Foto

''ലഹരിയില്‍ മയങ്ങി കേരളം'' (അന്വേഷണ പരമ്പര) ഭാഗം 01

ജോബി ബേബി,

മാരക ലഹരി വസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറിയതായി കണക്കുകള്‍.2021ല്‍ 50കോടിയോളം രൂപയുടെ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടിച്ചെടുത്തത്.കഴിഞ്ഞ വര്‍ഷം ലഹരി മരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3196പേരാണ്.2020നെ അപേക്ഷിച്ചു പത്തിരട്ടി എം.ഡി.എം.എയാണ് 2021ല്‍ ഏക്‌സൈസ് പിടികൂടിയത്.പിടിച്ച ലഹരികളില്‍ കഞ്ചാവ് തന്നെയാണ് മുന്നില്‍.വിവിധ ജില്ലകളില്‍ നിന്ന് പിടിച്ചത് 5632കിലോ.ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടിച്ചത് പാലക്കാട് നിന്നാണ് 1954കിലോ.760കഞ്ചാവ് ചെടികളും 16കിലോ ഹഷീഷ് ഓയിലും പിടിച്ചെടുത്തു.ലഹരി മരുന്ന് വില്‍പ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് രെജിസ്റ്റര്‍ ചെയ്തത് 3992 കേസാണ്.ബ്രൗണ്‍ ഷുഗര്‍,ഹോറോയിന്‍.എം.ഡി.എം.എ,എല്‍.എസ്.ഡി സ്റ്റാമ്പ് ഉപയോഗവും വ്യാപകമാണ്.ഒരു കിലോയിലധികം നാര്‍ക്കോട്ടിക് ഗുളികകളും പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു.

ആഘോഷകാലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ലഹരിവേട്ട നടന്നത്.ക്രിസ്തുമസ്-പുതുവത്സരാഘോഷം മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ പരിശോധനയില്‍ മാത്രം 10കോടിയോളം രൂപയുടെ ലഹരിമരുന്ന് പിടിച്ചിരുന്നു.ഡിസംബര്‍ 25ന് എറണാകുളം ആലുവ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈയിസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപയുടെ എം.ഡി.എം.എ പിടികൂടി.സിന്തറ്റിക് മയക്കുമരുന്നാണ് പിടി കൂടിയത്.ജ്യൂസ് പാക്കറ്റുകളിലും പാനി പൂരി പാക്കറ്റുകളിലുമായി കൊണ്ടുവന്ന മയക്കുമരുന്നിന് അര ഗ്രാമിന് 3000രൂപ എന്ന നിലയിലാണ് വില്പന.യുവാക്കള്‍,പ്രത്യേകിച്ച് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ലഹരി മാഫിയയുടെ ഇരകള്‍.ചലച്ചിത്ര താരങ്ങള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ കേസില്‍ പ്രതികളായിട്ടുമുണ്ട്.അഗസ്റ്റ് മുതല്‍ ഡിസംബര്‍(2021)വരെ മാത്രം 21വയസ്സിന് താഴെയുള്ള സ്‌കൂള്‍,കോളേജ് തലത്തിലുള്ള 163പേരാണ് പിടിയിലായത്.2020ല്‍ സ്ത്രീകളുള്‍പ്പെടെ 3667പേരാണ് പ്രതികളായതെങ്കില്‍ 2021ല്‍ 3889ആയി.പെട്ടന്ന് തലയ്ക്ക് പിടിക്കുന്ന ലഹരികള്‍ക്ക് ഗ്രാമിന് മൂന്ന്‌ലക്ഷം വരെയാണ് വില.2020ല്‍ എക്‌സൈസ് പിടിച്ചത് 564.11ഗ്രാം എം.ഡി.എം.എ ആണെങ്കില്‍ 2021ല്‍ അത് 6128.78ഗ്രാമായി.

2006ലെ നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്. ഒരു ലക്ഷം ആളുകളില്‍ 20.19 പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ദേശീയ ശരാശരിയാകട്ടെ 5.82 മാത്രമാണ്.കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, 2021 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം കേരളത്തില്‍ നടന്ന മൊത്തം ക്രിമിനല്‍ കുറ്റങ്ങള്‍ 1,29,278 ആണ്. കുട്ടികള്‍ക്കെതിരേ വിവിധ തരത്തിലുള്ള കേസുകള്‍ 3,847ഉം സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ 14,427ഉം ആണ്.

