ശ്രീ എളമരം കരിം പ്രസംഗിച്ചത് കേട്ടു. വഴിയില്‍ തടഞ്ഞതും ടയറിന്റ കാറ്റ് ഊരി വിടുന്നതും യാത്രക്കാരന്റ മുഖത്തടിക്കുന്നതും കുടുംബങ്ങളെ തെരുവില്‍ ഇറക്കി വിടുന്നതും തെറി പറയുന്നതും മാന്തുകയും പിച്ചുകയും പോലെ ലളിതമല്ല.
ഒരു മാസം മുന്‍പ് നിങ്ങള്‍ ഒരാളോട് റോഡില്‍ ഇറങ്ങരുതെന്നു പറയുകയും അയാള്‍ ഒരാവശ്യത്തിന് പുറത്തിറങ്ങുകയും ചെയ്താല്‍ അയാളെ തെരുവില്‍ നേരിടാന്‍ ആരാണ് അധികാരം തന്നത്.?
സാധാരണക്കാരായ സംഘടിതര്‍ അല്ലാത്തവരെ കായികമായി നേരിടുന്നതും വളരെ ലാഘവത്തോടെ അത്തരം ക്രൂരതകളെ എതിര്‍ത്തവരെ പരിഹസിക്കുന്നതും കേട്ടു. ഒരു ഉത്തരവാദിത്തം ഉള്ള പൊതു പ്രവര്‍ത്തകന്‍ പറയേണ്ട വാക്കുകള്‍ ആയിരുന്നില്ല അത്.
വിനു എന്ന മാധ്യമ പ്രവര്‍ത്തകന്‍ അതു ചോദ്യം ചെയ്യാന്‍ പറഞ്ഞത് ആക്ഷേപിച്ച നേതാവിന്റെ കുടുംബത്തിനു സമാനമായ അവസ്ഥ വന്നാല്‍ ഇങ്ങനെ ആയിരിക്കുമോ അദ്ദേഹത്തിന്റെ പ്രതികരണം എന്നാണ്. ഇനിയാണ് രസം അതു ചാനല്‍ വാര്‍ത്ത കാണുന്നവരോട് തന്റെ കുടുംബത്തെ ആക്രമിക്കാനുള്ള ആഹ്വാനം ആണത്രേ. അതു വളരെ ബാലിശമായി പോയി എന്ന് തോന്നി.
പിന്നെ പതിവായി കേള്‍ക്കുന്ന ഒന്നാണ് ഇത്തരം സമരങ്ങള്‍ സ്വാതന്ത്ര്യം നേടാന്‍ നടത്തിയ സമരങ്ങള്‍ക്ക് സമാനമാണെന്ന ന്യായീകരണം. സ്വാതന്ത്ര്യം നേടാന്‍ ബ്രിട്ടീഷ് അധികാരികളോടാണ് സമരം ചെയ്തത്, അല്ലാതെ അന്നന്നത്തെ അപ്പം കണ്ടെത്താന്‍ തെരുവിലൂടെ നീങ്ങുന്ന സാധാരക്കാരന്റ കരണത്തടിച്ചല്ല.ഓട്ടോയില്‍ ആശുപത്രിയില്‍ പോകുന്നു രോഗികളോട് ധാര്‍ഷ്ട്യം കാണിച്ചിട്ടില്ല. ഗാന്ധിജി സമരം ചെയ്തത് പാട്ടേലിന്റയും നെഹ്റുവിന്റെയും വീട്ടിലേക്കല്ല.
സമരം വേണം.പക്ഷെ അതു എല്ലാ ദുരന്തങ്ങളുടെയും ഫലം അനുഭവിക്കുന്ന ശരാശരി പൗരന്മാരോട് വേണോ?
സമരം രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രം ആയുധമായി ഇപ്പോള്‍ പരിമിതപ്പെട്ടു, പക്ഷെ അതിന് വിശാലമായ അര്‍ത്ഥമുണ്ട്.
വലിയ ആള്‍ക്കൂട്ടത്തിനും സംഘടിത ശക്തിയുള്ളവര്‍ക്കും മാത്രമാണോ ജനാധിപത്യ അവകാശവും പൗരവകാശവും ഉള്ളത്?
ഒരു ശതമാനം ഉള്ള ആദിവാസിയുടെ അവകാശത്തിന് ആര് സമരം ചെയ്യും? കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ എത്ര ഉണ്ട്? അവര്‍ക്കു എത്ര വോട്ട് ഷെയര്‍ ഉണ്ടാകും?
നമ്മള്‍ ഏതെങ്കിലും ഒരു പ്രബല രാഷ്ട്രീയ പാര്‍ട്ടിയുടെ മാനസിക നിലയില്‍ മാത്രം ജനാധിപത്യ ജീവിതത്തെ പരിമിതപ്പെടുത്തിയാല്‍ ഭൂരിപക്ഷം ചെയ്യുന്നതെല്ലാം ശരികളാകും. ഒറ്റപ്പെട്ട മനുഷ്യന്റെ വിലാപം അവശബ്ദം ആയി അടയാളപ്പെടുത്തും. അവിടെയാണ് ശ്രീ എളമരം ഉയര്‍ത്തിയ ആശയം ചോദ്യം ചെയ്യപ്പെടേണ്ടത്. അതു അദ്ദേഹത്തോടുള്ള വ്യക്തിപരമായ ഇഷ്ടക്കേടല്ല, മുഖ്യധാര പാര്‍ട്ടികള്‍ ജനാധിപത്യത്തെ എവിടെ എത്തിച്ചു എന്ന ചിന്തയാണ്.
ദുര്‍ബലര്‍ക്കും അസംഘിടതര്‍ക്കും രോഗികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ആദിവാസികള്‍ക്കും,കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കും.ഇന്നത്തെ പാര്‍ട്ടി രാഷ്ട്രീയത്തില്‍ എന്ത് വിലയാണുള്ളത്? ഏതു തരം നീതി ആണുള്ളത്?
ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍
ചീഫ് എഡിറ്റര്‍ കെസിബിസി ന്യൂസ്.കോം
സെക്രട്ടറി,കെസിബിസി മീഡിയ കമ്മീഷന്‍
Comments