ജോബി ബേബി,
ഭരണകൂടത്തിന് പറ്റിയ ഒരു കയ്യബദ്ധമായിരുന്നില്ല കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം. അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഇന്ത്യന്‍ കീടനാശിനി നിയമങ്ങളും കീടനാശിനി കമ്പനികളുടെ മുന്നറിയിപ്പുകളും അവഗണിച്ചുകൊണ്ട് ഇരുപത് കൊല്ലത്തിലധികം ആകാശമാര്‍ഗം വിഷമഴ പെയ്യിച്ചുകൊണ്ട് നടത്തിയ രാസ യുദ്ധത്തിന്റെ പരിണത ഫലമാണ് ഈ ദുരന്തം. 1976 ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ പദ്രെ എന്ന ഗ്രാമത്തിലാണ് വിഷപ്രയോഗം ആരംഭിച്ചത്. പൂമ്പാറ്റകളും തേനീച്ചകളും ജലജീവികളും ചത്തൊടുങ്ങുന്നത് ആദ്യം ശ്രദ്ധിച്ചതും ഇവിടത്തെ ഗ്രാമീണരാണ്. അംഗവൈകല്യമുള്ള പശുക്കുട്ടികളുടേയും മറ്റും ജനനം ശ്രദ്ധയില്‍പെട്ട ശ്രീപദ്രെ എന്ന പത്രപ്രവര്‍ത്തകന്‍ 1979ല്‍ തന്നെ സംശയങ്ങള്‍ ഉന്നയിച്ച് ലേഖനമെഴുതിയിരുന്നു. സ്വര്‍ഗ്ഗ എന്ന ഗ്രാമത്തിലെ ജനകീയ ഡോക്ടര്‍ വൈ. എസ്. മോഹന്‍കുമാര്‍, പെര്‍ളെ ഗ്രാമത്തിലെ ഡോ. ശ്രീപതി എന്നിവര്‍ തങ്ങളുടെ രോഗികളില്‍ അസാധാരണമായ വിധം ബുദ്ധിമാന്ദ്യം, അപസ്മാരം, ജനിതക വൈകല്യങ്ങള്‍ എന്നിവ കണ്ടുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യുകയും ഇത് ആരോഗ്യമേഖലയിലെ വിദഗ്ദര്‍ പഠനം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2000ഒക്ടോബര്‍ 18ന് ലീലാകുമാരിയമ്മ എന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥ വിഷ പ്രയോഗത്തിനെതിരെ കോടതി വിധി സമ്പാദിക്കുന്നത് വരെ വിഷപ്രയോഗം തുടര്‍ന്നു.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ച് 21 വര്‍ഷം കഴിഞ്ഞിട്ടും ജനിതക തകരാറുകളുമായി കുഞ്ഞുങ്ങള്‍ ജനിച്ചു വീഴുന്നുണ്ട് എന്നസത്യം ഞെട്ടിപ്പിക്കുന്നതാണ്. വാഗ്ദാനം ചെയ്യപ്പെട്ട നഷ്ടപരിഹാരങ്ങള്‍, ചികിത്സാസൗകര്യങ്ങള്‍, പുനരധിവാസം തുടങ്ങിയവയൊക്കെ പൂര്‍ണ്ണമായും നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. അവകാശങ്ങള്‍ നിലനിര്‍ത്താന്‍ നിരന്തരമായി സമരരംഗത്ത് ഇറങ്ങേണ്ട ഗതികേടില്‍ പെട്ടവരാണ് ദുരിതബാധിതര്‍.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വീടുവച്ചു നല്‍കാന്‍ 2015ലാണ് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. എന്നാല്‍ പലര്‍ക്കും വീട് നല്‍കാതെ മിക്കവയും നശിച്ചുകൊണ്ടിരിക്കുന്നു. വീടു കിട്ടിയവര്‍ക്കാകട്ടെ മതിയായ രേഖകളും പട്ടയവും നല്‍കിയില്ല. പട്ടയമില്ലാത്തതിനാല്‍ വീടുകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ നല്‍കുന്നില്ല. അതിനാല്‍ റേഷന്‍ ഉള്‍പ്പെടെയുള്ള ഒരു ആനുകൂല്യങ്ങളും ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ല. രേഖകള്‍ ഇല്ലാത്തതിനാല്‍ സ്വയം തൊഴില്‍ കണ്ടെത്താനും കഴിയുന്നില്ല. കുടുംബശ്രീ യൂനിറ്റ് പോലും സ്ഥാപിക്കാന്‍ പറ്റാത്ത അവസ്ഥ. സന്നദ്ധ സംഘടനകള്‍ നിര്‍മിച്ചുനല്‍കുന്ന വീടുകള്‍ പോലും ജില്ലാ ഭരണാധികാരികള്‍ ഓരോ കാരണം നിരത്തി ഇരകള്‍ക്ക് നല്‍കാതിരിക്കുകയാണ്.എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസം അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ ഉദ്ദേശിച്ച് സംഘടിപ്പിച്ചതായിരുന്നു റെമഡിയേഷന്‍ സെല്‍. ഇതിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷമായി.