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് 3,71,503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 10,139 കേസുകള്‍ കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന ഏജന്‍സി, ആറു മാസത്തിനുള്ളില്‍ എഴുനൂറോളം കുട്ടികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടു എന്നും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാകട്ടെ, സകല സംസ്ഥാനങ്ങളെയും ബഹുദൂരം പിന്തള്ളി 11.1 എന്ന നിരക്കിലെത്തിയിരിക്കുന്നു.


ലഹരി ഉപയോഗത്തിന്റെ ചരിത്രം

ലഹരി ഉപയോഗം നിത്യജീവിതത്തിലെ പിരിമുറുക്കങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായും ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായും മനുഷ്യ ചരിത്രത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്.ചരിത്രത്തില്‍ വളരെ മുമ്പു മുതല്‍ ഇന്നുവരെ ലഹരികള്‍ക്ക് അടിമപ്പെട്ട ധാരാളം ജനങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്.പല സമൂഹങ്ങളിലും ലഹരിഉപയോഗം ഒരു മഹാമാരി എന്ന വിധം പടര്‍ന്ന് പിടിച്ചിട്ടുമുണ്ടായിരുന്നു.ഇന്നും ഇത്തരം ലഹരിയുടെ മഹാമാരികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും കറുപ്പിന്റെ കച്ചവടം ബ്രിട്ടീഷ് സാമ്രാജ്യത്തിനു ഭീമമായ ലാഭം നേടിക്കൊടുത്തു.

ബ്രട്ടീഷ് അധിനിവേശകാലഘട്ടത്തില്‍ കറുപ്പ് കൃഷി ചെയ്യുന്നതിനും ബ്രട്ടീഷ് കുത്തകയ്ക്ക് കീഴില്‍ കറുപ്പ് ഉത്പാദിപ്പിക്കുന്നതിനും വളക്കൂറുള്ള മണ്ണായി ഇന്ത്യ മാറി.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണവും,രാജഭരണ സ്റ്റേറ്റുകള്‍ക്ക് മുകളിലെ ബ്രിട്ടീഷ് നിയന്ത്രണവും ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് സ്ഥിരമായി കറുപ്പ് എത്തിച്ചുകൊടുക്കാന്‍ സൗകര്യമായി.ചൈനയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള സാമ്പത്തിക കൈമാറ്റവും സുഗമമായി.ഓപ്പിയം ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിയമപരമായി വിതരണം ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.1940കളില്‍ ബ്രിട്ടീഷുകാര്‍ നാഗാലാന്റില്‍ ബന്ധം ഉറപ്പിക്കുന്നതിനായി ഓപ്പിയം പരിചയപ്പെടുത്തി.ഇതിലൂടെ പലരും ഒപ്പിയത്തിന് അടിമകളായി.വില കുറഞ്ഞ ലഹരി ആയതിനാല്‍ സമൂഹത്തിലെ എല്ലാ സാമ്പത്തിക നിലയിലുള്ളവരിലേക്കും കഞ്ചാവ് എത്തുകയും ചെയ്യ്തു.പിന്നീട് അവരില്‍ പലരും കാഠിന്യമേറിയ എല്‍.എസ്.ഡി,മോര്‍ഫിന്‍,പെത്തഡിന്‍ തുടങ്ങിയവയ്ക്ക് അടിമകളായി.ഇന്ന് കഞ്ചാവ് പല പുതിയ''rave party drug'കളിലേക്കുള്ള വാതായനമാണ്.സിഗററ്റ് കഞ്ചാവിലേക്കും,കഞ്ചാവ് മറ്റു ലഹരികളിലേക്കും,ഇതാണ് സാധാരണ ക്രമം.മദ്യപാനികള്‍ മദ്യം മാത്രമാണ് ഉപയോഗിക്കുന്നത്.കുറച്ചുപേര്‍ മാത്രമേ crack,LSD,smack എന്നിവ ഉപയൊഗിക്കുന്നുള്ളൂ.

