Foto

എന്‍ഡോസള്‍ഫാന്‍: പറഞ്ഞതും പറയാത്തതും അന്വേഷണ പരമ്പര-1)

ജോബി ബേബി,

എന്‍ഡോസള്‍ഫാന്‍: ജനകീയാരോഗ്യത്തിന്റെ ഭാഗം 

കാസര്‍കോട്ടെ കുബഡാജെ പഞ്ചായത്തില്‍ ഒരു കുഞ്ഞു ജീവന്‍ കൂടി എന്‍ഡോസള്‍ഫാന്‍ കവര്‍ന്നതോടെ രണ്ട് മാസത്തിനുള്ളില്‍ ഈ ദുരിതം പേറി മരണമടയുന്ന കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി.കഴിഞ്ഞ രണ്ട് മാസം മുന്‍പാണ് 11വയസുകാരനും 5വയസുകാരിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരണപ്പെട്ടത്.കുബഡാജെ പെരിഞ്ചിലെ മുക്കൂര്‍ കോളനിയിലെ ഒന്നരവയസുകാരിയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.കുഞ്ഞിന്റെ മൃതൃദേഹവുമായി മാതാപിതാക്കള്‍ പതിനാല് മണിക്കൂറോളം നിസഹായരായി കാത്തിരുന്ന കാഴ്ച ഏവരുടെയും കണ്ണ് നനയിക്കും.ഇത്തരത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മരണങ്ങള്‍ ഈ ദുരന്തത്തെക്കുറിച്ചു വീണ്ടും ചിന്തിക്കുന്നതിന് ഇടയാക്കുന്നു.

എന്താണ് എന്‍ഡോസള്‍ഫാന്‍?

എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു ഓര്‍ഗാനോക്ലോറിന്‍ കീടനാശിനിയാണ്.1950ല്‍ ബേയര്‍ ക്രോപ്‌സ് സയന്‍സ് എന്ന കമ്പനി ആണ് എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ആദ്യമായി നിര്‍മ്മിച്ച് തുടങ്ങിയത്.സാധാരണയായി 7:3എന്ന അനുപാതത്തില്‍ എന്റോആല്‍ഫ,എന്റോബീറ്റ എന്നീ രണ്ട് ഐസോമറുകളായാണ് ഇത് കാണപ്പെടുന്നത്.ഇത് ജലത്തില്‍ വളരെ ചെറിയ അളവില്‍ മാത്രമേ ലയിക്കുകയുള്ളൂ.ജലത്തില്‍ എന്‍ഡോസള്‍ഫാന്റെ ലയത്വം ഒരു ലിറ്ററില്‍ 60-150മൈക്രോഗ്രാം ആണ്.ജലത്തിന്റെ അമ്ലത കുറയുന്നതിനനുസരിച്ചു എന്‍ഡോസള്‍ഫാന്റെ ലയത്വം കൂടുന്നു.മണ്ണിലും അവസാദത്തിലും എന്‍ഡോസള്‍ഫാന്റെ അംശം ജലത്തിലുള്ളതിനേക്കാള്‍ കൂടുതലായിരിക്കും.ഈ കീടനാശിനി തളിക്കുമ്പോള്‍ ഒരു ഭാഗം ബാഷ്പീകരിച്ചു അന്തരീക്ഷത്തിലേക്ക് പോവുകയും ബാക്കിയുള്ളവ മണ്ണില്‍ വിഘടിക്കുകയും ചെയ്യുന്നു.മണ്ണിലുള്ള സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം,കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവ കൊണ്ടാണ് ഇത് വിഘടിക്കുന്നത്.ഈ പ്രക്രിയ ദിവസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ വരെ നീണ്ടു നില്‍ക്കാം.സാധാരണയായി എന്‍ഡോസള്‍ഫാന്‍ വിഘടിച്ചു എന്‍ഡോസള്‍ഫാന്‍ ഡയോള്‍,എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റ് എന്നീ പദാര്‍ത്ഥങ്ങളായി മാറുകയും വളരെക്കാലം മണ്ണില്‍ നിലനില്‍ക്കുയും ചെയ്യും.

