Foto

നിങ്ങളുടെ നന്‍മയെ കേവലമൊരു ഫോട്ടോഷൂട്ടിലൂടെ തകര്‍ക്കാനാവില്ല

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

ഈയടുത്ത നാളുകളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് സന്യസ്തരെ തെരഞ്ഞുപിടിച്ച് അവഹേളിക്കുന്ന, അതിലുപരി പൊതു സമൂഹത്തില്‍ ഇകഴ്ത്തുന്ന ശ്രമങ്ങള്‍ കൂടി വരുന്നതായി കാണുന്നു. ഈ ശ്രേണിയില്‍ അവസാനത്തേതാണ്, കന്യാസ്ത്രീ വേഷത്തില്‍ രണ്ടു സ്ത്രീകള്‍ പൊതുയിടത്തില്‍ നടത്തിയ 
ഫോട്ടോ ഷൂട്ട്. പ്രണയാര്‍ദ്രതയോടെയും ലൈംഗിക ചുവയോടെയും ചിത്രീകരിച്ചിട്ടുളള ഈ പടമെടുപ്പിന്റെ ഉദ്ദേശ്യശുദ്ധി അതിനാല്‍ തന്നെ വ്യക്തം.

സ്ത്രീത്വത്തെയും ക്രൈസ്തവ വിശ്വാസത്തെയും, അതിലുപരി അവര്‍ തെരഞ്ഞെടുത്ത സന്യാസ ജീവിതാന്തസിനെയും ഇത്തരത്തിലുള്ള ആഖ്യാനത്തിലൂടെ അപമാനിക്കാനുള്ള ശ്രമത്തിനു പുറകിലുള്ള ആസൂത്രണത്തെ കാണാതെ പോകരുത്. പക്ഷേ ആ ആസൂത്രണത്തിനപ്പുറമുള്ള ഒരു കരുതലും പ്രവചനവും ക്രിസ്തുവും സഭയും അവര്‍ക്ക് കനിഞ്ഞു നല്‍കിയിട്ടുണ്ട്. 

സമര്‍പ്പിതരെ പറ്റി ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പറഞ്ഞത് എത്രയോ അര്‍ത്ഥവത്താണ് ,
'സമര്‍പ്പിത ജീവിതം അര്‍ത്ഥമാക്കുന്നത് അവിഭക്ത ഹൃദയത്തോടെ യേശു ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴത്തിലെ വേരുകളിലേക്ക് ഇറങ്ങുകയെന്നതും ഈ സ്‌നേഹത്തിന് ഉപരിയായി മറ്റൊരു സ്‌നേഹവും വെക്കാതിരിക്കുന്നതുമാണ്. അവര്‍ (സമര്‍പ്പിതര്‍) ലോകത്തെ ഉണര്‍ത്താന്‍ കഴിയുന്ന പുരുഷന്മാരും സ്ത്രീകളുമാണ്. സമര്‍പ്പിത ജീവിതം തന്നെ ഒരു പ്രവചനമാണ്.'അക്കാരണംകൊണ്ടു തന്നെയാണ്, സഹസ്രാബ്ദങ്ങളുടെ വെല്ലുവിളികളും പ്രതിസന്ധികളും പിന്നിട്ടിട്ടും സഭയും സന്യാസവും ഇപ്പോഴും സൂര്യശോഭയോടെ പ്രകാശം പരത്തുന്നത്. ആ പ്രകാശം കാണാന്‍, പ്രകാശവര്‍ഷ ദൂരമൊന്നും സഞ്ചരിക്കണമെന്നില്ല. നമുക്കു ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതി.

കേരളത്തിന്റെ പ്രിയ എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയമ്മയുടെ 
ചോദ്യങ്ങളും അതിന് അവര്‍ തന്നെ തീര്‍ക്കുന്ന ഉത്തരങ്ങളുടേയും അനുരണനങ്ങള്‍ ഇന്നും നമ്മുടെ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്; 

'മഹാരോഗികള്‍ സേവനം തേടി വിളിക്കുമ്പോള്‍, അവരെ കിടത്തി ശുശ്രൂഷിക്കാനും തേച്ചുകഴുകുവാനും മലമൂത്രങ്ങള്‍ എടുക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും നമുക്ക് ഇടങ്ങളുണ്ടോ? മദര്‍ തെരേസയുടെയും മറ്റും സ്ഥാപനങ്ങളല്ലാതെ .......