മയക്കുമരുന്നുകളുടെ പ്രവര്‍ത്തനം തലച്ചോറില്‍

മയക്കുമരുന്നില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തലച്ചോറിലെ നാഡികള്‍ സ്വാഭാവികമായി ആശയങ്ങള്‍ സ്വീകരിക്കുന്നതും അവലോകനം ചെയ്യുന്നതുമായ പ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കി ആശയ വിനിമയ സംവിധാനത്തെ തകരാറിലാക്കും.മരിജുവാന,ഹെറൊയിന്‍ മുതലായ മയക്കുമരുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തലച്ചോറിലെ സ്വാഭാവിക ന്യൂറോ ട്രാന്‍സ്മിറ്ററുകളെപ്പോലെ പ്രവര്‍ത്തിച്ചു തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തി അസ്വാഭികമായുള്ള സന്ദേശങ്ങള്‍ അയച്ചുതുടങ്ങാന്‍ സാധ്യതയുണ്ട്.ഇത് ആരെങ്കിലും നമ്മുടെ ചെവിയിലേക്ക് മന്ത്രിക്കുന്നതായോ മറ്റുള്ളവര്‍ നമ്മളെക്കുറിച്ചു സംസാരിക്കുന്നതായോ നമ്മുടെ പ്രവര്‍ത്തികള്‍ മറ്റൊരാള്‍ പറയുന്നതായി തോന്നാം.

മനുഷ്യന്റെ തലച്ചോറിനെ പ്രോഗ്രാം ചെയ്യ്തിരിക്കുന്നത് അനുഭൂതി കിട്ടുന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ആസ്വദിക്കാനും അതില്ലാത്തതിനെ ഒഴിവാക്കാനും ചെയ്യുന്ന വിധമാണ് മയക്കുമരുന്ന് അനുഭൂതികളെ നിയന്ത്രിക്കുന്ന ഡോപ്പാമിന്‍(Dopamin)എന്ന രാസവസ്തു കൊണ്ട് തലച്ചോറില്‍ ഒരു പ്രളയം തന്നെ സൃഷ്ടിക്കാമെന്ന് അല്പം അതിശയോക്തി കലര്‍ത്തി പറയാം.ഇത് അമിത സന്തോഷത്തിന്റെ ഒരു മായിക പ്രപഞ്ചം തന്നെ ഉണ്ടാക്കുന്നു.അത് വീണ്ടും വീണ്ടും ആസ്വദിക്കാന്‍ മനസ്സിനെ വെമ്പല്‍ കൊള്ളിക്കും.ഈ അനുഭൂതികള്‍ പിന്നെയും പിന്നെയും ഉണ്ടാകുമ്പോള്‍ മുന്‍പ് ആസ്വദിച്ച കാര്യങ്ങള്‍ളോക്കെ തൃണവത്കരിച്ചു അതിനൊക്കെ ഉപരിയായി അമിത സുഖം പകര്‍ന്ന് തരുന്ന മയക്കുമരുന്ന് തന്നെ വേണമെന്ന ആസക്തി(Addiction)ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് അത് ഉപയോഗിക്കുന്ന ആള്‍ എത്തിച്ചേരും.ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ആള്‍ക്ക് മയക്കുമരുന്ന് ഉള്ളില്‍ ചെന്നില്ലെങ്കില്‍ കഠിനമായ അസ്വസ്ഥതയുണ്ടാകും.ദൈനം ദിന ജീവിതത്തെ താറുമാറാക്കും.അതുകൊണ്ട് തന്നെ സാധാരണ പോലെ മരുന്ന് കഴിച്ചാല്‍ വേണ്ടത്ര സുഖം തോന്നാത്ത അവസ്ഥ ഉണ്ടാവുകയും കൂടുതല്‍ അളവില്‍ മരുന്ന് കഴിക്കാന്‍ വ്യക്തി പ്രേരിതനാവുകയും ചെയ്യും.ഈ അവസ്ഥയിലെത്തുമ്പോഴേക്കും ആ വ്യക്തി എല്ലാരീതിയിലും നാശത്തിന്റെ പടുകുഴിയില്‍ എത്തിച്ചേര്‍ന്നിരിക്കും. 