ദുരിതബാധിതരുടെ പട്ടിക:എങ്ങനെയാണ് ദുരിതബാധിതരെ കണ്ടെത്തി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ?
2010 ല്‍ ആണ് ആദ്യ മെഡിക്കല്‍ ക്യാമ്പ് നടന്നത്.ആദ്യം ക്യാമ്പിന് രജിസ്റ്റര്‍ ചെയ്യണം.ഇരുപതിനായിരത്തോളം പേരാണ് അന്നത്തെ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍നിന്ന് 4182 പേരെയാണ് ആ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്. അങ്ങനെ അര്‍ഹത നേടിയവരെയാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന് ശേഷം ബന്ധപ്പെട്ട ആരോഗ്യവകുപ്പിലെയും കളക്ടറേറ്റിലെയും ഉദ്യോഗസ്ഥര്‍ ആ ലിസ്റ്റില്‍നിന്ന് വീണ്ടും അര്‍ഹരെ കണ്ടെത്തി അന്തിമ ലിസ്റ്റ് തയ്യാറാക്കിയാണ് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. 2011, 2013, 2017 കാലങ്ങളിലും ഈ രീതിയില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വിവിധ മെഡിക്കല്‍ കോളേജുകളിലെ പതിനഞ്ചോളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ പരിശോധന നടത്തി വീണ്ടും ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ അന്തിമ ലിസ്റ്റ് വഴിയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്.അതേസമയം 13 വയസ്സായിട്ടും ട്യൂബിലൂടെ മാത്രം ഭക്ഷണം കഴിക്കുന്ന കുട്ടികള്‍, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഒക്കെ രണ്ടു ക്യാമ്പിലും പങ്കെടുത്തിട്ടും ലിസ്റ്റില്‍ പെടാതെയും ഉണ്ട്. അനര്‍ഹര്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ടെസ്റ്റുകളെ നേരിടുന്നത് പോലെ പോലീസ് ഇന്റലിജന്‍സ് സംവിധാനങ്ങള്‍ വീടുകളിലേക്ക് വരുന്ന സ്ഥിതിയും ഇന്ന് കാസര്‍കോട് ഉണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ കാസര്‍കോട് സന്ദര്‍ശിക്കുകയും 2010 ഡിസംബര്‍ 31 ന് കേരള ഗവണ്‍മെന്റിന് നാല് നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി എട്ട് ആഴ്ചകള്‍കൊണ്ട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് നല്‍കുകയുണ്ടായി.അവയില്‍ പ്രധാനം:മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും പൂര്‍ണ്ണമായും കിടപ്പിലായ രോഗികള്‍ക്കും മാനസിക വളര്‍ച്ചയില്ലാത്താവര്‍ക്കും അഞ്ച്‌ലക്ഷം രൂപ ധനസഹായം നല്‍കണം.സമാനമായ പ്രശ്‌നങ്ങളുള്ള പാലക്കാട് അടക്കമുള്ള പ്രദേശങ്ങളില്‍ സര്‍വേ നടത്തണം.ആശ്വാസ ധനവും പുനരധിവാസ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുകയും അവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.കീടനാശിനി പ്രയോഗം നടത്തിയ കശുമാവിന്‍ തോട്ടങ്ങളുള്ള പതിനൊന്ന് പഞ്ചായത്തുകളിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കമ്മ്യൂണിറ്റി മെഡിക്കല്‍ ഹെല്‍ത്ത് സെന്ററുകള്‍ ആക്കി മാറ്റണം തുടങ്ങിയവ.
