ജോബി ബേബി,
(പ്രണയത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടി കൂടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു.പാലാ സിഎംഎസ്‌കോളേജില്‍ അടുത്തിടെ ഒരു ചെറുപ്പക്കാരന്‍ സഹപാഠിയെ കഴുത്തറുത്തു കൊന്ന സംഭവം നമ്മുടെ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.സമാനമായ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ യുവാക്കള്‍ക്കിടയില്‍ ആവര്‍ത്തിക്കുന്നു.അഞ്ചു വര്‍ഷത്തിനിടെ പ്രണയവുമായി ബന്ധപ്പെട്ട് 350ഓളം ആത്മഹത്യകളോ കൊലപാതകങ്ങളോ കേരളത്തില്‍ നടന്നിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യകതമാക്കുന്നത്.2019ല്‍ സമാന സ്വഭാവമുള്ള അഞ്ച് കൊലപാതകങ്ങള്‍ നടന്നപ്പോള്‍ 2020ല്‍ കോവിഡ് മഹാമാരിക്കിടെ രണ്ട് സംഭവങ്ങള്‍ നടന്നു.ഈ വര്‍ഷം ജൂലൈയിലാണ് ഒരു പെണ്‍കുട്ടിയുടെ പ്രണയം നിരസിച്ചതിന്റെ പേരില്‍ കാമുകന്‍ വെടിവച്ചുകൊന്നത്.പ്രബുദ്ധ കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ എന്തുകൊണ്ട് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന അന്വേഷണം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട ചില വിഷയങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. ആവര്‍ത്തിക്കുന്ന കൊലപാതക വാര്‍ത്തകളുടെ ഞെട്ടലിനൊപ്പം എന്തുപറ്റി നമ്മുടെ കൗമാരങ്ങള്‍ക്ക് എന്ന് ചിന്തിക്കാന്‍ നമ്മെ സഹായിക്കും.)
'നീയെന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവും.....''
ഗാഢനിദ്രയില്‍ നിന്നുണര്‍ന്ന ആദം,തന്റെ മുന്നില്‍ നില്‍ക്കുന്ന,ദൈവം തനിക്ക് നല്‍കിയ തുണയെ കണ്ടിട്ട് പ്രേമപൂര്‍വം പറഞ്ഞ വാക്കുകളാണിത്.എന്റെ ജീവന്റെ ഭാഗം തന്നെയല്ലേ നീ...ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ തന്നെയല്ലേ നീയും.എത്ര മനോഹരമായ പ്രേമകാവ്യം!ഇതിന് സമാനമായ ഒരു ഗ്രീക്ക് കഥയുണ്ട്.ആദ്യകാലത്ത് സ്ത്രീയും പുരുഷനും ഒറ്റ ശരീരമായിരുന്നു.അവരുടെ ശക്തിയില്‍ അസൂയ പൂണ്ട സീയൂസ് ദേവന്‍ തന്റെ വജ്രായുധം കൊണ്ട് അവരെ വേര്‍പെടുത്തി രണ്ട് ദിക്കിലേക്ക് വലിച്ചെറിഞ്ഞു.അതിനു ശേഷം സ്ത്രീയും പുരുഷനും തങ്ങളുടെ മറുപാതിയെ തേടി അലഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ആ തോന്നലാണ് പ്രണയമെന്നുമാണ് ഗ്രീക്ക് വിശ്വാസം.പ്രണയം ദൈവീകമായ ഒന്നാണെന്നാണ് ഇവയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.ദാമ്പത്യത്തിന്റെ നിലനില്‍പ്പ് തന്നെ പ്രണയത്തിലധിഷ്ഠിതമാണ്.എന്നാല്‍ ഇന്ന് പലപ്പോഴും കേള്‍ക്കുന്നത് ....