മയക്കുമരുന്ന് ഉപയോഗത്തിന്റെ വിവിധ ഘട്ടങ്ങള്‍

ഒന്നാം ഘട്ടം: മയക്കുമരുന്ന് ആദ്യമായുപയോഗിക്കുമ്പോള്‍ തലച്ചോറിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടുകയും അതൊരു സുഖമുള്ള അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും അതു ഉപയോഗിക്കാനുള്ള പ്രേരണ ഉണ്ടാകുന്നു.

രണ്ടാം ഘട്ടം: വീണ്ടും വീണ്ടും മയക്കുമരുന്ന് ഉപയോഗിച്ച് കഴിയുമ്പോള്‍ വെള്ളം,ഭക്ഷണം മുതലായവയെപ്പോലെ അത് ഒരു ഒഴിവാക്കാനാകാത്ത ദൈനം ദിന ആവശ്യമായി മാറും.

മൂന്നാം ഘട്ടം: മയക്കുമരുന്നിന്റെ ഉപയോഗം തലച്ചോറിലുണ്ടാക്കിയ രാസപ്രക്രിയകള്‍ ചിന്തിക്കാനും നല്ല തീരുമാനങ്ങളെടുക്കാനും സ്വഭാവത്തെ നിയന്ത്രിക്കാനും സാധാരണ പോലെ പെരുമാറാനും ഉള്ള കഴിവിനെ ഇല്ലാതാക്കുയും തന്മൂലം ദിവസവും മയക്കുമരുന്നില്ലാതെ ജീവിക്കാനാകാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.

നാലാം ഘട്ടം: ഏതു തരം മയക്കുമരുന്നാണ് ഉപയോഗിക്കുന്നതെങ്കിലും അതിനോട് നിയന്ത്രിക്കാനാകാത്ത ആസക്തി ഉണ്ടാവുകയും കുടുംബ ബന്ധങ്ങളും കൂട്ടുകാരും പഠിത്തവുമൊക്കെ അതി പ്രധാനമായി തീരുകയും ചെയ്യുന്നു.

അഞ്ചാം ഘട്ടം: ഈ ഘട്ടത്തില്‍ ലഹരി മരുന്നിന്റെ കരാളഹസ്തത്തില്‍ താന്‍ വീണുപോയിരിക്കുന്നു എന്ന സത്യം മനസ്സുകൊണ്ട് നിഷേധിച്ചുകൊണ്ട് വീണ്ടും വീണ്ടും മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങും.അതോടെ താനെത്രമാത്രം ഈ വസ്തുക്കള്‍ ഉപയോഗിക്കുന്നു എന്ന വസ്തുത മനസ്സിലാകാതെ എത്രമാത്രം തന്നെ സ്‌നേഹിക്കുന്നവരെ മുറിവേല്‍പ്പിക്കുന്നുവെന്ന് ഓര്‍ക്കാതെ,എത്രമാത്രം തന്റെ ആരോഗ്യത്തെ ഇത് കാര്‍ന്നു തിന്നുന്നു എന്നറിയാതെ ഇതിന്റെ മേല്‍ ഉപയോഗിക്കുന്ന ആളിന് യാതൊരു നിയന്ത്രണവുമില്ലാതെ അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.ഈ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നാല്‍ മയക്കു മരുന്നിനായി ഏതൊരു കുറ്റകൃത്യവും ചെയ്യാന്‍ ആണ്‍കുട്ടികള്‍ക്കും സ്വയം വില്‍പ്പനച്ചരക്കാവാന്‍ പെണ്‍കുട്ടികള്‍ക്കും ഒരു മടിയും കുറ്റബോധവും തോന്നാറില്ല.

മയക്കുമരുന്നുപയോഗത്തിന്റെ ലക്ഷണങ്ങള്‍ 

മയക്കുമരുന്നിന് അടിമകളാകുന്നവരില്‍ ചില പ്രത്യേക ശാരീരിക,മാനസീക ലക്ഷണങ്ങള്‍ പ്രകടമായേക്കാം.