ഹെക്‌സെയ്ന്‍,മെഥിലിന്‍ ക്ലോറൈഡ് മുതലായക ലായകങ്ങള്‍ ഉപയോഗിച്ച് വേര്‍തിരിച്ച ശേഷം ഗ്യാസ് ക്രോമാറ്റോഗ്രാഫ് എന്ന ഉപകരണം ഉപയോഗിച്ചാണ് എന്‍ഡോസള്‍ഫാന്റെ സാന്ദ്രത കണ്ടെത്തുന്നത്.മനുഷ്യ ശരീരത്തിലെ വൃക്കകളാണ് ഇത് പ്രധാനമായും അടിഞ്ഞുകൂടുന്നത്.മലം,മൂത്രം എന്നിവയോടൊപ്പം സാധാരണയായി ഇതു പുറത്തേക്ക് പോകാറുണ്ട്.നെല്ല്,പച്ചക്കറി,പരുത്തി,കശുമാവ്,കാപ്പി,പുകയില തുടങ്ങിയ തുടങ്ങിയ പല വിളകളിലും ഈ കീടനാശിനി പ്രയോഗിക്കാറുണ്ട്.ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലേക്ക് വരെ ഇത് വ്യാപിക്കുന്നു.കാറ്റിലൂടെയും,ജലത്തിലൂടെയും ഇത് വ്യാപിക്കുന്നതിനാല്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും ഇതു ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.കീടനാശിനി തളിച്ച സ്ഥലത്തെ വായു ശ്വസിക്കുന്നത്.കീടനാശിനി അടങ്ങിയ ജലം കുടിക്കുന്നത്.കീടനാശിനി കൊണ്ട് മലിനമായ മണ്ണുമായി സമ്പര്‍ഗം ഉണ്ടാകുമ്പോള്‍. എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍.കീടനാശിനി കൊണ്ട് മലിനമായ ആഹാരം കഴിക്കുന്നത്.നേരിട്ട് ശരീരത്തില്‍ പ്രവേശിക്കുന്നത് തുടങ്ങിയവയെല്ലാം അപകടം നേരിടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളാണ്.

ഇന്ത്യയിലെ ഉത്പാദനം

എന്‍ഡോസള്‍ഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു ഇന്ത്യ.എക്‌സല്‍ ക്രോപ് കെയര്‍,എച്ച്.ഐ.എല്‍,കോറമാണ്ടല്‍ ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവയായിരുന്നു ഈ കീടനാശിനിയുടെ ഇന്ത്യയിലെ മുഖ്യനിര്‍മ്മാതാക്കള്‍.എന്‍ഡോസള്‍ഫാന്റെ ഉപോയോഗം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.ഇതില്‍ യൂറോപ്പിയന്‍ രാജ്യങ്ങളും,ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നു.തായോണക്സ്,എന്‍ഡോസില്‍,ഫേസര്‍,ബെന്‍സോയ്പിന്‍ എന്നീ പേരുകളിലും ഇത് വിപണിയയില്‍ ലഭ്യമാണ്.അമേരിക്കയിലെ പാരിസ്ഥിതിക ഏജന്‍സിയായ USEPA എന്‍ഡോസള്‍ഫാനെ ഒന്ന് ബി കാറ്റഗറി(ഏറ്റവും അപകടകാരിയായത്)യിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ലോകാരോഗ്യ സംഘടന(WHO)ഇതിനെ കാറ്റഗറി 2 ലാണ്(മിതമായ അപകടകാരിയായത്)വര്‍ഗ്ഗീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ വ്യാവസായിക വിഷത്വ ഗവേഷണകേന്ദ്രം(Industrial Toxicology Research Centre) ഇതിനെ ഏറ്റവും അപകടകാരിയായ കീടനാശിനിയായിയാണ് വിലയിരുത്തിയിരിക്കുന്നത്.United Nations Environmental Program(UNEP) എന്‍ഡോസള്‍ഫാനെ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു മാരകവസ്തുവായാണ് കണക്കാക്കിയിരിക്കുന്നത്.