ജീവിതം മടുത്തു,മക്കളെ ഓര്‍ത്തു മാത്രമാണ് ജീവിക്കുന്നത് ,ഇത് ശരിയാകുമെന്ന് തോന്നുന്നില്ല...ഇങ്ങനെ പലതും.ഉന്നത ഉദ്യോഗസ്ഥരായ ചെറുപ്പക്കാരായ ദമ്പദികള്‍,ഒടുവില്‍ പിരിയുക മാത്രമാണ് പോം വഴി എന്ന തീരുമാനത്തിലെത്തി.ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുമുണ്ട്.ഭര്‍ത്താവ് ഒരു തരത്തിലുമുള്ള അനുരഞ്ജനത്തിന് തയ്യാറാകാതിരുന്നപ്പോള്‍ ചോദിച്ചു,ഈ കുഞ്ഞിന് പിതാവിന്റെ സ്‌നേഹം നിഷേധിക്കുന്നത് ശരിയാണോ?ഏവരെയും അതിശയിപ്പിക്കുന്ന മറുപടി ഇപ്രകാരമായിരുന്നു.എത്രയോ കുഞ്ഞുങ്ങളുടെ അപ്പന്മാര്‍ ജനിച്ചയുടനെ മരിക്കുന്നു.അവരും വളരുന്നില്ലേ?ദാമ്പത്യ ജീവിതം ഒരു ഘട്ടം കഴിയുമ്പോള്‍ അരോചകമായി തീരുന്നത് പ്രണയത്തിന്റെ അഭാവമാണെന്ന സത്യം പലര്‍ക്കും മനസ്സിലാവുന്നില്ല.രണ്ട് വ്യക്തികളെ തമ്മില്‍ ചേര്‍ത്ത് വയ്ക്കുന്ന സുന്ദരമായ സങ്കല്‍പ്പമാണ് വിവാഹം.പരിപാവന പ്രണയത്തിന്റെ തീവ്രത എത്രത്തോളമുണ്ടോ അത്രെയും മനോഹരമായിരിക്കും കുടുംബജീവിതം.അന്യോന്യം സ്‌നേഹിപ്പാനായി സ്‌നേഹാത്‌നി കൊണ്ട് ഇരുഹൃദയങ്ങളെയും ഉജ്വലിപ്പിക്കാനുള്ളപ്രാര്‍ത്ഥനകളാണ് വിവാഹകൂദാശയിലുടനീളം വിവരിക്കുന്നത്.സ്വര്‍ഗീയ സന്തോഷം കളിയാടെണ്ട ഭവനങ്ങള്‍ നരകതുല്യമാകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.
പ്രണയത്തിന്റെ ജീവശാസ്ത്രം
പ്രണയിക്കുമ്പോള്‍ ശാരീരികമായും ശാരീരികമായും മാനസികമായും ചില മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്.രണ്ട് വ്യക്തികള്‍ തമ്മില്‍ അനുരാഗം ജയിക്കുന്നതില്‍ തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.പ്രണയത്തിന്റെ ഉത്തേജക ഘടകങ്ങളായ കാഴ്ച,കേള്‍വി,സ്പര്‍ശം,ഗന്ധം തുടങ്ങിയവയുടെ സ്വാധീനം ഉണ്ടക്കുന്നുണ്ട്.പ്രണയത്തെ ആത്യന്തിക അനുഭൂതിയില്‍ എത്തിക്കുന്നതിന് ഡോപ്പമീന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.പ്രണയത്തെ മനഃശാസ്ത്രപരമായി പലരീതിയിലും വിശദീകരിക്കാന്‍ കഴിയുമെങ്കിലും അടിസ്ഥാനപരമായി മൂന്ന് വ്യത്യസ്ത ഘടകങ്ങളുടെ കൂട്ടായ്മയാണ് സ്‌നേഹവും പ്രണയവുമൊക്കെ.ശാരീരിക സാമീപ്യം(Intimacy),പരസ്പരധാരണയോടുകൂടിയ വിശ്വാസം(Commitment),ലൈംകീഗ പരമായതൃഷ്ണ(Passion)എന്നിവയാണ് പ്രണയത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഘടകങ്ങള്‍.ഇവയിലുണ്ടാകുന്ന പൊരുത്തക്കേടുകളാണ് പ്രണയത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കുന്നതും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാക്കുന്നതും.