മനുഷ്യാവകാശ കമ്മീഷന്‍ന്റെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ ആണ് ഡി വൈ എഫ്. ഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.2017 ജനുവരി 10നാണ് സുപ്രീംകോടതി വിധി വരുന്നത്. ആ വിധിയില്‍ അസന്നിഗ്ദ്ധമായി പറയുന്നത് ദുരിതബാധിതരായ മുഴുവന്‍ പേര്‍ക്കും അതായത് ലിസ്റ്റിലുള്ള 6727 പേര്‍ക്കും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ്. മൂന്നു മാസത്തിനുള്ളില്‍ തുക കൊടുത്തിരിക്കണം എന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
വിധി നടപ്പിലാക്കാത്ത സാഹചര്യത്തില്‍ നാല് ദുരിതബാധിതരുടെ അമ്മമാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സക്കും പെന്‍ഷനും അര്‍ഹതയുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം തള്ളുകയും ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ചികിത്സയും പെന്‍ഷനും വാങ്ങുന്ന എല്ലാവര്‍ക്കും 2017 ജനുവരി 10ലെ വിധിപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് 2019 ജൂലൈ 3 ന് വീണ്ടും വിധി പുറപ്പെടുവിക്കുകയും ചെയ്തു.
വീണ്ടും വീണ്ടും സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല.പട്ടികയില്‍ ഉള്‍പ്പെട്ട 6727 പേരാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായിട്ടുള്ളത്. 1446 പേര്‍ക്ക് 5 ലക്ഷവും 1,568 പേര്‍ക്ക് മൂന്നു ലക്ഷം രൂപയും കിട്ടിയിട്ടുണ്ട്. 3713 പേര്‍ക്ക് ഒരു രൂപപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. 1,568 പേര്‍ക്ക് രണ്ട് ലക്ഷം രൂപ കൂടി കിട്ടാനുണ്ട്. 2017 ലെ മെഡിക്കല്‍ ക്യാമ്പുകളിലൂടെ കണ്ടെത്തിയ 18 വയസ്സില്‍ താഴെയുള്ള അതായത് വിഷമടി നിര്‍ത്തിയ ശേഷവും രോഗബാധിതരായി ജനിച്ച 517 കുട്ടികള്‍ ഉണ്ട് ലിസ്റ്റില്‍ ഇപ്പോള്‍ . എന്നാല്‍ 2011ലെ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരടക്കമുള്ള 600 കുട്ടികളുടെ ലിസ്റ്റ് പുറത്തുവരാന്‍ ഉണ്ട് . 2019 ലെ ക്യാമ്പിലെ ലിസ്റ്റ് പുറത്തുവന്നിട്ടില്ല. മെഡിക്കല്‍ക്യാമ്പ് വഴി ലിസ്റ്റില്‍ പെട്ടാല്‍ മാത്രമേ സൗജന്യചികിത്സയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാറുള്ളു.
ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും ആജീവനാന്ത സൗജന്യചികിത്സ ലഭിക്കണമെന്നാണ് കോടതി ഉത്തരവ്.നിരന്തര ചികിത്സ ആവശ്യമുള്ളവരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. മാനസിക വെല്ലുവിളി നേരിടുന്നവര്‍ മുപ്പത് വയസ്സായാലും മൂന്നു വയസ്സിന്റെ മാനസിക പക്വതപോലും ഇല്ലാത്തവര്‍, കിടന്നകിടപ്പില്‍ കിടന്നുകൊണ്ട് തന്നെ പതിറ്റാണ്ടുകളോളം കാലമായി ജീവിതം തള്ളി നീക്കുന്നവര്‍ വാക്കുകളില്‍ പറഞ്ഞാല്‍ ഒതുങ്ങുകയില്ല ഈ കുഞ്ഞുങ്ങളുടെ ജീവിതവും കിടന്നകിടപ്പിലാണെങ്കിലും ഈ മക്കള്‍ക്ക് ചുറ്റും മാത്രം കറങ്ങാന്‍ വിധിക്കപ്പെട്ട അമ്മമാരുടെ ജീവിതവും... സൗജന്യ ചികിത്സക്കായി എം.പാനല്‍ ചെയ്ത പതിനേഴോളം ആശുപത്രികള്‍ കാസര്‍കോടും കാസര്‍കോടിന് പുറത്ത് മംഗലാപുരത്തും പരിയാരത്തും. തിരുവനന്തപുരത്തു മൊക്കെയുണ്ട്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് ന്യൂറോളജിസ്റ്റിന്റെ സേവനം. കാസര്‍കോട് ജില്ലയില്‍ നാളിതുവരെ ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമല്ല. അതിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. കാസര്‍കോട് മെഡിക്കല്‍ കോളേജിന് 2013 ല്‍ തറക്കല്ലിട്ടതാണ്. കേരളത്തില്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) പ്രൊപ്പോസലില്‍ കാസര്‍കോടിന്റെ പേരു കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. കാസര്‍കോടിന്റെ ഉള്‍ഗ്രാമങ്ങളില്‍ സൗജന്യ ചികിത്സ തേടിയും ന്യൂറോളജിസ്റ്റിന്റെ സേവനം തേടിയും ജില്ലക്ക് പുറത്തേക്ക് പോകേണ്ടി വരുന്ന അമ്മമാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. രോഗിയെ ഒരു നോക്ക് കാണാതെ പത്തും പതിനഞ്ചും വര്‍ഷം മുമ്പ് എഴുതി കൊടുത്ത മരുന്ന് അതേപടി ആവര്‍ത്തിച്ചു എഴുതിക്കൊടുക്കുന്ന ഡോക്ടര്‍മാരും ഉണ്ട് . ഇന്നിപ്പോള്‍ മംഗലാപുരത്തെ സൗജന്യചികിത്സ തന്നെ നിഷേധിക്കപ്പെടാന്‍ പോകുകയാണ്. അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിദഗ്ധ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന എത്രയോ ജന്മങ്ങള്‍ കാസര്‍കോട് ജില്ലയില്‍ ഇന്നുമുണ്ട്. സൗജന്യ ചികിത്സക്ക് അര്‍ഹതപ്പെട്ട പലരും വിദഗ്ധ ചികിത്സക്കായി കാത്തിരിക്കുമ്പോള്‍ പല സുമനസ്സുകളും സന്നദ്ധ സംഘടനകളും അവരുടെ സഹായത്തിന് എത്തുന്നത് ആശ്വാസകരമാണ്. പക്ഷേ ആയിരങ്ങള്‍ നൊന്തുപെറ്റ ജീവനെ മരണത്തിന് വിട്ടുകൊടുക്കാന്‍ വിധിക്കപ്പെട്ട് കഴിയുന്ന കാഴ്ച അധികാരികളുടെ കണ്ണില്‍ പെടാത്തത് എന്തുകൊണ്ടായിരിക്കും!
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. പഞ്ചായത്തുകളില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ മറ്റു ആശുപത്രികളില്‍നിന്ന് എഴുതിയ ചില മരുന്നുകള്‍ സൗജന്യമായി ലഭിക്കാറുണ്ട്. അതുപോലെ അവിടെ ലഭിക്കുന്ന ഡോക്ടര്‍മാരുടെ സേവനം നാഡീ സംബന്ധമായ രോഗങ്ങളും ജനിതക രോഗങ്ങളും വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗങ്ങളും ഒക്കെ ഉള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്നതുമല്ല. പത്തു പതിനഞ്ച് വര്‍ഷം മുമ്പ് പരിശോധന നടത്തി ഡോക്ടര്‍മാര്‍ കുറിച്ചുകൊടുത്തമരുന്നുകള്‍ രോഗിയെ പരിശോധിക്കുക പോലും ചെയ്യാതെ ആവര്‍ത്തിക്കുന്ന സ്ഥിതിയുമുണ്ട്. അജാനൂര്‍ ഒഴികെ പത്ത് പഞ്ചായത്തുകളിലാണ് ആംബുലന്‍സ് കിട്ടിയത്. അവ രോഗികള്‍ക്ക് പ്രയോജനപ്പെടാത്ത വിധം ഒന്നുകില്‍ കട്ടപ്പുറത്ത് ആയിരിക്കും അല്ലെങ്കില്‍ പലവിധ സാങ്കേതികത്വങ്ങളില്‍ കുരുങ്ങിയും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണവും രോഗികള്‍ക്ക് പ്രയോജനപ്പെടാതിരിക്കുകയും ചെയ്യും. വളരെ നല്ല രീതിയില്‍ സേവനം ചെയ്യുന്ന ആംബുലന്‍സുകളും ഉണ്ടെന്നത് മറക്കുന്നില്ല. കൃത്യസമയത്ത് ആംബുലന്‍സ് കിട്ടാത്തതുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ മരിച്ചുപോയ കുട്ടികളും ഞങ്ങള്‍ക്കിടയിലുണ്ട്. സൗജന്യ ചികിത്സക്ക് അര്‍ഹരായവര്‍ കാഞ്ഞങ്ങാട് ഡി.പി.എം ഓഫീസില്‍ നിന്നുള്ള കത്തുമായി വേണം മംഗലാപുരത്തും തിരുവനന്തപുരത്തുമൊക്കെയുള്ള ആശുപത്രികളില്‍ പോകാന്‍.
