Foto

നിങ്ങളുടെ വികസനമാണ് ഞങ്ങളെ ഇല്ലാതാക്കിയത് - എന്‍ഡോസള്‍ഫാന്‍:പറഞ്ഞതും പറയാത്തതും -അന്വേഷണ പരമ്പര-3


ജോബി ബേബി,

ലോകത്തിലെ ഏറ്റവും സങ്കടകരമായ കാര്യമായി ഞാന്‍ കരുതുന്നത് അമ്മയും അച്ഛനും ജീവിച്ചിരിക്കെ മക്കള്‍ മരിച്ചു പോവുന്ന കാര്യമാണ്. അതിനോളം വേദന മറ്റെന്തിനെങ്കിലുമുണ്ടെന്ന് കരുതുന്നില്ല.പത്തുമാസം ചുമന്ന് പ്രസവിച്ച്, കണ്ണെഴുതി, പൊട്ട് തൊട്ട്, അവരുടെ ചിരിയും കരച്ചിലും കണ്ട് വല്ലാത്തൊരു അനുഭൂതിയോടെ കൂടെ നടന്ന് വളര്‍ന്ന് ഒരു ദിവസം നമുക്ക് മുന്‍പേ ഈ ലോകത്ത് നിന്ന് മക്കള്‍ പോവുകയെന്നത് നമുക്കുണ്ടാക്കുന്ന മുറിവ് ചെറുതൊന്നുമല്ല. പക്ഷേ എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്ന കാസറഗോഡ് ഗ്രാമങ്ങളിലെ രക്ഷിതാക്കള്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നത് ഞങ്ങള്‍ക്ക് മുന്‍പേ ഈ മക്കള്‍ ഈ ലോകത്ത് നിന്ന് വിട പറഞ്ഞു പോവണേ എന്നാണ്.പല അമ്മമാരില്‍നിന്നും അടക്കി പിടിച്ചൊരേങ്ങലായി ഈ വാക്കുകള്‍ പലവട്ടം കേട്ടിട്ടുണ്ട്. സ്വന്തം ശരീരത്തിന്റെ ഭാഗമായ ജീവന്‍ ഇല്ലാതാവാന്‍ പ്രാര്‍ത്ഥിക്കുന്ന അമ്മമാരുടെ നാടാണ് കാസര്‍ഗോഡ് ഗ്രാമങ്ങള്‍.

കുഞ്ഞുങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ്.ഓരോ മാതാപിതാക്കളുടേയും പ്രതീക്ഷയാണ് അവരുടെ കുട്ടികള്‍.എല്ലാവരും സ്വന്തം മക്കളില്‍ കാണുന്ന സ്വപ്നങ്ങള്‍ പോലെ കാസര്‍ഗോഡിലെ മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നു സ്വപ്നങ്ങള്‍.പക്ഷെ അവരുടെ സ്വപ്നങ്ങള്‍ 88ന് ശേഷം എന്‍ഡോസള്‍ഫാന്‍ തളിച്ചതോടുകൂടി കരിഞ്ഞുപോയി.ഇവിടെ ഇങ്ങ് വടക്ക് കാസര്‍ഗോഡ് കുറെ പേര്‍ തങ്ങുളുടെ കുട്ടികള്‍ വലുതായിട്ടും പറക്കമുറ്റാത്തതിനാല്‍ കഷ്ടപ്പെടുകയാണ്.അവരുടെ ഒരേ ഒരു വിഷമം ഞാന്‍ ഇല്ലാതാവും മുമ്പ് എന്റെ ഈ കുട്ടി ഭൂമിയില്‍ നിന്ന് ഇല്ലാതാവണം എന്നാണ്.അത്രയും തീവ്രമാണിവിടത്തെ അവസ്ഥ.കൊറോണ എന്നമഹാമാരി വന്ന് എല്ലാം അടച്ചിട്ടപ്പോള്‍ ഇങ്ങ് മംഗലാപുരവും കാസര്‍ഗോഡുകാരുടെ മുമ്പില്‍ അടഞ്ഞു.അങ്ങനെ ആയപ്പോള്‍ പൊലിഞ്ഞില്ലാതായത് ഇരുപത്തിരണ്ടോളം കുരുന്ന്ജീവനുകളായിരുന്നു.
ഒരുപാട് കടമ്പകള്‍ കടന്നു വേണം എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ കുട്ടിയെ ഒന്നുള്‍പ്പെടുത്തി കിട്ടാന്‍.ക്യാമ്പിലെ പരിശോധന വെച്ച് ഡോക്ടര്‍മാരുടെ അപ്പഴത്തെ മാനസികാവസ്ഥയില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കഴിഞ്ഞാല്‍ ഇരകളുടെ ഭാഗ്യം.ആ കടമ്പ കടന്നാല്‍ തന്നെ സൗജന്യചികിത്സക്കു വേണ്ടി ഹോസ്പിറ്റലുകാരുടെ അവഹേളനം സഹിക്കേണ്ടിവരും.ചികിത്സ സൗജന്യമാക്കിക്കിട്ടാന്‍ കാഞ്ഞങ്ങാട് D.P.Mന്റെ കത്ത് വേണം കുട്ടി ലിസ്റ്റില്‍ഉള്‍പ്പെട്ടതാണെന്നും ചികിത്സക്ക് ആനുകൂല്യം നല്‍കണം എന്നും അറിയിക്കാന്‍.