പ്രണയത്തിന് ഒരു ഭാഷയുണ്ട്.ഇഷ്ട്ടം മനസ്സിലായിട്ട് കാര്യമില്ല.അത് പ്രകടിപ്പിക്കുന്നതിനു ഒരു ഭാഷ അനിവാര്യമാണ്.വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലൂടെ,പരസ്പരം ചെയ്യ്തുകൊടുക്കുന്ന സഹായങ്ങളിലൂടെ,പരസ്പരം കൈമാറുന്ന കുഞ്ഞുകുഞ്ഞു സമ്മാനങ്ങളിലൂടെ,സ്പര്‍ശനത്തിലൂടെ,ആലിംഗനത്തിലൂടെ,ചുംബനത്തിലൂടെ പറയാതെ പറയുന്നു.എത്രത്തോളം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന്. വി.വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നതും അപ്പനേയും അമ്മയേയും വിട്ട് ഇരുവരും ഒരു ദേഹമായിതീരാനും കര്‍ത്താവ് തന്റെ സഭയെ സ്‌നേഹിച്ചതുപോലെ ഉപാധികളില്ലാതെ പരസ്പരം സ്‌നേഹിക്കുവാനുമാണ്.ഒരു ദേഹമായി തീരുന്ന അനുഭവത്തിലൂടെ കടന്ന് പോകുന്ന ദമ്പതികള്‍ക്കേ മറയില്ലാതെ സ്‌നേഹിക്കാനാവൂ.ദമ്പതികള്‍ക്കിടയിലെ പ്രണയം ഇന്ന് വലിയ ആരവങ്ങളോടെ ആരംഭിക്കുകയും താമസംവിനാ ഇന്ന് കെട്ടടങ്ങുന്നതായും കാണുന്നു.എന്നാല്‍ പഴകും തോറും ലഹരികൂടുന്ന വീഞ്ഞുപോലെയായിരിക്കണം.ആഴത്തില്‍ പ്രണയിക്കുന്ന,അന്യോന്യം മനസിലാക്കുന്ന വൃദ്ധരായ ദമ്പതികള്‍ എത്രയോ നമ്മുടെ ചുറ്റും ഉണ്ട്.ഉദാ:എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത കേള്‍വി നഷ്ടപ്പെട്ട എന്റെ വല്യപ്പച്ചന്‍ ഒരു കട്ടിലില്‍,കാഴ്ച നഷ്ടപ്പെട്ട വല്യമ്മച്ചി തൊട്ടടുത്ത കട്ടിലില്‍.സംസാരങ്ങളില്ലെങ്കിലും അവര്‍ പരസ്പരം അറിയുന്നുണ്ടായിരുന്നു.ഒരു മിച്ചു അധ്വാനിച്ചു കുടുംബത്തെ വളര്‍ത്തി,സുഖവും ദുഃഖവും പങ്കിട്ട് ജീവിച്ചവര്‍.ഒരിക്കലും അവര്‍ അടുത്തിരുന്നു തമാശ പറയുന്നതോ പൊട്ടിച്ചിരിക്കുന്നതോ കണ്ടിട്ടില്ല.എങ്കിലും അവരുടെ ഹൃദയം ആഴത്തില്‍ തോട്ടിരുന്നു എന്ന് അവസാന നാളുകളില്‍ മനസിലായി.വല്യപ്പച്ചന്‍ ഒരു ദിവസം മകനെ വിളിച്ചു പറഞ്ഞു.നിങ്ങള്‍ ഞങ്ങളെ നന്നായി ശുശ്രുഷിക്കുന്നുണ്ട്,പക്ഷേ അമ്മയുടെ അടുത്ത് പ്രത്യേക ശ്രദ്ധ വേണം.മകന് ശരിക്കും മനസിലായില്ലെങ്കിലും പ്രത്യേകം കരുതല്‍ ഉണ്ടായിരുന്നു.ഇത് പറഞ്ഞു രണ്ടാം നാള്‍ മാതാവ് കര്‍തൃസന്നിധിയിലേക്ക് യാത്രയായി.ഗൗരവ പ്രകൃതക്കാരനായിരുന്നെങ്കിലും തന്റെ പങ്കാളിയുടെ ദേഹവിയോഗം ആ മനസിനെ വല്ലാതെ ഉലച്ചു.ഒഴിഞ്ഞ കട്ടില്‍ നോക്കി ദീര്‍ഘനിശ്വാസം വിട്ട് ആ കിടപ്പ് അധികനാള്‍ നീണ്ടില്ല.മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഈ ലോകത്തില്‍ നിന്നും പിതാവും യാത്രയായി.ഈയൊരു രസതന്ത്രത്തെ പ്രണയം എന്നല്ലാതെ എന്തുവിളിക്കും?ദാമ്പത്യം പ്രണയാദുരമെങ്കില്‍ കുടുംബം സ്വര്‍ഗ്ഗവും അവിടെ കുഞ്ഞുങ്ങള്‍ മാലാഖാമാരുമായിരിക്കും.
സൗഹൃദങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുക
പ്രണയവും പ്രണയമനഃശാസ്ത്രവുമൊക്കെ പഠനവിധേയമാക്കണം. പ്രണയിക്കുന്നവരുടെ മനോനില, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശാരീരിക-മാനസിക-വൈകാരിക ഭാവങ്ങള്‍, വ്യക്തിത്വ പ്രശ്നങ്ങള്‍ എല്ലാം പഠിക്കേണ്ടിയിരിക്കുന്നു.
സാമൂഹിക- മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും സഹായവും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വ്യക്തിത്വ വൈകല്യങ്ങള്‍, സംശയരോഗം പോലെയുള്ള പ്രവണതകളും മദ്യം-മയ ക്കുമരുന്ന് ഉപയോഗവും പക്വതയില്ലായ്മയും മാനസികാരോഗ്യത്തിന്റെ കുറവും ഒക്കെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പിന്നിലുണ്ട്.
സാമൂഹിക വിരുദ്ധ വ്യക്തിത്വം (ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍)ഉള്ള ആളുകളും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. കെട്ടുപിണഞ്ഞ വിവിധ മാനസിക പ്രശ്നങ്ങളും വൈകല്യങ്ങളും ഇവരിലുണ്ടാകും. ചെയ്തുപോയ കാര്യത്തില്‍ കുറ്റബോധമോ, ഭാവവ്യത്യാസമോ ഇവരില്‍ മിക്കപ്പോഴും ഉണ്ടാകാറില്ല. ജനിതക കാരണങ്ങള്‍, വളര്‍ന്ന സാഹചര്യങ്ങള്‍ വൈയക്തിക പ്രകൃതം എന്നിവ ഇത്തരക്കാരെ സ്യഷ്ടിച്ചേക്കാം.
കൊല്ലപ്പെടുന്നത് പെണ്‍കുട്ടികളായതിനാല്‍ അവര്‍ സൗഹൃദങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തണം.വ്യക്തിയെക്കുറിച്ച് പഠിക്കാതെ സൗഹൃദംപോലും പ്രകടിപ്പിക്കരുത്.സൗഹൃദഭാവങ്ങളില്‍ പക്വത പുലര്‍ത്തണം.പ്രേമമാണെന്ന് തെറ്റിദ്ധരിക്കുംവിധം വാക്കുകളോ ശാരീരിക പ്രകടനങ്ങളോ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക.പ്രണയിക്കും മുമ്പ് വ്യക്തിത്വങ്ങളെ വിലയിരുത്താന്‍ കഴിയണം.പ്രണയിക്കുന്നതിനിടെ വിലയിരുത്തിയിട്ട് പിന്നെ പിന്മാറാന്‍ തീരുമാനിക്കുമ്പോഴാണ് കത്തിക്കും കത്തിക്കലിനും ഇരയാകുന്നത്.പ്രണയക്കൊലപാതകങ്ങളിലെല്ലാം പ്രണയാഭ്യര്‍ത്ഥനയും കൊലയും പെട്ടെന്ന് സംഭവിച്ചതല്ല എന്ന് കാണാനാകും.എല്ലാവരും തന്നെ കുറച്ചുകാലം പ്രണയിച്ചിരുന്നവരാണ്.അദ്യഘട്ടത്തില്‍ പെണ്‍കുട്ടികള്‍ പ്രണയം ആസ്വദിക്കും. വിധേയത്വം കാണിക്കും. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒത്തുപോകാന്‍ കഴിയാത്തയാളാണെന്ന് മനസ്സിലാക്കി പെണ്‍കുട്ടികള്‍ പിന്മാറും. അവഗണിക്കും. അപ്പോഴാണ് പ്രണയം പകയുടെ വഴിതേടുന്നത്.