കേരളത്തില്‍ 1978-2000 കാലഘട്ടത്തില്‍ കശുമാവിന്റെ പൂക്കുലകളെ ഉപദ്രവിക്കുന്ന തേയിലകൊതുകിനെ നശിപ്പിക്കാനാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചത്.1990നു ശേഷം പലസ്ഥലങ്ങളിലും സെറിബ്രല്‍ പാല്‍സി,മനസികവൈകല്യം,ജനിതവൈകല്യങ്ങള്‍,അംഗവൈകല്യങ്ങള്‍ എന്നിവ മൂലം കഷ്ടപ്പെടുന്ന ധാരാളം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി.2000മുതല്‍ പല ഗവണ്മെന്റ് സ്ഥാപനങ്ങളും,കാര്‍ഷിക സര്‍വകലാശാല,സാമൂഹിക സംഘടനകള്‍,കേന്ദ്ര ഗവണ്മെന്റിന്റെ ഡോ:ദുബൈ കമ്മിഷന്‍,National Institute of Occupational health എന്നീ സ്ഥാപനങ്ങളും കാസര്‍ഗോഡ് ഭാഗത്തുള്ള ദുരന്തങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കി.ഇതില്‍ ഡോ.ദുബൈ കമ്മീഷന്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനു അനുകൂലമായ റിപ്പോര്‍ട്ട് ആണ് നല്‍കിയത്.ബാക്കി കമ്മറ്റികള്‍ മിക്കവയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയോ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയോ വേണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി.2002ല്‍ കേരള ഹൈക്കോടതി എന്‍ഡോസള്‍ഫാന്റെ വിതരണവും ഉപയോഗവും തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.പല പഠന റിപ്പോര്‍ട്ടുകളുടെയും വെളിച്ചത്തില്‍  2003 ല്‍ കേരള സംസ്ഥാനം എന്‍ഡോസള്‍ഫാന്‍ ഉപയോഗം തടഞ്ഞു.2007ല്‍ സംസ്ഥാന ഗവണ്മെന്റ് Endosulfan Relief and Remediation cell നു രൂപം നല്‍കി.കാസര്‍ഗോഡ് ജില്ലയില്‍ പ്രധാനമായും 11പഞ്ചായത്തുകളിലായാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഈ 110പഞ്ചായത്തുകളിലും മണ്ണ്,ജലം,രക്തം,മറ്റു ജീവജാലങ്ങള്‍ എന്നിവയില്‍ എന്‍ഡോസള്‍ഫാന്റെ അംശം അടങ്ങിയിട്ടുണ്ടോ എന്ന് പഠനങ്ങളും നടത്തി.

