കൊച്ചി: സീറോ മലബാര്‍ ഫരിദാബാദ് ഡല്‍ഹി രൂപതയുടെ ഇടവകയായ ലാഡോസരായി അന്ധേരിയ മോഡ് ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതില്‍ അതിയായ നടുക്കവും ഖേദവുമറിയിക്കുന്നു. സീറോ മലബാര്‍ ഫരിദാബാദ് ഡല്‍ഹി രൂപതയുടെ ഇടവകയായ ലാഡോസരായി അന്ധേരിയ മോഡ് ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം ജൂലൈ 12-ാം തീയതി രാവിലെ പത്തു മണിയോടുകൂടി ഒരു കൂട്ടം ആളുകള്‍ ബി ഡി ഓ യുടെ പേരില്‍ ജെസിബിയോടുകൂടി പള്ളിയങ്കണത്തില്‍ പ്രവേശിച്ച് ബഹുമാനപ്പെട്ട വികാരിയച്ചനെയും മറ്റ് ഇടവക ജനങ്ങളെയും പുറത്താക്കി പോലീസ് സന്നാഹത്തോടെ ദേവാലയം പൂര്‍ണമായും നശിപ്പിച്ചതായാണ് അറിയുന്നത്.ദേവാലയം ഇരിക്കുന്ന പ്രസ്തുത സ്ഥലം 1982 മുതല്‍ ഒരു വ്യക്തിയുടേതായിരുന്നുവെന്നും ഇടവക അംഗം കൂടിയായിരുന്ന അദ്ദേഹം ഈ സ്ഥലം ദേവാലയം പണിയുന്നതിനുവേണ്ടി ഇഷ്ടദാനമായി നല്കുകയായിരുന്നുവെന്നുമാണ് മനസ്സിലാക്കുന്നത്. ഈ സ്ഥലത്തിന്റെ ആവശ്യമായ എല്ലാ രേഖകളും - വെള്ളക്കരം, വൈദ്യുതി ബില്‍, പ്രോപ്പര്‍ട്ടി ടാക്‌സ് എന്നിവയടക്കം കൃത്യമായി അടച്ചിരുന്നതായും അറിയുന്നു. ആവശ്യമായ എല്ലാ കൈവശാവകാശ രേഖകളും കൃത്യമായി ഉണ്ടായിരുന്ന ഈ ഭൂമിയില്‍ പ്രവേശിച്ച് ദേവാലയം തകര്‍ത്തത് തികച്ചും ദുഃഖകരമായ ഒന്നാണ്. രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചതിനെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് കെസിബിസി ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
Comments