പ്രണയത്തിന്‍ ഉടമസ്ഥാവകാശം സ്ഥാപിക്കലിന്റെ സൂചന ലഭിച്ചാല്‍ മുന്നോട്ട് പോകരുത്.നിയന്ത്രണം സ്ഥാപിക്കല്‍, തന്റെ ഇഷ്ടത്തിന് മാത്രം പെരുമാറിയാല്‍ മതിയെന്ന വാശിപിടിക്കല്‍, ഫോണ്‍കോള്‍ ലിസ്റ്റ്, മെസേജ് എന്നിവ പരിശോധിക്കല്‍, ഫോണ്‍ എന്‍ഗേജ്ഡ് ആയാല്‍ പൊട്ടിത്തെറിക്കല്‍, അസമയത്ത് വിളിക്കല്‍, കാണാന്‍ നിര്‍ബന്ധിക്കല്‍,നിനക്ക് ഞാനുണ്ടല്ലോ എന്നുപറഞ്ഞ് മറ്റ് ബന്ധങ്ങള്‍ മുറിക്കല്‍, നിനക്കെന്നെ വിശ്വാസമില്ലെ എന്ന് ചോദിച്ച് അരുതാത്ത ബന്ധങ്ങള്‍ക്ക് ക്ഷണിക്കല്‍, വ്യക്തിപരമായ കാര്യങ്ങളിലെല്ലാം കയറി ഇടപെടല്‍,''നീ പോയാല്‍ ഞാന്‍ ചത്തുകളയും,എന്നെ കൈവിട്ടാല്‍ നിന്നെ കൊല്ലും'എന്നൊക്കെയുള്ള പറച്ചിലുകള്‍,ശരീരത്തില്‍ മുറിവുണ്ടാക്കി ചിത്രമെടുത്ത് അയക്കല്‍,ആത്മഹത്യാശ്രമം ഇതെല്ലാം പക്വതയെത്താത്ത പ്രണയ ലക്ഷണങ്ങളാണ്.ഇത്തരക്കാരില്‍ നിന്ന് സമാധാനപൂര്‍ണമായ പ്രണയവും ജീവിതവും അസാധ്യമായിരിക്കും. ആദ്യം മാനസികമായും പിന്നീട് ശാരീരികമായും ആക്രമിക്കപ്പെടാം.ബ്ലാക്ക് മെയിലിംങിന് സാധ്യതയുണ്ടെന്ന് കരുതി വേണം ഇടപെടലുകള്‍.പ്രണയം ശരീരത്തില്‍ ചില ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്നുതിനാല്‍ തന്നെ ശാരീരിക- മാനസിക- വൈകാരിക ഭാവങ്ങളില്‍ അത് വ്യതിയാനങ്ങള്‍ വരുത്തുന്നുണ്ട്.പ്രണയം ഒരു ലഹരിപോലെയാണ്.അത് തുടര്‍ന്ന് ലഭിക്കാതെ പോകുമ്പോഴാണ് വ്യക്തി അപകടകരമായ തീരുമാനങ്ങളിലെത്തുന്നത്.അതുകൊണ്ടുതന്നെ ഒത്തുപോകാന്‍ പറ്റാത്ത ബന്ധങ്ങളില്‍ നിന്ന് പതുക്കെ, സമയമെടുത്ത്,നയപരമായി മാത്രമേ പിന്മാറ്റം നടത്താവൂ. അവരുമായി തര്‍ക്കിക്കുകയോ, അവരെ പ്രകോപിപ്പിക്കുകയോ ചെയ്യരുത്.എത്രതന്നെ നിര്‍ബന്ധിച്ചാലും ഒറ്റയ്ക്കുള്ള കൂടിക്കാഴ്ച ഒഴിവാക്കണം.ശാന്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം.കുറച്ചുനാള്‍ സമ്പര്‍ക്കമില്ലാതിരിക്കു മ്പോള്‍ പതുക്കെ കാര്യങ്ങള്‍ കെട്ടടങ്ങും.നല്ല സൗഹൃദങ്ങളിലൂടെ, നല്ല കൂട്ടായ്മകളിലൂടെ, വായനയിലൂടെ, വിനോദങ്ങളിലൂടെ മാനസികാരോഗ്യം വീണ്ടെടുത്ത് ജീവിതം കരുപ്പിടിപ്പിക്കുക.
(തുടരും)
കൊന്ന് തീര്‍ക്കുന്ന പ്രണയപ്പക...
Comments