ആരോഗ്യരംഗത്തെ പ്രത്യാഘാതങ്ങള്‍

2010 ല്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കെത്തിയ രോഗികളെ പരിശോധിച്ചതില്‍ 4182 പേരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തി. ഇതിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഔദ്യോഗിക രേഖകളിലിടം കണ്ടെത്തി.ചികിത്സയും അത്യാവശ്യ മരുന്നുകളുടെ വിതരണവും തുടങ്ങി.എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച് കഴിഞ്ഞു ഉടനെയുണ്ടാവുന്ന വിഷബാധപോലെ തന്നെ പ്രധാനപ്പെട്ടതാണ് ദീര്‍ഘകാലം കഴിഞ്ഞു കാണുന്ന രോഗലക്ഷണങ്ങളും.വളരെ കുറഞ്ഞയളവില്‍ പോലും(0.002മില്ലിഗ്രാം/കിലോഗ്രാം)ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ എന്‍ഡോസള്‍ഫാന്‍ തകര്‍ക്കും എന്നതിനു സൂചനകള്‍ ലഭിച്ചുകൊണ്ടേയിരിക്കുന്നു.ഓര്‍ഗാനോ ക്ലോറിനുകള്‍ക്കു ഹോര്‍മോണുകളെ അനുകരിക്കാന്‍ കഴിയുമെന്നും അങ്ങനെ ശരീര പ്രക്രിയകളുടെ താളം തെറ്റിക്കാന്‍ കഴിയുമെന്നതിനും തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നു.ഡി.ഡി.റ്റി,പി.സി.ബി, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ ഓര്‍ഗാനോ ക്ലോറിനുകള്‍ പുരുഷബീജങ്ങളുടെ എണ്ണവും ഗുണവും കുറയ്ക്കുന്നതിന് പുരുഷലൈംഗീക അവയവങ്ങള്‍ക്ക് ക്ഷതം വരുത്തുന്നതിനും പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാക്കുന്നതിനും,കഴിഞ്ഞ 50വര്‍ഷമായി കൂടിക്കൊണ്ടിരിക്കുന്ന സ്താനാര്‍ബുദത്തിനു കാരണമാകുന്നതായും കണ്ടെത്തിയിരിക്കുന്നു.അടുത്തകാലത്തു ജപ്പാനിലെ ചില ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത് എന്‍ഡോസള്‍ഫാന്‍ ഉല്‍പരിവര്‍ത്തനത്തിനും ദ്രുദഗതിയിലുള്ള ജനിതകമാറ്റം കാരണമാകുന്നു എന്നാണ്.

ദീര്‍ഘകാലം ഈ കീടനാശിനിയുമായി സമ്പര്‍ഗം ഉണ്ടാവുകയാണെങ്കില്‍ കരളും വൃക്കകളും തകരാറിലാകും.ഉയര്‍ന്ന അളവില്‍ മനുഷ്യരില്‍ വിളര്‍ച്ച(അനീമിയ)ഉണ്ടാക്കും.പോഷകാഹാരക്കുറവുള്ള ജനങ്ങളെയാണ് ഇത് ബാധിക്കുന്നതെങ്കില്‍ പ്രത്യഘാതം കൂടുതല്‍ ഗുരുതരമായിരിക്കും.വളരെ ഉയര്‍ന്ന അളവില്‍ ഉണ്ടാകുന്ന എന്‍ഡോസള്‍ഫാന്‍ വിഷബാധ വിറയല്‍,ശ്വാസതടസ്സം,ഉമിനീര്‍ വന്നുകൊണ്ടിരിക്കല്‍,നീര് വയ്ക്കല്‍,പിടച്ചില്‍ എന്നിവ ഉണ്ടാകും.ഇത്തരം രോഗാവസ്ഥ വളരെനാള്‍ നീണ്ടുനില്‍ക്കുകയും ചെയ്യും.പ്രത്യുല്പാദന വ്യവസ്ഥയെയും ഈ മാരക വിഷം ബാധിക്കും.ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാരക്കുറവ്,സ്വഭാവത്തില്‍ വരുന്ന വ്യതിയാനങ്ങള്‍,മന്ദത,തൊലിയില്‍ വൃണങ്ങള്‍ വന്ന് പൊട്ടല്‍,തുടങ്ങിയവ പ്രത്യഘാതങ്ങളില്‍ ചിലത് മാത്രമാണ്.സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പഠനങ്ങള്‍ കാണിക്കുന്നു.തളര്‍ച്ചയും,ക്ഷീണവും ഈ വിഷബാധയുടെ ലക്ഷണങ്ങളാണ്.തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുന്നു.എന്‍ഡോസള്‍ഫാന്‍ വൃക്കകളെ ബാധിക്കുന്ന ഗ്ലോമറ്റലൊ നെഫ്രോസിസ് എന്ന രോഗത്തിനും കാരണമാകുന്നു.കൂടാതെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥയെയും ഇത് ബാധിക്കുന്നതിന് ഇടയാക്കും.