ശാരീരിക ലക്ഷണങ്ങള്‍: ഒട്ടും വൃത്തിയില്ലാത്ത അലസമായ വസ്ത്രധാരണം.അമിതമായി ചുവന്ന കണ്ണുകള്‍.കൃഷണമണി വളരെ ചെറുതൊ വലുതോ ആയിരിക്കും.പെട്ടന്ന് ശരീരഭാരം കുറയുക.ആഹാരം കഴിക്കുന്നതിലും ഉറങ്ങുന്നതിലും വളരെയധികം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുക.അസാധാരണമായ ശ്വാസ ഗന്ധം.കൈകാലുകള്‍ക്ക് വിറയല്‍,അസ്പഷ്ടമായ സംസാരം,കാലുറയ്ക്കാത്ത നടപ്പ്.
പെരുമാറ്റപരമായ ലക്ഷണങ്ങള്‍: ക്ലാസ്സില്‍ വരാതിരിക്കുക,പഠിത്തം മോശമാവുക.അമിതമായ സാമ്പത്തിക പരാധീനത.പണം നേടാനായി മോഷണ പ്രവണത കാണിക്കുക.പെട്ടന്ന് കൂട്ടുകാരെ മാറ്റുക,താവളങ്ങള്‍ മാറ്റുക,വിനോദപ്രക്രിയകള്‍ മാറ്റുക.പെട്ടന്ന് ദേഷ്യം വരുക,വഴക്കിടുക.നിയമവിരുദ്ധ കാര്യങ്ങളില്‍ ഏര്‍പ്പെടുക.
മാനസീക ലക്ഷണങ്ങള്‍: വ്യക്തിത്വത്തിലും മനോഭാവത്തിലുമുള്ള വ്യത്യാസം.പെട്ടന്ന് ഭാവംമാറുക,ദേഷ്യം വരുക,അലറി വിളിക്കുക,പെട്ടന്ന് അസ്വസ്ഥനാവുക,കാരണമില്ലാതെ കരയുക,ഇടയ്ക്കിടയ്ക്ക് തലകറക്കം,മ്ലാനത.ഒന്നിലും ഉത്സാഹം ഇല്ലാതിരിക്കുക,എപ്പോഴും ക്ഷീണം അനുഭവപ്പെടുക.അകാരണമായ ഉത്കണ്ഠ,പേടി,മനോവിഭ്രാന്തി തുടങ്ങിയവ.

