കൊച്ചി : കെ.സി.ബി.സി. മീഡിയ കമ്മീഷൻ അന്തരിച്ച പ്രമുഖ സാഹിത്യകാരനായ ജെയിംസ് കെ.സി. മണിമലയുടെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ മികച്ച ക്രൈസ്തവ സാഹിത്യകാരന്മാർക്ക് എല്ലാ വർഷവും അവാർഡ് നൽകുന്നു. 11,111 രൂപയുടെ ക്യാഷ് അവാർഡും ഫലകവുമാണ്. മികച്ച സാഹിത്യകാരനായി തെരഞ്ഞെടുക്കുന്നയാൾക്ക് നൽകുകയെന്ന് മീഡിയ കമ്മീഷൻ ചെയർമാൻ അർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ജെയിംസ് കെ.സി. മണിമലയുടെ മക്കളായ ഡോ.മാത്യു മണിമല, ജെയിംസ് വെള്ളപ്ലാമുറിയിൽ എന്നിവർ അറിയിച്ചു.
ജെയിംസ് കെ.സി മണിമലയുടെ 51 - മത് ചരമവാർഷികത്തോടനുബന്ധിച്ചാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. നോവൽ, ചെറുകഥ, നാടകം, ബാല സാഹിത്യം എന്നീ സാഹിത്യ ശാഖകളിൽ മികവ് തെളിയിച്ചവരെയായിരിക്കും ഓരോ വർഷവും മാറിമാറി അവാർഡ് നൽകി ആദരിക്കുക. ഈ വർഷം നോവൽ രംഗത്തെ മികച്ച ക്രൈസ്തവ സാഹിത്യകാരനെയാണ് തെരഞ്ഞെടുക്കുന്നത്. അവാർഡിനായുള്ള കൃതികൾ 2024 നവംബർ 20 നു മുമ്പായി ശ്രീ ആന്റണി ചടയംമുറി, കോർഡിനേറ്റർ , ജെയിംസ് കെ സി മണിമല സ്മാരക അവാർഡ് കമ്മിറ്റി, കെ.സി.ബി.സി. മീഡിയ കമ്മീഷൻ, പി.ഒ.സി, പാലാരിവട്ടം, കൊച്ചി 682025 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. പുസ്തകത്തിന്റെ 2 കോപ്പികളാണ് അവാർഡിനായുള്ള നാമനിർദ്ദേശത്തോടൊപ്പം അയയ്‌ക്കേണ്ടത്. നാമനിർദ്ദേശ പത്രിക പൂരിപ്പിച്ച് ഗ്രന്ഥകാരനോ, മറ്റുള്ളവരോ അയച്ചാൽ മതിയാകും.
Comments