എന്‍ഡോസള്‍ഫാന്‍ തൊലിയിലൂടെയും ശ്വാസത്തിലൂടെയും വായുവിലൂടെയും ശരീരത്തിനുള്ളില്‍ കടക്കുന്നതിനാല്‍ അകത്തു എത്തിക്കഴിഞ്ഞു 20മിനിറ്റിനും 12മണിക്കൂറിനും ഇടയില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാം.ആകുലത,ആകെ ഒരു സുഖമില്ലായ്മ,തലവേദന,ഛര്‍ദ്ദി,തല ചുറ്റല്‍,വിറയല്‍,വിറയലുകള്‍ക്കിടയ്ക്ക് നാഡികള്‍ തളര്‍ന്നതിനാലുള്ള മാനസീകമായ തളര്‍ച്ച,ശ്വാസതടസ്സം കൊണ്ട് മരണം വരേയും സംഭവിക്കാം.ഇല്ലെങ്കില്‍ ബോധമില്ലാതെ ദിവസങ്ങളോളം കിടക്കാം.മാരക വിഷബാധയേറ്റാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,ല്യൂകോസൈറ്റോസിസ്,ടക്കികാര്‍ഡിയ,ഉപാപചയ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റല്‍,പനി എന്നിവയുണ്ടാകും.ഇത് നാഡികളുടെ(പ്രത്യേകിച്ചും സിംപതറ്റിക് നാഡീവ്യവസ്ഥ)പതിവിലും ഉയര്‍ന്ന തോതിലുള്ള പ്രവര്‍ത്തനം മൂലമാണ് സംഭവിക്കുക.ഉറക്കതടസ്സം,ഓര്‍മ്മക്കുറവ്,പെരുമാറ്റത്തിലുള്ള വ്യതിയാനങ്ങള്‍ ഇവ ദിവസങ്ങളോളം തുടരാം.ഒരളവില്‍ കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉള്ളില്‍ ചെന്നാല്‍ ഡയല്‍ഡ്രിന്റേതുപോലെയുള്ള വിഷബാധ ഉണ്ടാകും.മാരക വിഷമുള്ളതും നിരോധിച്ചതുമായ ഓര്‍ഗാനോക്ലോറിനാണ് ഡയല്‍ഡ്രില്‍.

ദുരിതബാധിതര്‍ നേരിടുന്ന ആരോഗ്യ രംഗത്തെ വെല്ലുവിളികള്‍

എന്‍ഡോസള്‍ഫാന്‍ കാരണം ദുരിതബാധിതരായ കുട്ടികള്‍ക്കെന്നല്ല ഗുരുതര രോഗം ബാധിക്കുന്ന ആര്‍ക്കും തന്നെ വിദഗ്ധ ചികിത്സ കിട്ടാന്‍ കാസര്‍കോട് ജില്ലയില്‍ ഒരു സംവിധാനവുമില്ല. കിലോമീറ്ററുകള്‍ താണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും രോഗി മരിച്ചിട്ടുണ്ടാകും. മംഗളൂരുവിലേക്ക് പോകാനാണെങ്കില്‍ ജില്ലാ അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം. സമയത്തിന് ഈ രണ്ട് സ്ഥലങ്ങളിലും എത്താനായില്ലെങ്കില്‍ രോഗികള്‍ മരണത്തിന് കീഴ്‌പ്പെടും.