എന്‍മകജെയിലുള്ള ഒരാള്‍ക്ക് കാഞ്ഞങ്ങാട് എത്താന്‍ നാലോ അഞ്ചോ മണിക്കൂറുകള്‍ യാത്ര ചെയ്യണം. തിരിച്ചും. ഈ കത്തുകള്‍ പഞ്ചായത്തുകള്‍ വഴി ലഭ്യമാക്കുകയാണെങ്കില്‍ അവര്‍ക്ക് കിട്ടുന്ന ആശ്വാസം വളരെ വലുതായിരിക്കും. അതുപോലെ സൗജന്യചികിത്സ ലഭ്യമാകുന്ന ആശുപത്രികളില്‍ കിട്ടാത്ത ചികിത്സകള്‍ക്ക് പണം കണ്ടെത്താനാവാതെ, മക്കളുടെ ചികിത്സ തന്നെ വേണ്ടെന്നുവെച്ച മാതാപിതാക്കളുടെ വേദന കാണാന്‍ ആരുണ്ട്! സുപ്രീംകോടതി വിധിപ്രകാരം ആവശ്യമായ ചികിത്സ ഏത് ആശുപത്രിയിലായാലും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേ ?
എന്‍മകജെ പഞ്ചായത്തില്‍ നബാര്‍ഡിന്റെ ഒന്നര കോടി രൂപ ആറുവര്‍ഷം മുമ്പ് ബഡ്‌സ് സ്‌കൂളിന് അനുവദിച്ചിട്ടും ഇപ്പോഴും ആസ്ബസ്റ്റോസ് ഷീറ്റിനടിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെ കള്ളാര്‍, കുംബടാജെ, ബെള്ളൂര്‍, പഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂളുകളുടെ പണി പൂര്‍ത്തിയായിട്ടില്ല. അജാനൂര്‍, പനത്തടി പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. വളരെ നന്നായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളുള്ളത് പുല്ലൂര്‍-പെരിയ പഞ്ചായത്തിലാണ്. അതായത് സ്‌കൂളുകള്‍ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി,സ്‌പെഷ്യല്‍ എഡ്യൂക്കേഷന് വേണ്ടിയുള്ള മറ്റു സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ ചേര്‍ന്നതായിരിക്കണം. കയ്യൂര്‍-ചീമേനി, മൂളിയാര്‍, കാറുഡുക്ക പഞ്ചായത്തുകളിലും അസൗകര്യങ്ങള്‍ക്ക് നടുവില്‍ ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2014 ഡിസംബര്‍ എട്ടാം തീയതി ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ ആരംഭിച്ച സ്ഥാപനമാണ് സ്‌നേഹവീട്. തുടങ്ങുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത് രണ്ടോ മൂന്നോ കുട്ടികള്‍ക്കെങ്കിലും മാനസികോല്ലാസം ലഭിക്കുന്ന, അവരുടെ രക്ഷിതാക്കള്‍ക്ക് ഏല്‍പ്പിച്ചു പോകാന്‍ കഴിയുന്ന സുരക്ഷിതമായ ഒരിടം എന്നതായിരുന്നു. ബഡ്‌സ് സ്‌കൂളില്‍ പല കാരണങ്ങളാല്‍ എത്തിപ്പെടാന്‍ കഴിയാത്ത , അതായത് വീടിന്റെ നാല് ചുമരുകളില്‍ ഒതുങ്ങിപ്പോയ ചില കുട്ടികളുടെ രക്ഷിതാക്കള്‍, 'ജീവിതം മടുത്തു, ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും ആലോചിച്ചു പോകുന്നു' എന്ന് നിരന്തരം പറയുന്നത്, പ്രത്യേകിച്ചും വീടിനകത്തു അടക്കപ്പെട്ടതുകൊണ്ടു തന്നെ അക്രമ പ്രവണത കാണിക്കുന്ന കുട്ടികളുടെ അമ്മമാര്‍ പറയുന്നത് ഇത്തരമൊരു ആലോചനയ്ക്ക് കാരണമായി. അഡ്വക്കേറ്റ് ടി വി രാജേന്ദ്രന്‍ പ്രസിഡന്റും അഡ്വക്കേറ്റ് പീതാംബരന്‍ സെക്രട്ടറിയുമായി 'സ്‌നേഹം' ട്രസ്റ്റ് രൂപീകരിച്ചു. സ്‌നേഹവീട് ആരംഭിച്ചു. സിനിമ സംവിധായകന്‍ ഡോക്ടര്‍ ബിജു, അംബികാസുതന്‍ മാങ്ങാട്, കാസര്‍കോട് തന്നെയുള്ള പ്രവാസിയായ ഫൈസല്‍ തുടങ്ങിയവരുടെ സാമ്പത്തിക സഹായം തുടക്കത്തില്‍ ഉണ്ടായി. പിന്നീട് നടന്‍ കുഞ്ചാക്കോബോബന്‍ കോടീശ്വരന്‍ പരിപാടിയില്‍ നിന്നും കിട്ടിയ നാലര ലക്ഷം രൂപ സ്‌നേഹ വീടിന്റെ പ്രവര്‍ത്തനത്തിന് സംഭാവനയായി തന്നു .ഇ3 സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ് ലണ്ടനില്‍ നടത്തിയ മത്സരത്തില്‍ നിന്ന് കിട്ടിയ നാലരലക്ഷം മറ്റു സുമനസ്സുകള്‍ നല്‍കിയ സംഭാവനകള്‍ ഒക്കെ സ്‌നേഹ വീടിന്റെ പ്രാരംഭ വളര്‍ച്ചക്ക് ഉപകരിച്ചു. പിന്നീട് സുരേഷ് ഗോപിയുടെ ഇടപെടല്‍ ഉണ്ടായി. മറിയാമ്മ വര്‍ക്കി എന്ന വ്യവസായി 25 ലക്ഷം രൂപയും സ്‌നേഹ വീടിന് നല്‍കി. കസ്തൂര്‍ബാ മഹിളാസമാജം പത്ത് സെന്റ് സ്ഥലം സൗജന്യമായിത്തന്നെ തന്നു. ആ സ്ഥലത്താണ് ഇന്ന് സ്‌നേഹവീട് നില്‍ക്കുന്നത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചുതന്ന എട്ടാമത്തെ ഭവനമാണ് ഈ സ്‌നേഹവീട്.