മക്കള്‍ തള്ളിക്കളഞ്ഞവരും ദരിദ്രരും അവശരുമായ വൃദ്ധമാതാപിതാക്കള്‍ ഇടംതേടി വരുമ്പോള്‍ എങ്ങോട്ടു പറഞ്ഞയയ്ക്കണം? അച്ചന്മാരുടെ വൃദ്ധമന്ദിരങ്ങളിലേക്കല്ലാതെ?.....

 'ഭ്രാന്തു പിടിച്ചലയുന്ന, വീട്ടില്‍നിന്നും നാട്ടില്‍നിന്നും പുറന്തള്ളപ്പെട്ട, ഭാഗ്യദോഷികളെ നോക്കാന്‍ ആരുണ്ട്? ക്രിസ്തീയസ്ഥാപനങ്ങളല്ലാതെ?.....

'അനാഥരായ കുട്ടികള്‍, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍, മുന്നില്‍ വന്നു കൈനീട്ടുമ്പോള്‍, അവരെ കൈപിടിച്ചേല്പിക്കാന്‍ നമുക്ക് ആവശ്യത്തിനു സ്ഥാപനങ്ങളുണ്ടോ? കൊണ്‍വെന്റുകള്‍ അല്ലാതെ?.......

എയിഡ്സ് രോഗികള്‍ക്കും കുട്ടികള്‍ക്കും ഒരു ശരണ കേന്ദ്രമൊരുക്കാന്‍ നമക്കു കഴിഞ്ഞിട്ടുണ്ടോ? ബിഷപ്തിരുമേനിമാര്‍ക്കും അച്ചന്മാര്‍ക്കുമല്ലാതെ?.....

അംഗവൈകല്യമുള്ള കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും കണ്ണില്ലാത്തവര്‍ക്കുംവേണ്ടിയുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ടോ? ക്രിസ്ത്യാനികള്‍ക്കല്ലാതെ?......

ഈ ചോദ്യങ്ങളുടെ ആധികാരിക മറുപടിയാണ്, ഇവിടെ ജീവിക്കുന്ന സന്യസ്തര്‍ .ഇവിടെ നിങ്ങള്‍ ആക്ഷേപ രൂപത്തിലൂടെ കൈ വെച്ചിരിക്കുന്നത് ഈശോയുടെ പ്രതിരൂപങ്ങളേയാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ ഒരിക്കലും ഭയക്കേണ്ടതില്ല.... ഇരുകൈകളും ഇരുകാലുകളുമായി നിങ്ങള്‍ക്കീ സമൂഹത്തില്‍ സൈ്വര്യമായി ജീവിക്കാം. ഭയലേശമില്ലാതെ നിങ്ങള്‍ക്ക് കേരളത്തിന്റെ നിരത്തുകളിറങ്ങി നടക്കാം. കാരണം, ചെറിയ ക്ലാസ്സുകളില്‍ നിങ്ങളിപ്പോള്‍ ഫോട്ടോ ഷൂട്ട് നടത്തി അപമാനിക്കുന്ന അതേ കന്യാസ്ത്രീകളാണ് , ഞങ്ങള്‍ക്ക് ഈശോയെയും അവിടുത്തെ ക്ഷമയെയും പരിചയപെടുത്തി മനസ്സിലാക്കി തന്നത്. അതുകൊണ്ട് തന്ന ഒന്നു നിങ്ങള്‍ക്കുറപ്പിക്കാം; ഞങ്ങളുടെ പ്രതിഷേധങ്ങളിലും പ്രതികരണങ്ങളിലും അവര്‍ തന്നെ ഞങ്ങളെ പഠിപ്പിച്ച ക്ഷമയുടെ നെല്ലിപ്പലക നിങ്ങള്‍ക്കു കാണാം. അതു പക്ഷേ, ഞങ്ങളുടെ കഴിവുകേടായും പരിമിതിയായും വ്യാഖ്യാനിച്ചുകളയരുത്.

 

Comments

leave a reply

Related News