തക്ക സമയത്ത് വിദഗ്ദചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ മെച്ചപ്പെടുമായിരുന്ന നിരവധിയാളുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.എന്നാല്‍ ഞങ്ങള്‍ ഇന്ന് നേരിടുന്ന ഏറ്റവും സങ്കടകരമായ കാര്യം കാസര്‍ഗോഡ് ജില്ലയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തയാണ്.ദുരന്തം വിതച്ച ഭൂമിയില്‍ ഇപ്പോഴും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ആശ്വസിപ്പിച്ചും മുന്നോട്ട് പോകാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്.നിരന്തരം ചികിത്സ ആവശ്യമുള്ളവരാണ് ദുരിതബാധിതര്‍. രോഗികളായ കുഞ്ഞുങ്ങള്‍ ഇപ്പോഴും പിറന്നു കൊണ്ടിരിക്കുന്നു.കേരളത്തില്‍ മെഡിക്കല്‍ കോളേജുകളില്ലാത്ത ഒരേയൊരു ജില്ലയാണ് കാസര്‍ഗോഡ്. ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം നാളിതുവരെ ലഭിച്ചിട്ടില്ലാത്ത ജില്ലയാണ് ഞങ്ങളുടേത്.വിദഗ്ദ ചികിത്സ കിട്ടണമെങ്കില്‍ മംഗലാപുരത്തോമത് ജില്ലകളിലോ പോകണം. ലിസ്റ്റില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് ആജീവനാന്തം സൗജന്യ ചികിത്സ സുപ്രിം കോടതി വിധിച്ചതാണ്. അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ സമരം കൊണ്ട് നേരിടേണ്ടി വരുന്ന അമ്മമാര്‍.എം പാനല്‍ ചെയ്ത 17- ആശുപത്രികളിലാണ് സൗജന്യ ചികിത്സയുള്ളത്. അവിടെ ലഭിക്കാത്ത വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി ഞങ്ങള്‍ എങ്ങോട്ടു പോകണം എന്ന് അറിയില്ല. വേദനയും കടിച്ചമര്‍ത്തി വീടുകളില്‍ ഒതുങ്ങിക്കൂടാനാണ് അവരുടെ വിധി.ദുരന്തം വിതച്ച മണ്ണില്‍ മൂന്നും നാലും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്ലാന്‍ വിധിക്കപ്പെട്ട അമ്മമാര്‍, ചികിത്സ കിട്ടാതെ കണ്‍മുന്നില്‍ പിടഞ്ഞു മരിക്കുന്ന കുഞ്ഞുങ്ങള്‍ ,വര്‍ഷാവര്‍ഷം മെഡിക്കല്‍ ക്യാമ്പ് വെക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച് കാത്ത് കഴിയുന്ന പട്ടികയ്ക്ക് പുറത്തുള്ള ആയിരക്കണക്കിന് രോഗികള്‍, നടത്തിയ മെഡിക്കല്‍ ക്യാമ്പിലെലിസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്നവര്‍ ,അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ചികിത്സയുള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഇനിയും ലഭ്യമാവാത്തവര്‍ ഇപ്പോഴും രോഗബാധിതരായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ... ഇവര്‍ക്ക് സാന്ത്വനമേകാന്‍ ആരാണുള്ളത്
എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.കരിഞ്ഞു പോയ ഈ ജീവിതത്തിലേക്ക് പ്രകാശപൂരിതമായ ഒരു പുലരി പിറവി കൊള്ളും എന്ന പ്രതീക്ഷ മാത്രമാണ് ഇന്നും മുന്നോട്ട് അവരെ നയിക്കുന്നത്.അതും ഒരു പ്രതീക്ഷയാണ്.

6272 പേരാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ ജില്ലയിലുള്ളത്. എത്രയോ പേര്‍ പട്ടികയില്‍പെടാതെ പുറത്തുനില്‍ക്കുന്നുണ്ട്.അതിനാല്‍ ഈ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അകലെയുമായിരിക്കും. മെഡിക്കല്‍ ക്യാംപ് നടത്തിയാണ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നത്. ആളുകളെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ കണക്കെടുക്കാന്‍ വരുന്നവര്‍ക്ക് അതിയായ ഉത്സാഹമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.എന്‍ഡോസള്‍ഫാന്‍ ബാധിതരായവരുടെ ചികിത്സയും പുനരധിവാസവും സംബന്ധിച്ച് സുപ്രിം കോടതി വിധിയും ഇതുവരെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല.ഈ ആവശ്യം ഉയര്‍ത്തി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഇപ്പോഴും സമരത്തിലാണ്.പക്ഷേ ഇരകളായ ആലംബഹീനരുടെ രോദനവും നിലവിളിയും ആര് കേള്‍ക്കാന്‍.....

(തുടരും ........)

Comments

leave a reply

Related News