Foto

വയനാട് ദുരന്തം : കേരള കത്തോലിക്കാ സഭയുടെ പുനരധിവാസ പ്രവർത്തനങ്ങളോട് ചേർന്നു കോട്ടയം അതിരൂപതയും


വയനാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കു സുസ്ഥിര പുനരധിവാസം സാധ്യമാക്കുവാനുള്ള കേരള കത്തോലിക്കാസഭയുടെ  പ്രവർത്തനങ്ങളിൽ കോട്ടയം അതിരൂപതയും ചേർന്നു പ്രവർത്തിക്കും. ഇതുസംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സർക്കുലറിലൂടെ അതിരൂപതയിൽ അറിയിച്ചു. ദുരിത ബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേരള കത്തോലിക്കാ മെത്രാൻ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള  കെ.സി.ബി.സിയുടെ ജസ്റ്റീസ് പീസ് & ഡെവലപ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ കോട്ടയം അതിരൂപതയുടെ മലബാർ മേഖലയിലെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയും പങ്കാളിയാകും.
കോട്ടയം അതിരൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും ഓഗസ്റ്റ് 4 പ്രകൃതി ദുരന്തത്തിലകപ്പെട്ടവർക്കുവേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കും. കൂടാതെ അതിരൂപതയിലെ സന്ന്യാസ-സമർപ്പിത സമൂഹങ്ങൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങി  എല്ലാ പ്രസ്ഥാനങ്ങളിൽ നിന്നും ധനസമാഹരണം നടത്തി പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന് കൈമാറുമെന്ന് കോട്ടയം അതിരൂപതാ സോഷ്യൽ ആക്ഷൻ കമ്മീഷൻ ചെയർമാൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.

Comments

leave a reply

Related News