമെതിരെ പോരാടുന്നതിന്റെ ഭാഗമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സത്യസന്ധതയിലൂടെ മാത്രമേ ആരോഗ്യകരമായ ബന്ധങ്ങൾ സ്ഥാപിക്കാനും, പരസ്പരവിശ്വാസത്തോടും കാര്യക്ഷമയോടും കൂടി മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി സഹകരിച്ചു പ്രവർത്തിക്കാനും സാധിക്കൂ എന്നും പാപ്പാ കൂട്ടിച്ചേർത്തു.

Comments

leave a reply

Related News