2018 ല്‍ സ്‌നേഹവീട് സന്ദര്‍ശിച്ച ദയാബായിയുടെ ഇടപെടലിന്റെ ഫലമായി തണല്‍ വടകരയുടെ സ്ഥാപകന്‍ ഡോക്ടര്‍ ഇദ്രീസ് സ്‌നേഹവീട്ടില്‍ വരികയും വിവിധതരം തെറാപ്പികള്‍ സൗജന്യമായി നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, വൊക്കേഷണന്‍ ട്രെയിനിങ്, ഒക്യുപേഷന്‍ തെറാപ്പി, ബിഹേവിയര്‍തെറാപ്പി, എന്നിവയൊക്കെ സൗജന്യമായി ഇപ്പോള്‍ നല്‍കുന്നുണ്ട്. ഒരു വയസ്സു മുതല്‍ ഉള്ള കുട്ടികള്‍ അവിടെ വരുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത അന്‍പത് കുട്ടികള്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാണ്. കുട്ടികളുടേയും രക്ഷിതാക്കളുടേയും മാനസിക സന്തോഷം നമുക്ക് അവിടെ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. പരസ്പരം സങ്കടങ്ങള്‍ പങ്കുവെക്കാനുള്ള ഒരു ഇടമാണ് അമ്മമാര്‍ക്ക് സ്‌നേഹവീട്. തങ്ങളേക്കാള്‍ പ്രയാസം അനുഭവിക്കുന്നവരും ഈ ഭൂമിയില്‍ ഉണ്ട് എന്ന തിരിച്ചറിവ് മാനസികസംഘര്‍ഷം കുറക്കാന്‍ സഹായിക്കുന്നുണ്ട്. 'എന്റെ കാലശേഷം എന്റെ കുഞ്ഞിന് ആരുണ്ട്' എന്ന ചോദ്യവുമായി ജീവിക്കുന്ന അമ്മമാര്‍ കാസര്‍കോടിന്റെ വലിയൊരു വേദനയാണ്. ശാസ്ത്രീയ രീതിയിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കേണ്ടതുണ്ട്. 2020 മാര്‍ച്ച് 14 ന് വുളിയാര്‍ പഞ്ചായത്തില്‍ സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ തറക്കല്ലിടല്‍ നടന്നിട്ടുണ്ട്. മക്കളില്‍ നിന്ന് അമ്മമാരെ വേര്‍പെടുത്തിക്കൊണ്ടല്ല, ആര്‍ക്കൊപ്പമാണ് അവരെ പുനരധിവസിപ്പിക്കേണ്ടത്. കരിപിടിച്ച ജീവിതങ്ങളിലേക്ക് പ്രകാശപൂരിതമായ ഒരു പ്രതീക്ഷ മാത്രമാണ് ഞങ്ങളെ ഇന്നും മുന്നോട്ടു നയിക്കുന്നത്. ഭിന്നശേഷി സൗഹൃദ മല്ലാത്ത വീടുകളില്‍ താമസിക്കുമ്പോള്‍ അക്രമവാസന പ്രകടിപ്പിക്കുന്ന മക്കളുള്ളവര്‍, ചികിത്സക്കായി കിടപ്പാടം പോലും വിറ്റവര്‍ , ലഭിച്ച വീട്ടില്‍ നിന്നും കുടിയിറക്കിയ വര്‍, താക്കോല്‍ദാനം വരെ എത്തിയിട്ടും വീട് നഷ്ടപ്പെട്ടവര്‍... ഇങ്ങനെ വീടിനു വേണ്ടി കാത്തിരിക്കുന്ന നിരവധി ദുരിതബാധിതര്‍ ഉള്ളപ്പോഴാണ് ഈ അനാസ്ഥ .
എന്‍ഡോസള്‍ഫാന്‍ നിരോധനം വന്ന 2000 ഒക്ടോബറിനുശേഷം എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ടില്ല. ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ജനിക്കുന്നതായിട്ടാണ് വാര്‍ത്തകളില്‍ കാണുന്നത് അതിന്റെ പ്രധാന കാരണം,ഐ.സി.എം.ആര്‍ന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് 2002 ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെ POP ഇനത്തില്‍പ്പെട്ട എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്‌പ്രേ നിരവധി തലമുറകള്‍ക്ക് ജനിതകവൈകല്യം സൃഷ്ടിക്കാവുന്ന സാഹചര്യം സൂചിപ്പിച്ചിരുന്നു. തലമുറകളെ ബാധിക്കുന്നത് കൊണ്ടാണല്ലോ 2017 ലെ മെഡിക്കല്‍ ക്യാമ്പില്‍ 18 വയസ്സില്‍ താഴെയുള്ള 517 പേരെ കണ്ടെത്തി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 2020 ജൂലൈ 19 ന് കുംബഡാജെ പഞ്ചായത്തില്‍ ഹര്‍ഷിദ് ജനിച്ചത് തല വളരുന്ന രോഗവുമായിട്ടാണ്. ഇതേ രോഗവുമായി ജനിച്ച നവജിത്ത്, അമേയ; ജനിതക തകരാറുകളുമായി ജനിച്ചു കൊണ്ടിരിക്കുന്ന നിരവധി കുഞ്ഞുങ്ങള്‍ NIOHന്റെ റിപ്പോര്‍ട്ട് ശരിയാണെന്ന് നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
(തുടരും ....)
Comments