അംഗവൈകല്യമുള്ളവരേയും മാനസിക വളര്‍ച്ചയില്ലാത്തവരേയും പരിചരിക്കാന്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളുടെ മുഴുവന്‍ ശ്രദ്ധയും സമയവും വേണ്ടി വന്നേക്കാം.ഇതോടൊപ്പം പുറത്ത് പോയി ജോലി ചെയ്യേണ്ടി വരുക , വീട്ടിലെ ചിലവുകള്‍ക്കുള്ള പണം കൂടി കണ്ടെത്തുക ഇവയൊക്കെ സ്ത്രീകള്‍ക്ക് അസാധ്യമായി തീരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരായ കുട്ടികളേയും കൊണ്ട് ജോലിയും കൂലിയുമില്ലാതെ, ഭര്‍ത്താവിന്റെ  പിന്തുണയോ സഹായമോ ഇല്ലാതെ കഷ്ടപ്പെടുന്ന പല സ്ത്രീകളെയും നമുക്ക് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ കാണാം. ഈ സ്ത്രീകളില്‍ പലര്‍ക്കുമൊപ്പം കൂട്ടിനുള്ളതും അവരുടെ അമ്മമാരാണ്. പ്രായമാകുന്നതോടെ ഈ അമ്മമാരുടെ കാര്യങ്ങളും സ്ത്രീകള്‍ തന്നെ നോക്കേണ്ടി വരുന്നു. വിവാഹബന്ധം വേണ്ടെന്ന് വെച്ച് പോയ ആണുങ്ങള്‍ തന്നെ അവരുടെ അനാരോഗ്യാവസ്ഥയിലോ പ്രായമാകുന്നതോടെയോ വീടുകളിലേക്ക് തിരിച്ചു വരാന്‍ താല്പര്യപ്പെടുന്നതും കാണാവുന്നതാണ്. വര്‍ഷങ്ങളായി അകന്നിരിക്കുന്നവരെ പ്രായമാകുമ്പോള്‍ നോക്കാനാരെങ്കിലും വേണ്ടേ എന്ന് പറഞ്ഞ് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുമ്പോഴും വാസ്തവത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബാധ്യതകള്‍ മാത്രമാണ് ഉണ്ടാവുന്നത്. ആരോഗ്യാവസ്ഥയില്‍ കുടുംബത്തെ സഹായിക്കാത്ത പുരുഷനെ വാര്‍ദ്ധക്യാവസ്ഥയില്‍ വീട്ടിലേക്ക് കൊണ്ടുവന്ന് അവള്‍ പരിചരിക്കേണ്ടി വരുന്നു. വീടിനു പുറത്തൊരു ലോകമോ മറ്റ് സന്തോഷങ്ങള്‍ക്കുള്ള സാധ്യതയോ ഇല്ലാത്ത സ്ത്രീകള്‍ക്ക്, ശാരീരിക മാനസിക ബുദ്ധിമുട്ടുകളനുഭവിക്കുന്നവരെ നിരന്തരമായി കണ്ടും പരിചരിച്ചും ജീവിക്കേണ്ടി വരുമ്പോള്‍ , മാനസികാരോഗ്യത്തോടെ തുടരുക എന്നതു പോലും ബുദ്ധിമുട്ടാണ്. ആരോഗ്യാവസ്ഥയിലുള്ള സ്ത്രീകള്‍ പോലും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ സ്ഥിരമായി തുടരേണ്ടി വരുമ്പോള്‍ പെട്ടെന്ന് രോഗികളും വൃദ്ധരുമായി മാറുന്നു. അച്ഛന്മാര്‍ സ്വന്തം സുഖം തേടി പോകുമ്പോഴും വിപരീത സാഹചര്യങ്ങളെ നിരന്തരം നേരിട്ട് മക്കള്‍ക്കായി നിലനില്‍ക്കുന്ന ഈ അമ്മമാരുടെ കരുണയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെ ജീവിപ്പിക്കുന്നത്.

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ ആയി മാത്രം നിലനില്‍ക്കുമ്പോള്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത ഇത്തരം ഒരുപാട് ഇരകളുണ്ട് കാസര്‍കോട് മാത്രം.കുട്ടികളെ ഉണ്ടാക്കുക എന്നതിനപ്പുറം ഉണ്ടാകുന്ന കുട്ടികളുടെ വൈകല്യങ്ങളോ,കുറവുകളോ അംഗീകരിക്കാന്‍ കഴിയാത്ത ചില പുരുഷന്മാരുടെ ഇടം കൂടിയാണ് കാസര്‍ഗോഡ്. ജീവിതത്തിന്റെ ഏറ്റവും നല്ല സമയങ്ങളില്‍ ഒക്കെയും തനിച്ചായി പോവുകയും താങ്ങാന്‍ കഴിയുന്നതിലും എത്രയോ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്ന സ്ത്രീകളുടെ കൂടി ഇടമാണ് കാസര്‍ഗോഡ്. 2000 ല്‍ നിരോധിച്ച എന്റോസള്‍ഫാന്റെ പാര്‍ശ്വഫലങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഏറ്റുവാങ്ങി കൊണ്ട് ജനിക്കുന്ന ഒരു തെറ്റും ചെയ്യാത്ത കുട്ടികളുടെ നാട് കൂടിയാണ് കാസര്‍ഗോഡ്.വേദനകളുടെ രോഗത്തിന്റെ  നിസ്സഹായതയുടെ ചൂഷണത്തിന്റെ മുഖമുള്ള ഒരു നാട്  കാസര്‍ഗോഡ്.

(അവസാനിച്ചു)

Comments

leave a reply