ആര്‍ക്കാണ് മയക്കുമരുന്നിന് അടിമപ്പെടാന്‍ കൂടുതല്‍ സാധ്യത

ആണ്‍കുട്ടികള്‍: ആണ്‍കുട്ടികളാണ് കൂടുതലായി മയക്കുമരുന്നിന് അടിമകളാവുന്നത്.
കൗമാരപ്രായക്കാര്‍:  ഏതു പ്രായത്തിലും മയക്കുമരുന്നിന് അടിമപ്പെടാമെങ്കിലും കൗമാരപ്രായക്കാരിലും യുവാക്കളിലുമാണ് ഇതിന് കൂടുതല്‍ സാധ്യത.കാരണം തലച്ചോറിന്റെ വളര്‍ച്ച പൂര്‍ണ്ണമായിട്ടില്ല,സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാനുള്ള പക്വത ആയിട്ടില്ല.ജീവിതത്തിലെ നല്ലതും ചീത്തയും ഒരു പോലെ അംഗീകരിക്കാന്‍ സാധിക്കാത്ത പ്രായം,ലൈംഗീക ചൂഷണത്തിന് കൂടുതല്‍ അവസരങ്ങളുള്ള പ്രായം,പ്രണയനൈരാശ്യത്തിനു ഏറെ സാധ്യതയുള്ള പ്രായം.
കുടുംബാംഗങ്ങളുടെ മയക്കുമരുന്ന് ഉപയോഗം: ഇത് ജനിതകപരമായ സാദ്ധ്യതകള്‍ കൊണ്ടാകാം.ഇക്കൂട്ടര്‍ക്ക് പെട്ടന്ന് ഇത്തരം സാധനങ്ങള്‍ ലഭ്യമാക്കാനുള്ള അവസരം കൂടുതലുള്ളതുകൊണ്ടാകാം,കണ്ടുപഠിക്കാനുള്ള സാധ്യതകൂടുതല്‍ ഉള്ളതുകൊണ്ടും ആകാം.
കുടുംബാന്തരീക്ഷം: ബാല്യത്തിലെ ദുരനുഭവങ്ങളും സ്‌നേഹം കിട്ടുന്നില്ല എന്ന തോന്നല്‍,കുടുംബാംഗങ്ങളുടെ മദ്യം,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മുതലായവയൊക്കെ ഒരു വ്യക്തിയെ മയക്കുമരുന്നിലേക്ക് നയിച്ചേക്കാം.
കുടുംബത്തിലെ അരക്ഷിതാവസ്ഥ: മാതാപിതാക്കളുടെ ഉപാധികളില്ലാത്ത സ്‌നേഹം ഏതൊരു കുട്ടിയുടെയും ജന്മാവകാശമാണ്.പക്ഷേ അത് പ്രകടിപ്പിക്കാന്‍ പല രക്ഷിതാക്കള്‍ക്കും അറിയില്ല എന്നതാണ് സത്യം.തന്നെ ആരും സ്‌നേഹിക്കുന്നില്ല,സ്വന്തം വീട്ടില്‍ പോലും താന്‍ ഒറ്റപ്പെടുന്നു എന്നിങ്ങനെയുള്ള തോന്നല്‍ പലകുട്ടികളെയും മയക്കുമരുന്നിന്റെ പാതയിലേക്ക് തള്ളിവിടാം.പ്രത്യേകിച്ചു വിഷാദ രോഗങ്ങളുണ്ടെങ്കില്‍.
കൂട്ടുകാരുടെ സമ്മര്‍ദ്ദം: കൂട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പല കുട്ടികളും മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നത്.പഠിത്തത്തില്‍ മോശമാകുന്നവരും,പ്രേമനൈരാശ്യം അനുഭവിക്കുന്നവരും അപകര്‍ഷതാ ബോധമുള്ളവരുമൊക്കെ മയക്കുമരുന്നുപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്.
മാനസിക രോഗങ്ങള്‍:  അമിതമായ ഉത്കണ്ഠ,വിഷാദരോഗം,Post traumatic stress disorder മുതലായ മാനസീക രോഗാവസ്ഥകള്‍ നേരെത്തെ കണ്ടെത്തി ചികിത്സിക്കാതിരുന്നാല്‍ കുട്ടികള്‍ മയക്കുമരുന്നിന്റെ ദുരുപയോഗത്തിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന രീതി: മയക്കുമരുന്ന് കുട്ടിവയ്ക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്ന് അമിതമായ സുഖാനുഭൂതി ഉണ്ടാക്കുന്നതുപോലെ തന്നെ അളവ് കുറയുമ്പോള്‍ പെട്ടന്ന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലേക്ക് എത്തിപ്പെടുകയും വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള തോന്നല്‍ ഉണ്ടാവുകയും ചെയ്യും.
ഞാന്‍ അടിമപ്പെടുകയില്ലെന്നുള്ള മിഥ്യാധാരണ: എല്ലാം മറ്റുള്ളവര്‍ക്ക് സംഭവിക്കാം ഞാന്‍ ഇതിലൊന്നും അടിമപ്പെടില്ല എന്ന മിഥ്യാ ധാരണയാണ് പലപ്പോഴും ഇതില്‍ നിന്നും അകന്ന് നില്‍ക്കാനുള്ള അവസരങ്ങള്‍ ഉപയോഗിക്കാതിരിക്കാനുള്ള പ്രധാന കാരണം.ഒന്ന് പരീക്ഷിച്ചു തുടങ്ങിക്കളയാം എന്ന് വിചാരിച്ചു തുടങ്ങുകയാണ് പലരും ചെയ്യുന്നത്.പക്ഷേ അവര്‍ പോലും അറിയാതെ അതിനു അടിമകളായി മാറുകയാണ് ചെയ്യുന്നത്.കഞ്ചാവ്,കൊക്കെയിന്‍ മുതലായ വീര്യം കൂടിയ മയക്കുമരുന്നിന്റെ ഉപയോഗം പെട്ടന്ന് ഉപയോഗിക്കുന്ന ആളിനെ അതിന്റെ അടിമയാക്കും.വീര്യം കുറഞ്ഞ മയക്കുമരുന്നുകളും ആസക്തിയുടെ നിലയിലേക്ക് നമ്മെ കൊണ്ട് പോകുമെന്ന് യുവജനങ്ങള്‍ക്കും,കുട്ടികള്‍ക്കും മനസ്സിലാക്കി കൊടുക്കണം.

                         (തുടരും....).

 (കൗമാരക്കാരിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗം).


 

Comments

leave a reply

Related News